పరిశుద్ధ గ్రంథము
പഴയ നിയമം
നിയമാവര്‍ത്തനം
അദ്ധ്യായം 27
നിയമങ്ങള്‍ രേഖപ്പെടുത്തുന്നു1 : മോശ ഇസ്രായേലിലെ ശ്രേഷ്ഠന്മാരോടു ചേര്‍ന്ന് ജനത്തോട് ഇപ്രകാരം കല്പിച്ചു: ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്കുന്ന സകല കല്പനകളും പാലിക്കുവിന്‍.
2 : ജോര്‍ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു തരുന്ന ദേശത്തു പ്രവേശിക്കുന്ന ദിവസം നിങ്ങള്‍ വലിയ ശിലകള്‍ സ്ഥാപിച്ച് അവയ്ക്കു കുമ്മായം പൂശണം.
3 : നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന തേനും പാലും ഒഴുകുന്ന ആ ദേശത്ത് എത്തുമ്പോള്‍ ഈ നിയമത്തിലെ ഓരോ വാക്കും നിങ്ങള്‍ അവയില്‍ എഴുതണം.
4 : നിങ്ങള്‍ ജോര്‍ദാന്‍ കടന്നു കഴിയുമ്പോള്‍ ഇന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്നതനുസരിച്ച് ഈ കല്ലുകള്‍ ഏബാല്‍ പര്‍വതത്തില്‍ നാട്ടി അവയ്ക്കു കുമ്മായം പൂശണം.
5 : അവിടെ നിങ്ങളുടെ ദൈവമായ കര്ത്താവിന് കല്ലുകൊണ്ടു ബലിപീഠം പണിയണം. അതിന്മേല് ഇരുമ്പായുധം സ്പര്‍ശിക്കരുത്.
6 : വെട്ടിമുറിക്കുകയോ ചെത്തി മിനുക്കുകയോ ചെയ്യാത്ത മുഴുവന്‍ കല്ലുകള്‍ കൊണ്ടാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിപീഠം പണിയേണ്ടത്. അതിന്മേലായിരിക്കണം നിന്റെ ദൈവമായ കര്‍ത്താവിനു ദഹനബലികള്‍ അര്‍പ്പിക്കുന്നത്.
7 : സമാധാനബലികളും അര്‍പ്പിക്കണം. അത് അവിടെവച്ചു ഭക്ഷിച്ച് നിങ്ങളുടെദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ സന്തോഷിച്ചുകൊള്ളുവിന്‍.
8 : ആ ശിലകളില്‍ ഈ നിയമത്തിലെ ഓരോ വാക്കും വ്യക്തമായി എഴുതണം.
9 : മോശ ലേവ്യപുരോഹിതന്മാരോടു ചേര്‍ന്ന് ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: ഇസ്രായേലേ, ശ്രദ്ധിച്ചു കേള്‍ക്കുക. ഇന്നു നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ ജനമായിത്തീര്‍ന്നിരിക്കുന്നു.
10 : ആകയാല്‍ നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുകയും ഇന്നു ഞാന്‍ നിനക്കു നല്കുന്ന അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുക.
11 : അന്നുതന്നെ മോശ ജനത്തോട് കല്പിച്ചു:
12 : നിങ്ങള്‍ ജോര്‍ദാന്‍ കടന്നു കഴിയുമ്പോള്‍ ജനത്തെ അനുഗ്രഹിക്കാനായി ശിമയോന്, ലേവി, യൂദാ, ഇസാക്കര്‍, ജോസഫ്, ബഞ്ചമിന് എന്നിവര്‍ ഗരിസിം പര്‍വതത്തിലും,
13 : ശപിക്കാനായി റൂബന്‍, ഗാദ്, ആഷേര്‍, സെബുലൂണ്‍, ദാന്‍, നഫ്താലി എന്നിവര്‍ ഏബാല്‍ പര്‍വതത്തിലും നില്ക്കട്ടെ.
14 : അപ്പോള്‍ ലേവ്യര്‍ ഇസ്രായേല്‍ ജനത്തോട് ഉച്ചത്തില്‍ വിളിച്ചുപറയണം:
15 : കര്‍ത്താവിനു നിന്ദ്യമായ ശില്പവേല - കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കിയ വിഗ്രഹം - രഹസ്യത്തില്‍ പ്രതിഷ്ഠിക്കുന്നവന് ശപിക്കപ്പെട്ട വനാകട്ടെ! അപ്പോള്‍ ജനമെല്ലാം ഉത്തരം പറയണം: ആമേന്‍.
16 : അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന് ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
17 : അയല്ക്കാരന്റെ അതിര്‍ത്തിക്കല്ല് മാറ്റുന്നവന് ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
18 : കുരുടനെ വഴി തെറ്റിക്കുന്നവന് ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
19 : പരദേശിക്കും അനാഥനും വിധവയ്ക്കും നീതി നിഷേധിക്കുന്നവന് ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
20 : പിതാവിന്റെ ഭാര്യയോടുകൂടെ ശയിച്ച് അവനെ അപമാനിക്കുന്നവന് ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
21 : മൃഗവുമായി ഇണചേരുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
22 : തന്റെ പിതാവിന്റെയോ മാതാവിന്റെയോ മകളായ സ്വസഹോദരിയോടൊത്തു ശയിക്കുന്നവന് ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
23 : അമ്മായിയമ്മയോടുകൂടെ ശയിക്കുന്നവന് ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
24 : അയല്‍ക്കാരനെ രഹസ്യമായി വധിക്കുന്നവന് ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
25 : നിര്‍ദോഷനെ കൊല്ലാന്‍ കൈക്കൂലി വാങ്ങുന്നവന് ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
26 : ഈ നിയമം പൂര്‍ണമായും അനുസരിക്കാത്തവന് ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.