P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 12
ജോബിന്റെ മറുപടി2 : നിങ്ങളുടേത് ജനസ്വരമാണ്, സംശയമില്ല. നിങ്ങള്‍ മരിച്ചാല്‍ വിജ്ഞാനവും ഇല്ലാതാകും.
3 : എന്നാല്‍, നിങ്ങളെപ്പോലെ എനിക്കും ജ്ഞാനമുണ്ട്. ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല. ഇതൊക്കെ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?
4 : ഞാന്‍ എന്റെ സ്നേഹിതന്മാര്ക്കു പരിഹാസപാത്രമാണ്. ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു; അവിടുന്ന് എനിക്കുത്തരമരുളി; ഞാന്‍ നിഷ്കളങ്കനും നീതിമാനുമാണ്, എന്നിട്ടും ഞാന്‍ പരിഹാസപാത്രമായിത്തീര്‍ന്നു.
5 : സ്വസ്ഥത അനുഭവിക്കുന്നവന് നിര്‍ഭാഗ്യത്തെ അവജ്ഞയോടെ നോക്കുന്നു. കാലിടറുന്നവനെ അതു തള്ളിയിടുന്നു.
6 : കവര്‍ച്ചക്കാരുടെ കൂടാരങ്ങള്‍ സമാധാനപൂര്‍ണമാണ്. ദൈവം തങ്ങള്‍ക്ക് അധീനനെന്നു വിചാരിച്ച് അവിടുത്തെ പ്രകോപിപ്പിക്കുന്നവന്‍ സുരക്ഷിതനാണ്.
7 : വന്യമൃഗങ്ങളോടു ചോദിക്കുവിന്‍ , അവ നിങ്ങളെ പഠിപ്പിക്കും, ആകാശപ്പറവകളോടു ചോദിക്കുവിന്‍ , അവനിങ്ങള്‍ക്കു പറഞ്ഞുതരും.
8 : ഭൂമിയിലെ സസ്യങ്ങളോടു ചോദിക്കുവിന്‍ , അവനിങ്ങളെ ഉപദേശിക്കും. ആഴിയിലെ മത്സ്യങ്ങളും നിങ്ങളോടു പ്രഖ്യാപിക്കും
9 : കര്‍ത്താവിന്റെ കരങ്ങളാണ് ഇവയെല്ലാം പ്രവര്‍ത്തിച്ചതെന്ന് അവയില്‍ ഏതിനാണ് അറിഞ്ഞുകൂടാത്തത്?
10 : മാനവരാശിയുടെ ജീവശ്വാസവും സകല ജീവജാലങ്ങളുടെയും പ്രാണനും അവിടുത്തെ കരങ്ങളിലാണ്.
11 : നാവ് ഭക്ഷണത്തിന്റെ സ്വാദ് പരിശോധിക്കുന്നതുപോലെ ചെവി വാക്കുകളെ പരിശോധിക്കയില്ലേ?
12 : വൃദ്ധരിലാണു വിജ്ഞാനം; വയോധികനിലാണു വിവേകം.
13 : വിജ്ഞാനവും ശക്തിയും ദൈവത്തോടു കൂടെയാണ്. അവിടുത്തേക്ക് ആലോചനയും വിവേകവും ഉണ്ട്.
14 : അവിടുന്ന് നശിപ്പിച്ചാല്‍ ആര്‍ക്കും പുനരുദ്ധരിക്കാന്‍ കഴിയുകയില്ല. അവിടുന്ന് ബന്ധിച്ചാല്‍ ആര്‍ക്കും മോചിപ്പിക്കാന്‍ കഴിയുകയില്ല.
15 : അവിടുന്ന് ജലത്തെ തടഞ്ഞുനിര്‍ത്തിയാല്‍ അതു വറ്റിപ്പോകുന്നു. അവിടുന്ന് അവയെ തുറന്നുവിടുമ്പോള്‍ അവ ഭൂമിയെ മൂടിക്കളയുന്നു.
16 : ശക്തിയും ജ്ഞാനവും അവിടുത്തോടുകൂടെയാണ്. വഞ്ചിതനും വഞ്ചകനും അവിടുത്തേക്ക് അധീനര്‍ .
17 : അവിടുന്ന് ഉപദേഷ്ടാക്കളുടെ ജ്ഞാനം ഉരിഞ്ഞുകളയുന്നു. ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.
18 : രാജാക്കന്മാരുടെ അരപ്പട്ട അവിടുന്ന് അഴിക്കുകയും അവരെ കച്ചയുടുപ്പിക്കുകയും ചെയ്യുന്നു.
19 : അവിടുന്ന് പുരോഹിതന്മാരുടെ അങ്കി ഉരിഞ്ഞുകളയുന്നു; ശക്തരെ മറിച്ചിടുന്നു.
20 : അവിടുന്നു വിദഗ്ധരായ ഉപദേഷ്ടാക്കളെ മൂകരാക്കുന്നു; അവിടുന്ന് വൃദ്ധരുടെ വിവേകം എടുത്തുകളയുന്നു.
21 : അവിടുന്ന് പ്രഭുക്കളുടെമേല്‍ നിന്ദചൊരിയുകയും ശക്തരുടെ അരപ്പട്ട അയയ്ക്കുകയും ചെയ്യുന്നു.
22 : അന്ധകാരത്തിലാണ്ട ആഴങ്ങളെ അവിടുന്ന് അനാവരണം ചെയ്യുന്നു; സാന്ദ്രമായ തമസ്സിനെ പ്രകാശത്തിലേക്കു നയിക്കുന്നു.
23 : അവിടുന്ന് രാജ്യങ്ങളെ ബലപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു. അവിടുന്ന് അവയെ വിസ്തൃതമാക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു.
24 : അവിടുന്ന് ജനപ്രമാണികളുടെ വിവേകം എടുത്തുകളയുകയും വഴിയില്ലാത്ത വിജനതയില്‍ അലയാന്‍ അവര്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നു.
25 : അവര്‍ വെളിച്ചമില്ലാതെ ഇരുട്ടില്‍ തപ്പിത്തടയുന്നു. ഉന്മത്തനെപ്പോലെ കാലുറയ്ക്കാതെ നടക്കാന്‍ അവര്‍ക്ക് ഇടയാക്കുന്നു.