P. O. C ബൈബിള്‍
പഴയ നിയമം
നിയമാവര്‍ത്തനം
അദ്ധ്യായം 32
-
മോശയുടെ കീര്‍ത്തനം
- Verse 1: ആകാശങ്ങളേ, ചെവിക്കൊള്‍ക, ഞാന്‍ സംസാരിക്കുന്നു; ഭൂമി എന്റെ വാക്കുകള്‍ ശ്രവിക്കട്ടെ.
- Verse 2: എന്റെ ഉപദേശം മഴത്തുള്ളിപോലെ പതിക്കട്ടെ; എന്റെ വാക്കുകള്‍ ഹിമകണങ്ങള്‍ പോലെ പൊഴിയട്ടെ; അവ ഇളം പുല്ലിന്മേല് മൃദുലമായ മഴ പോലെയും സസ്യങ്ങളുടെ മേല്‍ വര്‍ഷധാര പോലെയും ആകട്ടെ.
- Verse 3: കര്‍ത്താവിന്റെ നാമം ഞാന്‍ പ്രഘോഷിക്കും; നമ്മുടെ ദൈവത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍.
- Verse 4: കര്‍ത്താവു പാറയാകുന്നു, അവിടുത്തെ പ്രവൃത്തി പരിപൂര്‍ണവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാണ്. തിന്മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം; അവിടുന്ന് നീതിമാനും സത്യസന്ധനു മാണ്.
- Verse 5: അവിടുത്തെ മുന്പില് അവര്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു; അവര്‍ അവിടുത്തെ മക്കളല്ലാതായി; ദുഷ്ടവും വക്രവുമായ തലമുറയാണ് അവരുടേത്.
- Verse 6: ഭോഷരും ബുദ്ധിഹീനരുമായ ജനമേ, ഇതോ കര്‍ത്താവിനു പ്രതിഫലം? അവിടുന്നല്ലയോ നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ പിതാവ്? നിങ്ങളുടെ സ്രഷ്ടാവും പരിപാലകനും അവിടുന്നല്ലയോ?
- Verse 7: കഴിഞ്ഞുപോയ കാലങ്ങള്‍ ഓര്‍ക്കുവിന്‍, തലമുറകളിലൂടെ കടന്നുപോയ വര്‍ഷങ്ങള്‍ അനുസ്മരിക്കുവിന്‍; പിതാക്കന്മാരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു പറഞ്ഞു തരും. പ്രായം ചെന്നവരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു വിവരിച്ചു തരും.
- Verse 8: അത്യുന്നതന് ജനതകള്‍ക്ക് അവരുടെ പൈതൃകം വീതിച്ചു കൊടുത്തപ്പോള്‍, മനുഷ്യമക്കളെ അവിടുന്ന് വേര്‍തിരിച്ചപ്പോള്‍ ഇസ്രായേല്‍മക്കളുടെ എണ്ണമനുസരിച്ച് അവിടുന്ന് ജനതകള്‍ക്ക് അതിര്‍ത്തി നിശ്ചയിച്ചു.
- Verse 9: കര്‍ത്താവിന്റെ ഓഹരി അവിടുത്തെ ജനമാണ്, യാക്കോബ് അവിടുത്തെ അവകാശവും.
- Verse 10: അവിടുന്ന് അവനെ മരുഭൂമിയില്‍, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ കണ്ടെണ്ടത്തി; അവനെ വാരിപ്പുണര്‍ന്നു, താത്പര്യപൂര്‍വം പരിചരിച്ച് തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു.
- Verse 11: കൂട് ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെ മുകളില്‍ ചിറകടിക്കുകയും വിരിച്ച ചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ,
- Verse 12: അവനെ നയിച്ചതു കര്‍ത്താവാണ്; അന്യദേവന്മാരാരും അവനോടൊത്തുണ്ടായിരുന്നില്ല.
- Verse 13: ഭൂമിയിലെ ഉത്തുംഗതലങ്ങളിലൂടെ അവിടുന്ന് അവനെ സവാരി ചെയ്യിച്ചു; വയലിലെ വിളവുകള്‍ അവന് ഭക്ഷിച്ചു; പാറയില്‍നിന്നു തേനും കഠിനശിലയില്‍ നിന്ന് എണ്ണയും അവിടുന്ന് അവന് കുടിക്കാന്‍ കൊടുത്തു.
