పరిశుద్ధ గ్రంథము
പഴയ നിയമം
ഉല്പത്തി പുസ്തകം
അദ്ധ്യായം 22
-
അബ്രാഹത്തിന്റെ ബലി
- Verse 1: പിന്നീടൊരിക്കല്‍ ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. അബ്രാഹം, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന് വിളികേട്ടു.
- Verse 2: നീ സ്നേഹിക്കുന്ന നിന്റെ ഏകമകന് ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാ ദേശത്തേക്കു പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം.
- Verse 3: അബ്രാഹം അതിരാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ട് രണ്ടു വേലക്കാരെയും മകന് ഇസഹാക്കിനെയും കൂട്ടി ബലിക്കുവേണ്ട വിറകും കീറിയെടുത്ത്, ദൈവം പറഞ്ഞ സ്ഥലത്തേക്കു പുറപ്പെട്ടു.
- Verse 4: മൂന്നാം ദിവസം അവന് തലയുയര്‍ത്തി നോക്കിയപ്പോള്‍ അകലെ ആ സ്ഥലം കണ്ടു.
- Verse 5: അവന് വേലക്കാരോടു പറഞ്ഞു: കഴുതയുമായി നിങ്ങള്‍ ഇവിടെ നില്ക്കുക. ഞാനും മകനും അവിടെപ്പോയി ആരാധിച്ചു തിരിച്ചുവരാം.
- Verse 6: അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകന് ഇസഹാക്കിന്റെ ചുമലില്‍ വച്ചു. കത്തിയും തീയും അവന് തന്നെ എടുത്തു. അവര്‍ ഒരുമിച്ചു മുമ്പോട്ടു നടന്നു.
- Verse 7: ഇസഹാക്ക് തന്റെ പിതാവായ അബ്രാഹത്തെ വിളിച്ചു: പിതാവേ! എന്താ മകനേ, അവന് വിളികേട്ടു. ഇസഹാക്കു പറഞ്ഞു: തീയും വിറകുമുണ്ടല്ലോ; എന്നാല്‍, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?
- Verse 8: അവന് മറുപടി പറഞ്ഞു: ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തന്നെ തരും. അവരൊന്നിച്ചു മുമ്പോട്ടു പോയി.
- Verse 9: ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവച്ചിട്ട് ഇസഹാക്കിനെ ബന്ധിച്ചു വിറകിനു മീതേ കിടത്തി.
- Verse 10: മകനെ ബലികഴിക്കാന്‍ അബ്രാഹം കത്തി കൈയിലെടുത്തു.
- Verse 11: തത്ക്ഷണം കര്‍ത്താവിന്റെ ദൂതന് ആകാശത്തു നിന്ന് അബ്രാഹം, അബ്രാഹം എന്നു വിളിച്ചു. ഇതാ ഞാന്‍, അവന് വിളികേട്ടു.
- Verse 12: കുട്ടിയുടെ മേല്‍കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നു വെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്റെ ഏക പുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല.
- Verse 13: അബ്രാഹം തലപൊക്കി നോക്കിയപ്പോള്‍, തന്റെ പിന്നില്‍, മുള്‍ച്ചെടികളില്‍ കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെക്കണ്ടു. അവന് അതിനെ മകനുപകരം ദഹന ബലിയര്‍പ്പിച്ചു.
- Verse 14: അബ്രാഹം ആ സ്ഥലത്തിനു യാഹ്വെയിരെ എന്നു പേരിട്ടു. കര്‍ത്താവിന്റെ മലയില്‍ അവിടുന്നു വേണ്ടതു പ്രദാനം ചെയ്യുന്നു വെന്ന് ഇന്നുവരെയും പറയപ്പെടുന്നു.
- Verse 15: കര്‍ത്താവിന്റെ ദൂതന് ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു:
- Verse 16: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍മടിക്കായ്കകൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു:
- Verse 17: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആ കാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗര കവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും.
- Verse 18: നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.
- Verse 19: അബ്രാഹം എഴുന്നേറ്റ് തന്റെ വേലക്കാരുടെ അടുത്തേക്കു ചെന്നു. അവരൊന്നിച്ച് ബേര്‍ഷെ ബയിലേക്കു തിരിച്ചുപോയി. അബ്രാഹം ബേര്‍ഷെബയില്‍ പാര്‍ത്തു.
- Verse 20: തന്റെ സഹോദരനായ നാഹോറിനു മില്‍ക്കായില്‍ മക്കളുണ്ടായ വിവരം അബ്രാഹം അറിഞ്ഞു.
- Verse 21: അവര്‍, മൂത്തവനായ ഊസ്, അവന്റെ സഹോദരന് ബൂസ്, ആരാമിന്റെ പിതാവായ കെമുവേല്‍,
- Verse 22: കേസെദ്, ഹാസോ, പില്‍ഷാദ്, ഇദ്ലാഫ്, ബത്തുവേല്‍ എന്നിവരായിരുന്നു.
- Verse 23: ബത്തുവേല്‍ റബേക്കായുടെ പിതാവായിരുന്നു. അബ്രാഹത്തിന്റെ സഹോദരനായ നാഹോറിനു മില്ക്കായിലുണ്ടായവരാണ് ഈ എട്ടുപേരും.
- Verse 24: അതിനുപുറമേ അവന്റെ ഉപനാരിയായ റവുമായില്‍നിന്ന് തേബഹ്, ഗഹം, തഹഷ്, മാക്കാഹ് എന്നീ മക്കള്‍ ജനിച്ചു.