P. O. C ബൈബിള്‍
പഴയ നിയമം
ഹബക്കുക്ക്
അദ്ധ്യായം 2
-
മറുപടി
- Verse 1: ഞാന്‍ എന്റെ കാവല്‍ഗോപുരത്തില്‍ നിലയുറപ്പിക്കും. അവിടുന്ന് എന്നോട് എന്തു പറയുമെന്നും, എന്റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്തു മറുപടി നല്‍്കുമെന്നും അറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു.
- Verse 2: കര്‍ത്താവ് എനിക്ക് ഉത്തരമരുളി: ദര്‍ശനം രേഖപ്പെടുത്തുക. ഓടുന്നവനു പോലും വായിക്കത്തക്കവിധം ഫലകത്തില്‍ വ്യക്തമായി എഴുതുക.
- Verse 3: ദര്‍ശനം അതിന്റെ സമയം പാര്‍ത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല.
- Verse 4: ഹൃദയപരമാര്ത്ഥതയില്ലാത്തവന് പരാജയപ്പെടും. എന്തെന്നാല്‍, നീതിമാന് തന്റെ വിശ്വസ്തതമൂലം ജീവിക്കും.
-
ദുഷ്കര്‍മികള്‍ക്കു ശാപം
- Verse 5: വീഞ്ഞു വഞ്ചന നിറഞ്ഞതാണ്. ഗര്‍വിഷ്ഠന്‍ നിലനില്ക്കുകയില്ല. അവന്റെ അത്യാഗ്രഹം പാതാളംപോലെ വിസ്താരമുളളതാണ്. മൃത്യുവിനെപ്പോലെ അവന് ഒരിക്കലും മതിവരുകയില്ല; ജനതകളെയെല്ലാം അവന് തനിക്കായി ശേഖരിക്കുന്നു. ജനപദങ്ങളെ തന്‍േറ തെന്നപോലെ അവന് പെറുക്കിക്കൂട്ടുന്നു.
- Verse 6: ഇവര്‍ നിന്ദയോടും പരിഹാസത്തോടുംകൂടെ അവനെതിരേ തിരിഞ്ഞ് പറയും: സ്വന്തമല്ലാത്തവ കുന്നുകൂട്ടുന്നവന് എത്രനാളത്തേക്കാണത്; പണയവസ്തുക്കള്‍ വാരിക്കൂട്ടുന്നവന്, ഹാ! ക്ഷടം.
- Verse 7: നിന്റെ കടക്കാര് പാഞ്ഞടുക്കുകയും നിന്നെ ഭയാധീനനാക്കുന്നവര്‍ ഉണരുകയും ചെയ്യുകയില്ലേ? അപ്പോള്‍ നീ അവര്‍ക്കു കൊള്ള വസ്തുവായിത്തീരും.
- Verse 8: നീ അനേക ജനതകളെ കൊള്ളയടിച്ചതിനാല്‍, നീ രക്തം ചൊരിയുകയും ഭൂമിയോടും നഗരങ്ങളോടും അതിലെ നിവാസികളോടും നീ അക്രമം കാണിച്ച തിനാല്‍, ജനപദങ്ങളില്‍ അവശേഷിക്കുന്നവര്‍ നിന്നെ കൊള്ളയടിക്കുകയും ചെയ്യും.
- Verse 9: അനര്‍ഥങ്ങളെത്തിപ്പിടിക്കാതിരിക്കാന്‍ ഉന്നതത്തില് കൂടുകൂട്ടേണ്ടതിന്, തന്റെ കുടുംബത്തിനുവേണ്ടി അന്യായമായി ധനം നേ ടുന്നവനു ഹാ! കഷ്ടം.
- Verse 10: പല ജനതകളെയും നശിപ്പിച്ച് നീ നിന്റെ ഭവനത്തിന് അപമാനം വരുത്തിവച്ചു; നിന്റെ ജീവന് നഷ്ടപ്പെടുത്തി.
- Verse 11: ഭിത്തിയില്‍നിന്നു കല്ലു വിളിച്ചുപറയും; മേല്‍ക്കൂരയില്‍നിന്ന് തുലാം മറുപടി പറയും.
- Verse 12: രക്തംകൊണ്ടു നഗരം പണിയുകയും അകൃത്യംകൊണ്ടു പട്ടണം സ്ഥാപിക്കുകയും ചെയ്യുന്നവന് ഹാ! കഷ്ടം.
- Verse 13: അഗ്നിക്ക് ഇരയാകാന്‍വേണ്ടി മാത്രം ജനങ്ങള്‍ അധ്വാനിക്കുന്നതും വ്യര്‍ഥതയ്ക്കുവേണ്ടി ജനതകള്‍ ബദ്ധപ്പെടുന്നതും സൈന്യങ്ങളുടെ കര്‍ത്താവിന്റെ ഹിതമനുസരിച്ചാണല്ലോ.
- Verse 14: ജലം സമുദ്രത്തെ മൂടുന്നതുപോലെ കര്‍ത്താവിന്റെ മഹത്വത്തെക്കുറിച്ചുള്ള അറിവുകൊണ്ടു ഭൂമി നിറയും.
- Verse 15: അയല്‍ക്കാരുടെ നഗ്നത കാണാന്‍വേണ്ടി അവരെ ക്രോധത്തിന്റെ പാനപാത്രം കുടിപ്പിച്ച് ഉന്മത്തരാക്കുന്നവര്ക്കു ഹാ! കഷ്ടം.
- Verse 16: മഹത്വത്തിനു പകരം വെറുപ്പുകൊണ്ടു നിനക്കു ചെടിപ്പുണ്ടാകും. നീ കുടിക്കുക, മദോന്മത്തനാവുക. കര്‍ത്താവ് തന്റെ വലത്തുകൈയിലെ പാനപാത്രം നിന്റെ നേരേ നീട്ടും, ലജ്ജ നിന്റെ മഹത്വത്തെ മറയ്ക്കും.
- Verse 17: ലബനോനോടു നീ ചെയ്ത അക്രമം നിന്നെ അടിപ്പെടുത്തും. നീ രക്തം ചൊരിയുകയും ഭൂമിയോടും നഗരങ്ങളോടും അതിലെ നിവാസികളോടും അക്രമം കാണിക്കുകയും ചെയ്തതിനാല്‍ വന്യമൃഗങ്ങള്‍ വരുത്തുന്ന നാശം നിന്നെ ഭയവിഹ്വലനാക്കും.
- Verse 18: വിഗ്രഹംകൊണ്ട് എന്തു പ്രയോജനം? ശില്പി തീര്‍ത്ത ലോഹബിംബവും വ്യാജോപദേഷ്ടാവും അല്ലേ അത്? മൂകവിഗ്രഹങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ശില്പി സ്വന്തം കരവിരുതിലാണ് ആശ്രയിക്കുന്നത്.
- Verse 19: തടിക്കഷണത്തോട് ഉണരുക എന്നും മൂകമായ കല്ലിനോട് എഴുന്നേല്ക്കുക എന്നും പറയുന്നവനു ഹാ! കഷ്ടം. അതിനു വെളിപാടു നല്കുവാന് കഴിയുമോ? സ്വര്‍ണവും വെള്ളിയുംകൊണ്ടു പൊതിയപ്പെട്ടിരിക്കുന്നുവെങ്കിലും അതിനുള്ളില്‍ ജീവശ്വാസം ഇല്ല.
- Verse 20: എന്നാല്‍, കര്‍ത്താവ് തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്. ഭൂമി മുഴുവന്‍ അവിടുത്തെ മുന്പില് മൗനം ഭജിക്കട്ടെ.