P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 38
ദൈവം സംസാരിക്കുന്നു1 : അപ്പോള്‍ കര്‍ത്താവ് ചുഴലിക്കാറ്റില്‍ നിന്ന് ജോബിന് ഉത്തരം നല്കി.
2 : അറിവില്ലാത്ത വാക്കുകളാല്‍ ഉപദേശത്തെ ഇരുളാക്കുന്ന ഇവന് ആരാണ്?
3 : പൗരുഷത്തോടെ നീ അര മുറുക്കുക; ഞാന്‍ നിന്നെ ചോദ്യം ചെയ്യും; നീ ഉത്തരം പറയുക.
4 : ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കറിയാമെങ്കില്‍ പറയുക.
5 : അതിന്റെ അളവുകള്‍ നിശ്ചയിച്ചതാരാണ്? നിശ്ചയമായും അതു നിനക്കറിയാം! അല്ലെങ്കില്‍ അതിന് അളവു നൂല് പിടിച്ചതാര്?
6 : അതിന്റെ അളവുകള്‍ നിശ്ചയിച്ചതാരാണ്? നിശ്ചയമായും അതു നിനക്കറിയാം! അല്ലെങ്കില്‍ അതിന് അളവു നൂല് പിടിച്ചതാര്?
7 : പ്രഭാതനക്ഷത്രങ്ങള്‍ ഗീതങ്ങളാലപിക്കുകയും ദൈവപുത്രന്മാര് സന്തോഷിച്ചാര്‍ക്കുകയും ചെയ്തപ്പോള്‍ അതിന്റെ അടിസ്ഥാനങ്ങള്‍ ഏതിന്മേല് ഉറപ്പിക്കപ്പെട്ടു? അതിനു മൂലക്കല്ലിട്ടതും ആര്?
8 : ഗര്‍ഭത്തില്‍നിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകടച്ചുതടഞ്ഞവന്‍ ആര്?
9 : അന്ന് ഞാന്‍ മേഘങ്ങളെ അതിന് ഉടുപ്പും കൂരിരുട്ടിനെ അതിന് ഉടയാടയും ആക്കി.
10 : ഞാന്‍ അതിന് അതിര്‍ത്തികള്‍ നിശ്ചയിച്ച് കതകുകളും ഓടാമ്പലുകളും ഉണ്ടാക്കി.
11 : ഞാന്‍ പറഞ്ഞു: ഇവിടം വരെ നിനക്കുവരാം. അതിനപ്പുറമരുത്. ഇവിടെ നിന്റെ ഉദ്ധതമായ തിരമാലകള്‍ നില്‍ക്കണം.
12 : ജീവിതം തുടങ്ങിയതിനു ശേഷം എന്നെങ്കിലും നീ പ്രഭാതത്തിനു കല്പന കൊടുക്കുകയും സൂര്യോദയത്തിനു സ്ഥാനം നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടോ?
13 : അങ്ങനെ ഭൂമിയുടെ അതിര്‍ത്തികള്‍ പിടിച്ചടക്കാന്‍ നീ പ്രഭാതത്തോടു കല്പിക്കുകയും ദുഷ്ടരെ അവരുടെ ഒളിസങ്കേതങ്ങളില്‍ നിന്നു കുടഞ്ഞുകളയുകയും ചെയ്തിട്ടുണ്ടോ?
14 : മുദ്രകൊണ്ട് കളിമണ്ണ് എന്നപോലെ അതിനു രൂപം തെളിയുകയും വര്‍ണശബളമായ വസ്ത്രംപോലെ അതു കാണപ്പെടുകയും ചെയ്യുന്നു.
15 : ദുഷ്ടര്‍ക്കു പ്രകാശം തടയപ്പെട്ടിരിക്കുന്നു; അവരുടെ ഉയര്‍ത്തിയ കരം ഒടിക്കപ്പട്ടിരിക്കുന്നു.
16 : സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ?
17 : മൃത്യുകവാടങ്ങള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്റെ വാതിലുകള്‍ നീ കണ്ടിട്ടുണ്ടോ?
18 : ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കില്‍ പറയുക.
19 : പ്രകാശത്തിന്റെ വസതിയിലേക്കുള്ള വഴി ഏത്? അന്ധകാരത്തിന്റെ പാര്‍പ്പിടം എവിടെ?
20 : അങ്ങനെ അതിനെ അതിന്റെ അതിര്‍ത്തിയോളം നയിക്കാനോ പാര്‍പ്പിടത്തിലേക്കുള്ള വഴിയില്‍ അതിനെ അനുഗമിക്കാനോ നിനക്കു കഴിയുമോ?
