P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 24
1 : സര്വശക്തന് വിധി നടത്താന്‍ സമയം നിശ്ചയിക്കാത്തത് എന്തുകൊണ്ട്? അവിടുന്ന് നിശ്ചയിച്ച ദിനങ്ങള്‍ അവിടുത്തെ ഭക്തന്മാര് കാണാതിരിക്കുന്നതും എന്തുകൊണ്ട്?
2 : മനുഷ്യന് അതിര്‍ത്തിക്കല്ലുകള്‍ നീക്കിക്കളയുന്നു. അവര്‍ ആട്ടിന്‍പറ്റങ്ങളെ കവര്‍ന്നെടുക്കുകയും മേയിക്കുകയും ചെയ്യുന്നു.
3 : അവര്‍ അനാഥരുടെ കഴുതയെ തട്ടിക്കൊണ്ടു പോകുന്നു. അവര്‍ വിധവയുടെ കാളയെ പണയം വാങ്ങുന്നു.
4 : അവര്‍ ദരിദ്രരെ വഴിയില്‍ നിന്നു തള്ളിമാറ്റുന്നു; പാവങ്ങള്‍ ഒളിച്ചു കഴിയുന്നു.
5 : മക്കള്‍ക്കുവേണ്ടി മരുഭൂമിയില്‍ ഇരതേടുന്ന കാട്ടുകഴുതകളെപ്പോലെ അവര്‍ അധ്വാനിക്കുന്നു.
6 : അവര്‍ വയലില്‍ നിന്നു ഭക്ഷണം ശേഖരിക്കുന്നു. ദുഷ്ടരുടെ മുന്തിരിത്തോട്ടത്തില്‍ അവര്‍ കാലാ പെറുക്കുന്നു.
7 : അവര്‍ രാത്രി മുഴുവന്‍ നഗ്നരായി ശയിക്കുന്നു. തണുപ്പില്‍ പുതയ്ക്കാന്‍ അവര്‍ക്ക് ഒന്നുമില്ല.
8 : മലയില്‍ പെയ്യുന്ന മഴ അവര്‍ നനയുന്നു. പാര്‍പ്പിടമില്ലാതെ അവര്‍ പാറക്കെട്ടുകളില്‍ അഭയം തേടുന്നു.
9 : മുലകുടിക്കുന്ന അനാഥ ശിശുക്കളെ പറിച്ചെടുക്കുകയും ദരിദ്രരുടെ കുഞ്ഞുങ്ങളെ പണയം വാങ്ങുകയും ചെയ്യുന്നവരുണ്ട്.
10 : ദരിദ്രര്‍ നഗ്നരായി അലയുന്നു; അവര്‍ വിശന്നുകൊണ്ടു കറ്റ ചുമക്കുന്നു.
11 : അവര്‍ ദുഷ്ടന്മാരുടെ ചക്കില്‍ ഒലിവെണ്ണയും വീഞ്ഞും ആട്ടിയെടുക്കുന്നു. എന്നാല്‍, അവര്‍ ദാഹാര്‍ത്തരാണ്.
12 : നഗരത്തില്‍ മരിക്കുന്നവരുടെ ഞരക്കം കേള്‍ക്കുന്നു. മുറിവേറ്റവരുടെ പ്രാണന് സഹായത്തിനു വേണ്ടി കേഴുന്നു. എന്നിട്ടും ദൈവം അവരുടെ പ്രാര്‍ഥന ശ്രവിക്കുന്നില്ല.
13 : പ്രകാശത്തിന്റെ വഴി പരിചയിക്കുകയോ അതില്‍ സഞ്ചരിക്കുകയോ ചെയ്യാതെ അതിനെ എതിര്‍ക്കുന്നവരുണ്ട്.
14 : ദരിദ്രരെയും നിരാലംബരെയും കൊല്ലുന്നതിന് കൊലപാതകി നേരം വെളുക്കും മുന്‍പ് ഉണരുന്നു; രാത്രിയില്‍ അവന് മോഷണം നടത്തുന്നു.
15 : ആരും എന്നെ കാണുകയില്ല എന്നുപറഞ്ഞ് വ്യഭിചാരി ഇരുട്ടാകാന്‍ കാത്തിരിക്കുന്നു; അവന് മുഖംമൂടി അണിയുന്നു.
16 : രാത്രിയില്‍ അവര്‍ വീടുകള്‍ തുരക്കുന്നു; പകല്‍സമയം കതകടച്ച് മുറികളില്‍ കഴിയുന്നു; അവര്‍ പ്രകാശം കാണുന്നില്ല.
17 : കടുത്ത അന്ധകാരമാണവരുടെ പ്രഭാതം. അന്ധകാരത്തിന്റെ ക്രൂരതകളുമായിട്ടാണ് അവരുടെ കൂട്ടുകെട്ട്.
18 : നിങ്ങള്‍ പറയുന്നു, വെള്ളം അവരെ അതിവേഗം ഒഴുക്കിക്കളയുന്നു, ഭൂമിയില്‍ അവരുടെ അവകാശം ശപിക്കപ്പെട്ടിരിക്കുന്നു. കച്ചവടക്കാര്‍ അവരുടെ മുന്തിരിത്തോട്ടങ്ങളെ സമീപിക്കുന്നില്ല.
19 : വരള്‍ച്ചയും ചൂടും ഹിമജലത്തെ എന്നപോലെ പാപിയെ പാതാളം തട്ടിക്കൊണ്ടു പോകുന്നു.
20 : മാതൃഗര്‍ഭം പോലും അവരെ വിസ്മരിക്കുന്നു; അവരുടെ നാമം ഒരിക്കലും ഓര്മിക്കപ്പെടുന്നില്ല; അങ്ങനെ ദുഷ്ടതയെ വൃക്ഷം എന്നപോലെ വെട്ടി നശിപ്പിക്കും.
21 : മക്കളില്ലാത്ത വന്ധ്യകളെ അവര്‍ ഇരയാക്കുന്നു. വിധവയ്ക്ക് അവര്‍ ഒരു നന്മയും ചെയ്യുന്നില്ല.
22 : ദൈവം തന്റെ ശക്തിയാല്‍ ബലവാന്മാരുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നു; ജീവിതത്തെപ്പറ്റി നിരാശരാകുമ്പോള്‍ അവര്‍ ഉണര്ന്നെഴുന്നേല്ക്കുന്നു.
23 : ദൈവം അവര്‍ക്കു സുരക്ഷിതത്വം നല്കി സഹായിക്കുന്നു; അവരുടെ വഴികളില്‍ അവിടുത്തെ ദൃഷ്ടികള്‍ പതിഞ്ഞിരിക്കുന്നു.
24 : അല്പകാലത്തേക്ക് അവര്‍ ഉയര്‍ത്തപ്പെടുന്നു. പിന്നീടവര്‍ ഇല്ലാതാകുന്നു. കളപോലെ അവര്‍ വാടി നശിക്കുന്നു. കതിര്‍ക്കുലപോലെ അവരെ കൊയ്തെടുക്കുന്നു.
25 : ഇതു ശരിയല്ലെങ്കില്‍ ഞാന്‍ നുണയനാണെന്നും ഞാന്‍ പറയുന്നത് അര്‍ഥശൂന്യമാണെന്നും ആര് തെളിയിക്കും?