- Verse 14: കാലിക്കൂട്ടത്തില് നിന്നു തൈരും ആട്ടിന്‍പ്പറ്റങ്ങളില്‍ നിന്ന് പാലും ആട്ടിന്‍ കുട്ടികളുടെയും മുട്ടാടുകളുടെയും ബാഷാന്‍ കാലിക്കൂട്ടത്തിന്റെയും കോലാടുകളുടെയും കൊഴുപ്പും വിശിഷ്ടമായ ധാന്യവും നിനക്കു നല്കി. ശുദ്ധമായ മുന്തിരിച്ചാറു നീ പാനം ചെയ്തു.
- Verse 15: യഷുറൂണ്‍ തടിച്ചു ശക്തനായി, കൊഴുത്തു മിനുങ്ങി; അവന് തന്നെ സൃഷ്ടിച്ച ദൈവത്തെ ഉപേക്ഷിക്കുകയും തന്റെ രക്ഷയുടെ പാറയെപുച്ഛിച്ചു തള്ളുകയും ചെയ്തു.
- Verse 16: അന്യദേവന്മാരെക്കൊണ്ട് അവര്‍ അവിടുത്തെ അസൂയപിടിപ്പിച്ചു; നിന്ദ്യകര്‍മങ്ങള്‍ കൊണ്ടു കുപിതനാക്കി.
- Verse 17: ദൈവമല്ലാത്ത ദുര്‍ദേവതകള്‍ക്ക് അവര്‍ ബലിയര്‍പ്പിച്ചു; അവര്‍ അറിയുകയോ നിങ്ങളുടെ പിതാക്കന്മാര് ഭയപ്പെടുകയോ ചെയ്തിട്ടില്ലാത്തവരും പുതുതായി പ്രത്യക്ഷപ്പെട്ടവരുമാണ് ഈ ദേവന്മാര്.
- Verse 18: നിനക്കു ജന്മം നല്കിയ ശിലയെ നീ അവഗണിച്ചു; നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.
- Verse 19: കര്‍ത്താവ് അതു കാണുകയും തന്റെ പുത്രീപുത്രന്മാരുടെ പ്രകോപനം നിമിത്തം അവരെ വെറുക്കുകയും ചെയ്തു.
- Verse 20: അവിടുന്ന് പറഞ്ഞു: അവരില്‍നിന്ന് എന്റെ മുഖം ഞാന്‍ മറയ്ക്കും; അവര്‍ക്ക് എന്തു സംഭവിക്കുമെന്ന് എനിക്കു കാണണം; അവര്‍ വക്രവും അവിശ്വസ്തവും ആയ തലമുറയാണ്.
- Verse 21: ദൈവമല്ലാത്തതിനെക്കൊണ്ട് അവര്‍ എന്നില്‍ അസൂയ ഉണര്‍ത്തി. മിഥ്യാമൂര്‍ത്തികളാല്‍ അവര്‍ എന്നെ പ്രകോപിപ്പിച്ചു; അതിനാല്‍, ജനതയല്ലാത്തവരെക്കൊണ്ട് അവരില്‍ ഞാന്‍ അസൂയ ഉണര്‍ത്തും; ഭോഷന്മാരുടെ ഒരു ജനതയെക്കൊണ്ട് അവരെ ഞാന്‍ പ്രകോപിപ്പിക്കും.
- Verse 22: എന്റെ ക്രോധത്തില്നിന്ന് അഗ്നി ജ്വലിച്ചുയരുന്നു; പാതാളഗര്‍ത്തം വരെയും അതു കത്തിയിറങ്ങും; ഭൂമിയെയും അതിന്റെ വിളവുകളെയും അതു വിഴുങ്ങുന്നു; പര്‍വതങ്ങളുടെ അടിത്തറകളെ അതു ദഹിപ്പിക്കുന്നു.
- Verse 23: അവരുടേമേല്‍ ഞാന്‍ തിന്മ കൂനകൂട്ടും; എന്റെ അസ്ത്രങ്ങള്‍ ഒന്നൊഴിയാതെ അവരുടെമേല്‍ വര്‍ഷിക്കും.
- Verse 24: വിശപ്പ് അവരെ കാര്‍ന്നുതിന്നും; ദഹിപ്പിക്കുന്ന ചൂടും വിഷവ്യാധിയും അവരെ വിഴുങ്ങും; ഹിംസ്ര ജന്തുക്കളെയും വിഷപ്പാമ്പുകളെയും ഞാന്‍ അവരുടെമേല്‍ അയയ്ക്കും.
