P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 8
-
ബില്‍ദാദിന്റെ പ്രസംഗം
- Verse 1: ഷൂഹ്യനായ ബില്ദാദ് പറഞ്ഞു:
- Verse 2: നിന്റെ പ്രചണ്ഡഭാഷണത്തിന് അവസാനമില്ലേ?
- Verse 3: ദൈവം നീതിക്കു മാര്‍ഗഭ്രംശം വരുത്തുമോ? സര്വശക്തന് ന്യായം വളച്ചൊടിക്കുമോ?
- Verse 4: നിന്റെ മക്കള്‍ അവിടുത്തേക്കെതിരായി പാപം ചെയ്തിരിക്കാം. തക്കശിക്ഷ അവര്‍ക്കു ലഭിച്ചു.
- Verse 5: നീ ദൈവത്തെ അന്വേഷിക്കുകയും സര്‍വശക്തനോടു കേണപേക്ഷിക്കുകയും ചെയ്താല്‍ നീ നിര്‍മലനും
- Verse 6: നീതിനിഷ്ഠനുമാണെങ്കില്‍ അവിടുന്ന് നിശ്ചയമായും നിനക്കുവേണ്ടി ഉണര്ന്നെഴുന്നേല്ക്കും; നിനക്കവകാശപ്പെട്ട ഭവനം അവിടുന്ന് നിനക്കു സമ്മാനിക്കും.
- Verse 7: നിന്റെ ആരംഭം എളിയതായിരുന്നെങ്കില് തന്നെ അന്ത്യദിനങ്ങള്‍ അതിമഹത്തായിരിക്കും.
- Verse 8: ഞാന്‍ നിന്നോട് അഭ്യര്‍ഥിക്കുന്നു; കടന്നുപോയ തലമുറകളോട് ആരായുക; പിതാക്കന്മാരുടെ അനുഭവങ്ങള്‍ പരിഗണിക്കുക.
- Verse 9: ഇന്നലെപ്പിറന്ന നമുക്ക് ഒന്നും അറിഞ്ഞുകൂടാ; ഭൂമിയിലെ നമ്മുടെ ജീവിതം നിഴല്‍പോലെ മാഞ്ഞുപോകുന്നു.
- Verse 10: അവര്‍ നിന്നെ പഠിപ്പിക്കും; വിജ്ഞാന വചസ്സുകള്‍ നിനക്ക് ഉപദേശിച്ചുതരും.
- Verse 11: ചതുപ്പുനിലത്തല്ലാതെ ഞാങ്ങണ വളരുമോ? നനവുകൂടാതെ പോട്ടപ്പുല്ലു വളരുമോ?
- Verse 12: തഴച്ചു വളരുമെങ്കിലും വെട്ടിയെടുക്കാതെ തന്നെ അവ മറ്റു ചെടികളെക്കാള്‍ വേഗത്തില്‍ ഉണങ്ങിപ്പോകും.
- Verse 13: ദൈവത്തെ മറക്കുന്നവരുടെ പാതയും അങ്ങനെ തന്നെ; ദൈവഭക്തിയില്ലാത്തവന്റെ പ്രത്യാശ നശിക്കും.
- Verse 14: അവന്റെ ആത്മവിശ്വാസം തകര്‍ന്നുപോകുന്നു. അവന്റെ ശരണം ചിലന്തിവലയാണ്.
- Verse 15: അവന് തന്റെ ഭവനത്തിന്മേല് ചാരുന്നു; എന്നാല്‍ അത് ഉറച്ചുനില്ക്കുകയില്ല. അവന് അതിന്മേല് മുറുകെപ്പിടിക്കും; എന്നാല്‍ അതു നിലനില്ക്കുകയില്ല.
- Verse 16: അവന് സൂര്യപ്രകാശത്തില്‍ തഴച്ചു വളരുന്നു; അവന്റെ ശാഖകള്‍ തോട്ടത്തില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്നു.
- Verse 17: അവന്റെ വേരുകള്‍ കല്‍ക്കൂനകളില്‍ചുറ്റിപ്പടരുന്നു; അവന് പാറകളുടെ ഇടയില്‍ വളരുന്നു.
- Verse 18: അവിടെനിന്നു പിഴുതെടുത്താല്‍ ഞാന്‍ ഒരിക്കലും നിന്നെ കണ്ടിട്ടില്ല എന്ന് അതു പറയും.
- Verse 19: ഇത്രയേ ഉള്ളു അവന്റെ സന്തോഷം; അവിടെ വേറെ മുളകള്‍ പൊന്തിവരും.
- Verse 20: നിഷ്കളങ്കനെ ദൈവം ഉപേക്ഷിക്കുകയില്ല. തിന്മ പ്രവര്‍ത്തിക്കുന്നവനെ കൈപിടിച്ചു നടത്തുകയുമില്ല.
- Verse 21: അവിടുന്ന് നിന്റെ വാ പൊട്ടിച്ചിരി കൊണ്ടും നിന്റെ അധരം ജയാരവം കൊണ്ടും നിറയ്ക്കും.
- Verse 22: നിന്നെ വെറുക്കുന്നവരെ ലജ്ജ ആവരണം ചെയ്യും. ദുഷ്ടരുടെ കൂടാരങ്ങള്‍ നശിച്ചുപോകും.