P. O. C ബൈബിള്‍
പഴയ നിയമം
പുറപ്പാടിന്റെ പുസ്തകം
അദ്ധ്യായം 20
-
പത്തു പ്രമാണങ്ങള്‍
- Verse 1: ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ:
- Verse 2: അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്.
- Verse 3: ഞാനല്ലാതെ വേറെ ദേവന്മാര് നിനക്കുണ്ടാകരുത്.
- Verse 4: മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്;
- Verse 5: അവയ്ക്കു മുന്പില് പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും.
- Verse 6: എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
- Verse 7: നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെ വിടുകയില്ല.
- Verse 8: സാബത്തു വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക.
- Verse 9: ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക.
- Verse 10: എന്നാല്‍ ഏഴാംദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്. അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്.
- Verse 11: എന്തെന്നാല്‍, കര്‍ത്താവ് ആറുദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.
- Verse 12: നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
- Verse 13: കൊല്ലരുത്.
- Verse 14: വ്യഭിചാരം ചെയ്യരുത്.
- Verse 15: മോഷ്ടിക്കരുത്.
- Verse 16: അയല്ക്കാരനെതിരായി വ്യാജസാക്ഷ്യം നല്‍കരുത്.
- Verse 17: അയല്ക്കാരന്റെ ഭവനം മോഹിക്കരുത്; അയല്ക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.
-
ജനം ഭയന്നു വിറയ്ക്കുന്നു
- Verse 18: ഇടിമുഴക്കവും കാഹളധ്വനിയും കേള്‍ക്കുകയും മിന്നല്പിണരുകളും മലയില്‍നിന്നുയര്‍ന്ന പുകയും കാണുകയും ചെയ്തപ്പോള്‍ ജനമെല്ലാം ഭയന്നു വിറച്ച് അകലെ മാറി നിന്നു.
- Verse 19: അവര്‍ മോശയോടു പറഞ്ഞു: നീതന്നെ ഞങ്ങളോടു സംസാരിച്ചാല്‍ മതി; ഞങ്ങള്‍ കേട്ടുകൊള്ളാം. ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ. അവിടുന്ന് സംസാരിച്ചാല്‍ ഞങ്ങള്‍ മരിച്ചുപോകും.
- Verse 20: അപ്പോള്‍ മോശ ജനത്തോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നിങ്ങളെ പരീക്ഷിക്കുന്നതിനും പാപം ചെയ്യാതിരിക്കാന്‍വേണ്ടി നിങ്ങളില്‍ ദൈവഭയം ഉളവാക്കുന്നതിനുമായിട്ടാണ് ദൈവം വന്നിരിക്കുന്നത്.
- Verse 21: ജനം അകലെ മാറിനിന്നു. ദൈവം സന്നിഹിതനായിരുന്ന കനത്ത മേഘത്തെ മോശ സമീപിച്ചു.
- Verse 22: കര്‍ത്താവു മോശയോടു പറഞ്ഞു: ഇസ്രായേല്‍ക്കാരോടു പറയുക, ഞാന്‍ ആകാശത്തുനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങള്‍ തന്നെ കണ്ടല്ലോ.
- Verse 23: നിങ്ങള്‍ വെള്ളികൊണ്ട് എനിക്കൊപ്പം ദേവന്മാരെ നിര്‍മിക്കരുത്. സ്വര്‍ണം കൊണ്ടും ദേവന്മാരെ ഉണ്ടാക്കരുത്.
- Verse 24: നിങ്ങള്‍ എനിക്കു മണ്ണുകൊണ്ട് ഒരു ബലിപീഠം ഉണ്ടാക്കണം. അതിന്മേല് ആടുകളെയും കാളകളെയും ദഹ നബലികളും സമാധാനബലികളുമായി അര്‍പ്പിക്കണം. എന്റെ നാമം അനുസ്മരിക്കാന്‍ ഞാന്‍ ഇടവരുത്തുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വന്ന് നിങ്ങളെ അനുഗ്രഹിക്കും.
- Verse 25: കല്ലുകൊണ്ടുള്ള ബലിപീഠമാണ് എനിക്കായി ഉണ്ടാക്കുന്നതെങ്കില്‍ കൊത്തിയ കല്ലുകൊണ്ട് അതു പണിയരുത്. കാരണം, പണിയായുധം സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകും.
- Verse 26: എന്റെ ബലിപീഠത്തിന്മേല് നിന്റെ നഗ്നത കാണപ്പെടാതിരിക്കാന്‍ വേണ്ടി നീ അതിന്മേല് ചവിട്ടുപടികളിലൂടെ കയറരുത്.