पवित्र बाइबिल
പഴയ നിയമം
സങ്കീര്ത്തനങ്ങള്
അദ്ധ്യായം 145
-
കര്ത്താവു വാഗ്ദാനങ്ങളില് വിശ്വസ്തന്
- Verse 1: എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന് പുകഴ്ത്തും; ഞാന് അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും.
- Verse 2: അനുദിനം ഞാന് അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും.
- Verse 3: കര്ത്താവു വലിയവനും അത്യന്തംസ്തുത്യര്ഹനുമാണ്; അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്.
- Verse 4: തലമുറ തലമുറയോട് അങ്ങയുടെ പ്രവൃത്തികളെ പ്രകീര്ത്തിക്കും; അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും.
- Verse 5: അവിടുത്തെ പ്രതാപത്തിന്റെ മഹത്വപൂര്ണമായ തേജസ്സിനെപ്പറ്റിയും അങ്ങയുടെ അദ്ഭുത പ്രവൃത്തികളെപ്പറ്റിയും ഞാന് ധ്യാനിക്കും.
- Verse 6: അങ്ങയുടെ ഭീതിജനകമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി മനുഷ്യര് പ്രഘോഷിക്കും; ഞാന് അങ്ങയുടെ മഹത്വം വിളംബരം ചെയ്യും.
- Verse 7: അവിടുത്തെ സമൃദ്ധമായ നന്മയുടെപ്രശസ്തി അവര് വിളിച്ചറിയിക്കും; അങ്ങയുടെ നീതിയെപ്പറ്റിഅവര് ഉച്ചത്തില് പാടും.
- Verse 8: കര്ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.
- Verse 9: കര്ത്താവ് എല്ലാവര്ക്കും നല്ലവനാണ്; തന്റെ സര്വസൃഷ്ടിയുടെയുംമേല്അവിടുന്നു കരുണ ചൊരിയുന്നു.
- Verse 10: കര്ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും അവിടുത്തേക്കു കൃതജ്ഞതയര്പ്പിക്കും; അങ്ങയുടെ വിശുദ്ധര് അങ്ങയെ വാഴ്ത്തും.
- Verse 11: അവിടുത്തെ രാജ്യത്തിന്റെ മഹത്വ ത്തെപ്പറ്റി അവര് സംസാരിക്കും; അവിടുത്തെ ശക്തിയെ അവര് വര്ണിക്കും.
- Verse 12: അവിടുത്തെ ശക്തമായ പ്രവൃത്തികളും അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂര്ണമായ പ്രതാപവും മനുഷ്യമക്കളെ അവര് അറിയിക്കും.
- Verse 13: അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു; കര്ത്താവു വാഗ്ദാനങ്ങളില് വിശ്വസ്തനും പ്രവൃത്തികളില് കാരുണ്യവാനുമാണ്.
- Verse 14: കര്ത്താവു വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു.
- Verse 15: എല്ലാവരും അങ്ങയില് ദൃഷ്ടി പതിച്ചിരിക്കുന്നു; അങ്ങ് അവര്ക്കുയഥാസമയം ആഹാരം കൊടുക്കുന്നു.
- Verse 16: അവിടുന്നു കൈതുറന്നുകൊടുക്കുന്നു;എല്ലാവരും സംതൃപ്തരാകുന്നു.
- Verse 17: കര്ത്താവിന്റെ വഴികള് നീതിനിഷ്ഠവും അവിടുത്തെ പ്രവൃത്തികള്കൃപാപൂര്ണവുമാണ്.
- Verse 18: തന്നെ വിളിച്ചപേക്ഷിക്കുന്നവര്ക്ക്, ഹൃദയപരമാര്ഥതയോടെവിളിച്ചപേക്ഷിക്കുന്നവര്ക്ക്, കര്ത്താവു സമീപസ്ഥനാണ്.
- Verse 19: തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു.
- Verse 20: തന്നെ സ്നേഹിക്കുന്നവരെ കര്ത്താവുപരിപാലിക്കുന്നു; എന്നാല്, സകലദുഷ്ടരെയും അവിടുന്നു നശിപ്പിക്കും.
- Verse 21: എന്റെ വായ് കര്ത്താവിന്റെ സ്തുതികള്പാടും; എല്ലാ ജീവജാലങ്ങളും അവിടുത്തെവിശുദ്ധനാമത്തെ എന്നേക്കും വാഴ്ത്തട്ടെ!