P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 37
പ്രപഞ്ചം ദൈവശക്തിയെ പ്രഘോഷിക്കുന്നു1 : ഇത് എന്റെ ഹൃദയത്തെ വിറകൊള്ളിക്കുന്നു; സ്വസ്ഥാനത്തു നിന്ന് അത് ഇളകിപ്പോകുന്നു.
2 : അവിടുത്തെ ശബ്ദത്തിന്റെ മുഴക്കവും അവിടുത്തെ വായില്‍നിന്നു പുറപ്പെടുന്ന ഗര്‍ജനവും ശ്രദ്ധിച്ചു കേള്‍ക്കുവിന്‍.
3 : അവിടുന്ന് അത് ആകാശം മുഴുവന്‍ വ്യാപിക്കാന്‍ ഇടയാക്കുന്നു. മിന്നലിനെ ഭൂമിയുടെ അതിര്‍ത്തികള്‍വരെ അയയ്ക്കുന്നു.
4 : പിന്നെയും അവിടുത്തെ ശബ്ദം മുഴങ്ങുന്നു; അവിടുത്തെ മഹിമയേറിയ നാദം കൊണ്ട് ഇടിമുഴക്കുന്നു. തന്റെ നാദം മുഴങ്ങുമ്പോള്‍ അവിടുന്ന് മിന്നലുകളെ തടയുന്നുമില്ല.
5 : അവിടുത്തെ നാദം കൊണ്ട് അവിടുന്ന് അദ്ഭുതകരമായി ഇടിമുഴക്കുന്നു. നമുക്ക് അഗ്രാഹ്യമായ വന്‍കാര്യങ്ങള്‍ അവിടുന്ന് പ്രവര്‍ത്തിക്കുന്നു.
6 : ഹിമത്തോട് ഭൂമിയില്‍ പതിക്കുക എന്നും മഴയോടും പെരുമഴയോടും ശക്തമായി വര്‍ഷിക്കുക എന്നും അവിടുന്ന് പറയുന്നു.
7 : തന്റെ കരത്തിന്റെ പ്രവൃത്തി എല്ലാവരും ഗ്രഹിക്കേണ്ടതിന് അവിടുന്ന് മനുഷ്യപ്രയത്നത്തിനു മുദ്രവയ്ക്കുന്നു.
8 : വന്യമൃഗങ്ങള്‍ തങ്ങളുടെ സങ്കേതങ്ങളില്‍ പ്രവേശിക്കുന്നു; അവിടെത്തന്നെ വസിക്കുകയും ചെയ്യുന്നു.
9 : ചുഴലിക്കാറ്റ് തന്റെ അറയില്‍ നിന്നു വരുന്നു; ചിതറിക്കുന്ന കാറ്റില്‍ നിന്നു തണുപ്പും.
10 : ദൈവത്തിന്റെ നിശ്വാസത്താല്‍ മഞ്ഞുകട്ട ഉണ്ടാകുന്നു; സമുദ്രം ഉറഞ്ഞു കട്ടയാകുന്നു.
11 : അവിടുന്ന് നീരാവികൊണ്ടു നിറച്ച് മേഘങ്ങളെ സാന്ദ്രമാക്കുന്നു. മേഘങ്ങള്‍ അവിടുത്തെ മിന്നലുകളെ ചിതറിക്കുന്നു.
12 : അവിടുത്തെ കല്പന നടത്താന്‍ വാസയോഗ്യമായ ഭൂമുഖത്ത് അവ അവിടത്തെ നിയന്ത്രണത്തില്‍ ചുറ്റി നടക്കുന്നു.
13 : മനുഷ്യന്റെ ശിക്ഷണത്തിനു വേണ്ടിയോ അവനോടു പ്രീതി കാണിക്കാനോ മണ്ണിനെ നനയ്ക്കാനോ അതു സംഭവിക്കാന്‍ അവിടുന്ന് ഇടയാക്കുന്നു.
14 : ജോബേ, നീ കേള്‍ക്കുക; ദൈവത്തിന്റെ അദ്ഭുതങ്ങളെക്കുറിച്ച് അല്പനേരം ചിന്തിക്കുക.
15 : ദൈവം തന്റെ കല്പനകളെ മേഘങ്ങളുടെമേല് വച്ച് അതിന്റെ മിന്നലുകളെ പ്രകാശിപ്പിക്കുന്നുവെന്ന് നിനക്ക് അറിയാമോ?
16 : ജ്ഞാനസംപൂര്‍ണനായ ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികള്‍മൂലം മേഘങ്ങള്‍ എങ്ങനെ മുകളില്‍ തങ്ങിനില്‍ക്കുന്നുവെന്ന് നിനക്കറിയാമോ?
17 : തെക്കന്‍കാറ്റുകൊണ്ടു ഭൂമിമരവിച്ചിരിക്കുമ്പോള്‍ നിന്റെ വസ്ത്രങ്ങള്‍ ചൂടുപിടിക്കുന്നതെങ്ങനെ?
18 : ലോഹദര്‍പ്പണംപോലെ ഉറപ്പുള്ള ആകാശത്തെവിരിച്ചു നിര്‍ത്താന്‍ അവിടുത്തെപ്പോലെ നിനക്കു സാധിക്കുമോ?
19 : അവിടുത്തോട് എന്തു പറയണമെന്ന് ഞങ്ങള്‍ക്ക് ഉപദേശിച്ചു തരുക. അന്ധകാരം നിമിത്തം എങ്ങനെ ഞങ്ങളുടെ ആവലാതി ബോധിപ്പിക്കണമെന്ന് ഞങ്ങളറിയുന്നില്ല.
20 : എനിക്കു സംസാരിക്കണമെന്ന് അവിടുത്തോടു പറയണമോ?നാശത്തിനിരയായിത്തീരണമെന്ന് ആരെങ്കിലും ഇച്ഛിക്കുമോ?
21 : കാറ്റടിച്ചു മേഘങ്ങള്‍ നീങ്ങുമ്പോള്‍ ആകാശത്തു മിന്നിപ്രകാശിക്കുന്ന വെളിച്ചത്തെ നോക്കാന്‍ മനുഷ്യനു സാധിക്കുകയില്ല.
22 : ഉത്തരദിക്കില്‍ നിന്നു സുവര്‍ണശോഭ വരുന്നു. ദൈവം ഭീതികരമായ മഹിമ ധരിച്ചിരിക്കുന്നു.
23 : സര്വശക്തന് നമുക്ക് അദ്യശ്യനാണ്. ശക്തിയിലും നീതിയിലും അവിടുന്ന് ഉന്നതനാണ്; അവിടുന്ന് ഉദാരമായ നീതിനിര്‍വഹണത്തിനു ഭംഗം വരുത്തുന്നില്ല.
24 : ആകയാല്‍, മനുഷ്യന് അവിടുത്തെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവിടുന്ന് ഗണിക്കുന്നില്ല.