21 : നിനക്കറിയാമല്ലോ, നീ അന്നേ ജനിച്ചതല്ലേ? നിന്റെ ആയുസ്സ് അത്രയ്ക്കു ദീര്‍ഘമാണല്ലോ!
22 : പീഡനത്തിന്റെയും യുദ്ധത്തിന്റെയും നാളുകളിലേക്കുവേണ്ടി
23 : ഞാന്‍ കരുതിവച്ചിരിക്കുന്ന ഹിമത്തിന്റെ ഭണ്ഡാരത്തിലേക്കു നീ ചെന്നിട്ടുണ്ടോ? കന്മഴയുടെ കലവറ നീ കണ്ടിട്ടുണ്ടോ?
24 : ഭൂമിയില്‍ പ്രസരിക്കുന്ന പ്രകാശത്തിന്റെ ഉറവിടത്തിലേക്കും ഭൂമിയില്‍ വ്യാപിക്കുന്ന കിഴക്കന്‍കാറ്റിന്റെ പ്രഭവകേന്ദ്രത്തിലേക്കുമുള്ള വഴിയേത്?
25 : വിജനമായ മരുഭൂമിയില്‍ മഴപെയ്യിച്ച്
26 : ഉണങ്ങിവരണ്ട ഭൂമിയുടെ ദാഹം ശമിപ്പിച്ച്
27 : അവിടെ പുല്ലു മുളപ്പിക്കുന്നതിന് മഴയുടെ ചാലുകള്‍ കീറിയതും ഇടിമിന്നലിന്റെ പാത ഒരുക്കിയതും ആര്?
28 : മഴയ്ക്കൊരു ജനയിതാവുണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?
29 : ആരുടെ ഉദരത്തില്‍ നിന്നു മഞ്ഞുകട്ട പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആരു പ്രസവിക്കുന്നു?
30 : ജലം പാറപോലെ ഉറച്ചുപോകുന്നു; ആഴിയുടെ മുഖം കട്ടിയാകുന്നു.
31 : കാര്‍ത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങള്‍ നിനക്കഴിക്കാമോ?
32 : നിനക്കു രാശിചക്രത്തെ യഥാകാലം നയിക്കാമോ? സപ്തര്‍ഷിരാശിയെയും മക്കളെയും നിനക്കു നയിക്കാമോ?
33 : ആകാശത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ നിനക്കറിയാമോ? നിനക്കതു ഭൂമിയില്‍ പ്രയോഗിക്കാമോ?
34 : നീ വെള്ളത്തില്‍ കുതിരുന്നതുവരെ മഴ പെയ്യാന്‍ നിനക്കു മേഘങ്ങളോട് ആജ്ഞാപിക്കാമോ?
35 : ഇതാ, ഞങ്ങള്‍ എന്നു പറഞ്ഞ് പുറപ്പെടാന്‍ തക്കവണ്ണം മിന്നലുകളോടു നിനക്കു കല്പിക്കാമോ?
36 : ഈബീസിനു ജ്ഞാനവും, പൂവന്‍കോഴിക്കു മുന്‍കൂട്ടി കാണാന്‍ കഴിവും കൊടുത്തത് ആരാണ്?
37 : പൊടി കട്ടപിടിക്കാനും കട്ട ഒന്നോടൊന്നു
38 : പറ്റിച്ചേരാനും ഇടയാകുമാറ് ആകാശത്തിലെ ജലസംഭരണികളെ ചെരിക്കാന് ആര്‍ക്കു കഴിയും? ജ്ഞാനത്താല്‍ മേഘങ്ങളെ എണ്ണാന്‍ ആര്‍ക്കു കഴിയും?
39 : സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോഴും,
40 : ഗഹ്വരങ്ങളില്‍ പതിയിരിക്കുമ്പോഴും നീ അതിന് ഇരയെ വേട്ടയാടികൊടുക്കുമോ? സിംഹക്കുട്ടികളുടെ വിശപ്പടക്കുമോ?
41 : കുഞ്ഞുങ്ങള്‍ തീറ്റികിട്ടാതെ ദൈവത്തോടു നിലവിളിക്കുമ്പോള്‍ തീറ്റയ്ക്കു വേണ്ടി പറന്നലയുന്ന കാക്കയ്ക്കു തീറ്റി എത്തിച്ചുകൊടുക്കുന്നത് ആര്?