- Verse 25: വെളിയില്‍ വാളും സങ്കേതത്തിനുള്ളില്‍ ഭീകരതയും യുവാവിനെയും കന്യകയെയും, ശിശുവിനെയും വൃദ്ധനെയും ഒന്നുപോലെ നശിപ്പിക്കും.
- Verse 26: അവരെ ഞാന്‍ ചിതറിച്ചുകളയും, ജനതകളുടെ ഇടയില്‍ നിന്ന് അവരുടെ ഓര്‍മപോലും തുടച്ചു നീക്കും എന്നു ഞാന്‍ പറയുമായിരുന്നു.
- Verse 27: എന്നാല്‍, ശത്രു പ്രകോപനപരമായി പെരുമാറുകയും എതിരാളികള്‍ അഹങ്കാരോന്മത്തരായി, ഞങ്ങളുടെ കരം വിജയിച്ചിരിക്കുന്നു, കര്‍ത്താവല്ല ഇതു ചെയ്തത് എന്നു പറയുകയും ചെയ്തേക്കുമെന്നു ഞാന്‍ ഭയപ്പെട്ടു.
- Verse 28: ആലോചനയില്ലാത്ത ഒരു ജനമാണവര്‍; വിവേകവും അവര്‍ക്കില്ല.
- Verse 29: ജ്ഞാനികളായിരുന്നെങ്കില്‍ അവര്‍ ഇതു മനസ്സിലാക്കുമായിരുന്നു; തങ്ങളുടെ അവസാനത്തെപ്പറ്റി ചിന്തിക്കുമായിരുന്നു.
- Verse 30: ഇസ്രായേലിന്റെ അഭയം അവരെ വിറ്റുകളയുകയും, കര്‍ത്താവ് അവരെ കൈവെടിയുകയും ചെയ്തിരുന്നില്ലെങ്കില്‍ ആയിരം പേരെ അനുധാവനം ചെയ്യാന്‍ ഒരാള്‍ക്കെങ്ങനെ കഴിയുമായിരുന്നു? പതിനായിരങ്ങളെ തുരത്താന്‍ രണ്ടുപേര്‍ക്ക് എങ്ങനെ സാധിക്കുമായിരുന്നു?
- Verse 31: എന്തെന്നാല്‍, നമ്മുടെ ആശ്രയം പോലെയല്ല അവരുടെ ആശ്രയം; നമ്മുടെ ശത്രുക്കള്‍തന്നെ അതു സമ്മതിക്കും.
- Verse 32: അവരുടെ മുന്തിരി സോദോമിലെയും ഗൊമോറായിലെയും വയലുകളില്‍ വളരുന്നു. അതിന്റെ പഴങ്ങള്‍ വിഷമയമാണ്; കുലകള്‍ തിക്തവും.
- Verse 33: അവരുടെ വീഞ്ഞ് കരാളസര്‍പ്പത്തിന്റെ വിഷമാണ്; ക്രൂരസര്‍പ്പത്തിന്റെ കൊടിയ വിഷം!
- Verse 34: ഈ കാര്യം ഞാന്‍ ഭദ്രമായി സൂക്ഷിക്കുകയല്ലേ? എന്റെ അറകളിലാക്കി മുദ്രവച്ചിരിക്കുകയല്ലേ?
- Verse 35: അവരുടെ കാല് വഴുതുമ്പോള്‍ പ്രതികാരം ചെയ്യുന്നതും പകരം കൊടുക്കുന്നതും ഞാനാണ്; അവരുടെ വിനാശകാലം ആസന്നമായി, അവരുടെ മേല്‍ പതിക്കാനിരിക്കുന്ന നാശം അതിവേഗം അടുത്തുവരുന്നു.
- Verse 36: അവരുടെ ശക്തി ക്ഷയിച്ചെന്നും സ്വതന്ത്രനോ തടവുകാരനോ അവശേഷിച്ചിട്ടില്ലെന്നും കണ്ട് കര്‍ത്താവു തന്റെ ജനത്തിനു വേണ്ടി നീതി നടത്തും; തന്റെ ദാസരോടു കരുണ കാണിക്കും.
- Verse 37: അവിടുന്നു ചോദിക്കും, അവരുടെ ദേവന്മാരെവിടെ? അവര്‍ അഭയം പ്രാപിച്ച പാറയെവിടെ?
- Verse 38: അവര്‍ അര്‍പ്പിച്ച ബലികളുടെ കൊഴുപ്പ് ആസ്വദിക്കുകയും കാഴ്ചവച്ച വീഞ്ഞു കുടിക്കുകയും ചെയ്ത ദേവന്മാരെവിടെ? അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ. അവരായിരിക്കട്ടെ, നിങ്ങളുടെ സംരക്ഷകര്‍!
