P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 5
1 : വിളിച്ചുനോക്കൂ, ആരെങ്കിലും നിനക്കുത്തരം നല്‍കുമോ? ഏതു വിശുദ്ധദൂതനെയാണു നീ ആശ്രയിക്കുക?
2 : ക്രോധാവേശം മൂഢനെ കൊല്ലുന്നു; അസൂയ സരളഹൃദയനെ നിഹനിക്കുന്നു.
3 : ഭോഷന് വേരുപിടിക്കുന്നതു ഞാന്‍ കണ്ടു. തത്ക്ഷണം അവന്റെ ഭവനത്തെ ഞാന്‍ ശപിച്ചു.
4 : അവന്റെ മക്കള്‍ അഭയസ്ഥാനത്തു നിന്ന് അകലെയാണ്. കവാടത്തിങ്കല്‍ വച്ചുതന്നെ അവര്‍ തകര്‍ക്കപ്പെടുന്നു. അവരെ രക്ഷിക്കാന്‍ ആരുമില്ല.
5 : അവന്റെ വിളവ് വിശക്കുന്നവന് തിന്നുകളയുന്നു, മുള്ളുകളില്‍ നിന്നു പോലും അവന് അത് പറിച്ചെടുക്കുന്നു. ദാഹാര്‍ത്തര്‍ അവന്റെ സമ്പത്തിനു വേണ്ടി ഉഴറുന്നു.
6 : അനര്ഥങ്ങളുദ്ഭവിക്കുന്നത് പൊടിയില്‍ നിന്നല്ല. കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല.
7 : അഗ്നിസ്ഫുലിംഗങ്ങള്‍ മുകളിലേക്കുപറക്കുന്നതുപോലെ മനുഷ്യന് കഷ്ടതയിലേക്കു പിറന്നുവീഴുന്നു.
8 : ഞാനായിരുന്നെങ്കില്‍ ദൈവത്തെഅന്വേഷിക്കുമായിരുന്നു. എന്റെ കാര്യം ഞാന്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുമായിരുന്നു.
9 : അവിടുന്ന് അഗ്രാഹ്യമായ വന്‍കാര്യങ്ങളും അദ്ഭുതങ്ങളും അസംഖ്യം ചെയ്യുന്നു.
10 : അവിടുന്ന് ഭൂമിയെ മഴകൊണ്ടു നനയ്ക്കുന്നു. വയലുകളിലേക്കു വെള്ളമൊഴുക്കുന്നു.
11 : അവിടുന്ന് താണവരെ ഉയര്‍ത്തുന്നു. വിലപിക്കുന്നവരെ സുരക്ഷിതത്വത്തിലേക്ക് നയിക്കുന്നു.
12 : സൂത്രശാലികളുടെ ഉപായങ്ങളെ വിഫലമാക്കുന്നു; അവരുടെ കരങ്ങള്‍ വിജയം വരിക്കുന്നില്ല.
13 : അവിടുന്ന് ജ്ഞാനിയെ അവന്റെ തന്നെ ഉപായങ്ങളില്‍ കുടുക്കുന്നു. ഹീനബുദ്ധികളുടെ പദ്ധതികളെഞൊടിയിടയില്‍ നശിപ്പിക്കുന്നു.
14 : പകല്‍സമയത്ത് അവരെ ഇരുള്‍മൂടുന്നു. മധ്യാഹ്നത്തില്‍, രാത്രിയിലെന്നപോലെ അവര്‍ തപ്പിത്തടയുന്നു.
15 : അവിടുന്ന് അനാഥരെ അവരുടെ വായില്‍ നിന്നും, അഗതിയെ ശക്തന്മാരുടെ കൈയില്‍ നിന്നും രക്ഷിക്കുന്നു.
16 : ദരിദ്രന് പ്രത്യാശയുണ്ട്; അനീതി വായ് പൊത്തുന്നു.
17 : ദൈവം ശാസിക്കുന്നവന് ഭാഗ്യവാനാണ്. സര്‍വശക്തന്റെ ശാസനത്തെ അവഗണിക്കരുത്.
18 : അവിടുന്ന് മുറിവേല്‍പ്പിക്കും; എന്നാല്‍, വച്ചുകെട്ടും; അവിടുന്ന് പ്രഹരിക്കും; എന്നാല്‍, അവിടുത്തെ കരം സുഖപ്പെടുത്തും.
19 : അവിടുന്ന് ആറു കഷ്ടതകളില്‍നിന്നു നിന്നെ മോചിപ്പിക്കും, ഏഴാമതൊന്ന് നിന്നെ സ്പര്‍ശിക്കുകയില്ല.
20 : ക്ഷാമകാലത്ത് മരണത്തില്‍ നിന്നും യുദ്ധകാലത്ത് വാളിന്റെ വായ്ത്തലയില്‍ നിന്നും അവിടുന്ന് നിന്നെ രക്ഷിക്കും.
21 : നാവിന്റെ ക്രൂരതയില്‍ നിന്നു നീ മറയ്ക്കപ്പെടും. നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.
22 : നാശത്തെയും ക്ഷാമത്തെയും നീ പരിഹസിക്കും; വന്യമൃഗങ്ങളെ നീ ഭയപ്പെടുകയില്ല.
23 : ഭൂമിയിലെ കല്ലുകളോട് നിനക്കു സഖ്യം ഉണ്ടാകും; കാട്ടുമൃഗങ്ങള്‍ നിന്നോട് ഇണക്കം കാണിക്കും.
24 : നിന്റെ കൂടാരം സുരക്ഷിതമാണെന്ന് നീ അറിയും. നിന്റെ ആലകള്‍ പരിശോധിക്കുമ്പോള്‍ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.
25 : നിന്റെ പിന്‍ഗാമികള്‍ അസംഖ്യമാണെന്നും നിന്റെ സന്താനങ്ങള്‍ വയലുകളിലെ പുല്ലുപോലെ വളരുമെന്നും നീ അറിയും.
26 : വിളഞ്ഞധാന്യക്കറ്റ യഥാകാലം മെതിക്കളത്തില്‍ എത്തുന്നതുപോലെ പൂര്‍ണവാര്‍ധക്യത്തില്‍ നീ ശവകുടീരത്തെ പ്രാപിക്കും.
27 : ഇതു ഞങ്ങള്‍ ദീര്‍ഘകാലംകൊണ്ട് മനസ്സിലാക്കിയതാണ്. ഇതു സത്യമാണ്. നിന്റെ നന്മയ്ക്കുവേണ്ടി ഇതു ഗ്രഹിക്കുക.