P. O. C ബൈബിള്‍
പഴയ നിയമം
ജ്ഞാനം
അദ്ധ്യായം 2
-
- Verse 1: അവര്‍ മിഥ്യാസങ്കല്പത്തില് മുഴുകി; ജീവിതം ഹ്രസ്വവും ദുഃഖകരവുമാണ്, മരണത്തിനു പ്രതിവിധിയില്ല. പാതാളത്തില്‍നിന്ന് ആരും മടങ്ങിവന്നതായി അറിവില്ല.
- Verse 2: നമ്മുടെ ജനനംയാദൃച്ഛികമാണ്, ഒരിക്കലും ഉണ്ടായിരുന്നില്ല എന്നവിധം നാം മറഞ്ഞുപോകും. നാസികയിലെ ശ്വാസം പുകയാണ്, ഹൃദയ സ്പന്ദനംകൊണ്ടു ജ്വലിക്കുന്നതീപ്പൊരിയാണു ചിന്ത.
- Verse 3: അതു കെട്ടുകഴിഞ്ഞാല്‍ ശരീരം ചാരമായി. ആത്മാവ് ശൂന്യമായ വായുപോലെ അലിഞ്ഞ് ഇല്ലാതാകും.
- Verse 4: ക്രമേണ നമ്മുടെ നാമം വിസ്മൃതമാകും, നമ്മുടെ പ്രവൃത്തികള്‍ ആരും ഓര്‍മിക്കുകയില്ല; ജീവിതം മേഘശകലംപോലെ മാഞ്ഞുപോകും; സൂര്യകിരണങ്ങളേറ്റു ചിതറുന്ന, വെയിലേറ്റ് ഇല്ലാതാവുന്ന മൂടല്‍മഞ്ഞുപോലെ അതു നശിക്കും.
- Verse 5: നമുക്കു നിശ്ചയിച്ചിരിക്കുന്ന കാലം നിഴല്‍പോലെ കടന്നുപോകുന്നു, മരണത്തില്‍നിന്നു തിരിച്ചുവരവില്ല, അതു മുദ്രയിട്ട് ഉറപ്പിച്ചതാണ്, ആരും തിരിച്ചുവരുകയില്ല.
- Verse 6: വരുവിന്‍, ഇപ്പോഴുള്ള വിശിഷ്ടവസ്തുക്കള് ആസ്വദിക്കാം.യുവത്വത്തിന്റെ ഉന്മേഷത്തോടെ ഈ സൃഷ്ടികള്‍ അനുഭവിക്കാം.
- Verse 7: മുന്തിയ വീഞ്ഞും സുഗന്ധദ്രവ്യങ്ങളും നിറയെ ആസ്വദിക്കാം. വസന്തപുഷ്പങ്ങളെയൊന്നും വിട്ടുകളയേണ്ടാ.
- Verse 8: വാടുംമുന്പേ പനിനീര്‍മൊട്ടുകൊണ്ട് കിരീടമണിയാം.
- Verse 9: സുഖഭോഗങ്ങള്‍ നുകരാന്‍ ആരും മടിക്കേണ്ടാ. ആഹ്ലാദത്തിന്റെ മുദ്രകള്‍ എവിടെയും പതിക്കാം. ഇതാണു നമ്മുടെ ഓഹരി; ഇതാണു നമ്മുടെ അവകാശം.
- Verse 10: നീതിമാനായ ദരിദ്രനെ നമുക്കു പീഡിപ്പിക്കാം; വിധവയെ വെറുതെ വിടേണ്ടാ. വൃദ്ധന്റെ നരച്ച മുടിയെ മാനിക്കരുത്.
- Verse 11: കരുത്താണ് നമ്മുടെ നീതിയുടെ മാനദണ്ഡം. ദൗര്‍ബല്യം പ്രയോജനരഹിതമെന്നു സ്വയം തെളിയുന്നു.
- Verse 12: നീതിമാനെ നമുക്കു പതിയിരുന്ന് ആക്രമിക്കാം; അവന് നമുക്കു ശല്യമാണ്; അവന് നമ്മുടെ പ്രവൃത്തികളെ എതിര്‍ക്കുന്നു, നിയമം ലംഘിക്കുന്നതിനെയും ശിക്ഷണവിരുദ്ധമായി പ്രവൃത്തിക്കുന്നതിനെയും കുറിച്ച് അവന് നമ്മെ ശാസിക്കുന്നു.
- Verse 13: തനിക്കു ദൈവികജ്ഞാനമുണ്ടെന്നും താന്‍ കര്‍ത്താവിന്റെ പുത്രനാണെന്നും അവന് പ്രഖ്യാപിക്കുന്നു.
- Verse 14: അവന് നമ്മുടെ ചിന്തകളെ കുറ്റംവിധിക്കുന്നു.
- Verse 15: അവനെ കാണുന്നതുതന്നെ നമുക്കു ദുസ്സഹമാണ്. അവന്റെ ജീവിതം നമ്മുടേതില്‍നിന്നു വ്യത്യസ്തമാണ്; മാര്‍ഗങ്ങള്‍ അസാധാരണവും.
- Verse 16: അവന് നമ്മെ അധമരായി കരുതുന്നു. നമ്മുടെ മാര്‍ഗങ്ങള്‍ അശുദ്ധമെന്നപോലെ അവന് അവയില്‍ നിന്നൊഴിഞ്ഞുമാറുന്നു. നീതിമാന്റെ മരണം അനുഗൃഹീതമെന്ന് അവന് വാഴ്ത്തുന്നു; ദൈവം തന്റെ പിതാവാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു.
- Verse 17: അവന്റെ വാക്കുകള്‍ സത്യമാണോ എന്നു പരീക്ഷിക്കാം; അവന് മരിക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നു നോക്കാം.
- Verse 18: നീതിമാന് ദൈവത്തിന്റെ പുത്രനാണെങ്കില്‍ അവിടുന്ന് അവനെ തുണയ്ക്കും, ശത്രുകരങ്ങളില്‍ നിന്നുമോചിപ്പിക്കും.
- Verse 19: നിന്ദനവും പീഡ നവുംകൊണ്ട് അവന്റെ സൗമ്യതയും ക്ഷമയും നമുക്കു പരീക്ഷിക്കാം.
- Verse 20: അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം. അവന്റെ വാക്കു ശരിയെങ്കില്‍ അവന് രക്ഷിക്കപ്പെടുമല്ലോ.
- Verse 21: അവര്‍ ഇങ്ങനെ ചിന്തിച്ചു. എന്നാല്‍, അവര്‍ക്കു തെറ്റുപറ്റി. ദുഷ്ടത അവരെ അന്ധരാക്കി.
- Verse 22: ദൈവത്തിന്റെ നിഗൂഢ ലക്ഷ്യങ്ങള്‍ അവര്‍ അറിഞ്ഞില്ല, വിശുദ്ധിയുടെ പ്രതിഫലം പ്രതീക്ഷിച്ചില്ല.
- Verse 23: നിരപരാധര്‍ക്കുള്ള സമ്മാനം വിലവച്ചില്ല. ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മിച്ചു.
- Verse 24: പിശാചിന്റെ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്ഷക്കാര്‍ അതനുഭവിക്കുന്നു.