- Verse 39: ഇതാ, ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം; ഞാനല്ലാതെ വേറെ ദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്റെ കൈയില്‍ നിന്നു രക്ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല.
- Verse 40: ഇതാ, സ്വര്‍ഗത്തിലേക്കു കരമുയര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു: ഞാനാണ് എന്നേക്കും ജീവിക്കുന്നവന്.
- Verse 41: തിളങ്ങുന്ന വാളിനു ഞാന്‍ മൂര്‍ച്ച കൂട്ടും; വിധിത്തീര്‍പ്പു കൈയിലെടുക്കും; എന്റെ ശത്രുക്കളോടു ഞാന്‍ പക വീട്ടും; എന്നെ വെറുക്കുന്നവരോടു പകരം ചോദിക്കും.
- Verse 42: എന്റെ അസ്ത്രങ്ങള്‍ രക്തം കുടിച്ചുമദിക്കും, എന്റെ വാള് മാംസം വിഴുങ്ങും; മാരകമായ മുറിവേറ്റവരുടെയും തടവുകാരുടെയും രക്തം; ശത്രുനേതാക്കളുടെ ശിരസ്സുകളും.
- Verse 43: ജനതകളേ, നിങ്ങള്‍ അവിടുത്തെ ജനത്തോടൊത്ത് ആര്‍ത്തു വിളിക്കുവിന്‍; അവിടുന്ന് തന്റെ ദാസന്മാരുടെ രക്തത്തിന് പ്രതികാരം ചെയ്യും; എതിരാളികളോടു പകരം ചോദിക്കും; തന്റെ ജനത്തിന്റെ ദേശത്തു നിന്നു പാപക്കറ നീക്കിക്കളയും.
- Verse 44: ജനങ്ങള്‍ കേട്ടിരിക്കേ മോശയും നൂനിന്റെ മകനായ ജോഷ്വയും ഒന്നിച്ച് ഈ ഗാനം ആലപിച്ചു.
-
മോശയുടെ അന്തിമോപദേശം
- Verse 45: ഇങ്ങനെ ഇസ്രായേല്‍ജനത്തെ ഉദ്ബോധിപ്പിച്ചതിനു ശേഷം മോശ പറഞ്ഞു:
- Verse 46: ഞാനിന്ന് നിങ്ങളോടു കല്പിച്ചിരിക്കുന്ന ഈ നിയമത്തിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വം പാലിക്കാന്‍ നിങ്ങളുടെ മക്കളോട് ആജ്ഞാപിക്കുന്നതിനായി അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍.
- Verse 47: എന്തെന്നാല്‍, ഇതു നിസ്സാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്. നിങ്ങള്‍ ജോര്‍ദാനക്കരെ കൈവശമാക്കാന്‍ പോകുന്ന ദേശത്തു ദീര്‍ഘകാലം വസിക്കുന്നത് ഇതുമൂലമായിരിക്കും.
- Verse 48: അന്നു തന്നെ കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
- Verse 49: ജറീക്കോയുടെ എതിര് വശത്തു മൊവാബു ദേശത്തുള്ള അബറീം പര്‍വതനിരയിലെ നെബോമലയില്‍ കയറി ഞാന്‍ ഇസ്രായേല്‍ മക്കള്‍ക്ക് അവകാശമായി നല്കുന്ന കാനാന്‍ ദേശം നീ കണ്ടുകൊള്ളുക.
- Verse 50: നിന്റെ സഹോദരന് അഹറോന് ഹോര്‍മലയില്‍വച്ചു മരിക്കുകയും തന്റെ ജനത്തോടു ചേരുകയും ചെയ്തതുപോലെ നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.
- Verse 51: എന്തെന്നാല്‍, സിന്‍മരുഭൂമിയില്‍, കാദെഷിലെ മെരീബാ ജലാശയത്തിനു സമീപം ഇസ്രായേല്‍ ജനത്തിന്റെ മുന്പില് വച്ചു നീ എന്നോട് അവിശ്വസ്തമായി പെരുമാറി; എന്റെ പരിശുദ്ധിക്കു നീ സാക്ഷ്യം നല്‍കിയില്ല.
- Verse 52: ഇസ്രായേല്‍ ജനത്തിനു ഞാന്‍ നല്കുന്ന ആ ദേശം നീ കണ്ടുകൊള്ളുക; എന്നാല്‍ നീ അവിടെ പ്രവേശിക്കുകയില്ല.