P. O. C ബൈബിള്‍
പഴയ നിയമം
2 ദിനവൃത്താന്തം
അദ്ധ്യായം 27
-
യോഥാം
- Verse 1: രാജാവാകുമ്പോള്‍ യോഥാമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അവന് ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു. സാദോക്കിന്റെ മകളായ യരൂഷാ ആയിരുന്നു അവന്റെ അമ്മ.
- Verse 2: പിതാവായ ഉസിയായെപ്പോലെ അവനും കര്‍ത്താവിന്റെ മുന്പില് നീതി പ്രവര്‍ത്തിച്ചു. പിതാവു ചെയ്തതുപോലെ അവന് കര്‍ത്താവിന്റെ ആലയത്തില്‍ അനധികൃതമായി പ്രവേശിച്ചില്ല. ജനം ദുരാചാരങ്ങള്‍ തുടര്‍ന്നു പോന്നു.
- Verse 3: അവന് ദേവാലയത്തിന്റെ ഉപരികവാടം പണികഴിപ്പിച്ചു. ഓഫേലിന്റെ മതിലിന്റെ പണി കുറെനടത്തി.
- Verse 4: യൂദാ മലമ്പ്രദേശത്ത് പട്ടണങ്ങളും വൃക്ഷനിബിഡമായ മലകളില്‍ കോട്ടകളും ഗോപുരങ്ങളും പണിതു.
- Verse 5: അവന് അമ്മോന്യ രാജാവിനെ യുദ്ധം ചെയ്തു തോല്പിച്ചു. അമ്മോന്യര്‍ അവന് ആ വര്‍ഷം നൂറു താലന്തു വെള്ളിയും പതിനായിരം കോര്‍ ഗോതമ്പും, അത്രയും ബാര്‍ലിയും കപ്പം കൊടുത്തു. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളിലും അവര്‍ അങ്ങനെ തന്നെ ചെയ്തു.
- Verse 6: കര്‍ത്താവിന്റെ ഇഷ്ടമനുസരിച്ച് തന്റെ ജീവിതം ക്രമപ്പെടുത്തിയതിനാല്‍, യോഥാം പ്രബലനായി.
- Verse 7: അവന്റെ മറ്റു പ്രവര്‍ത്തനങ്ങളും യുദ്ധങ്ങളും രീതികളും ഇസ്രായേലിലെയും യൂദായിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
- Verse 8: ഇരുപത്തിയഞ്ചാം വയസ്സില്‍ ഭരണം ആരംഭിച്ച യോഥാം ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു.
- Verse 9: അവന് പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. മകന് ആഹാസ് രാജാവായി.