పరిశుద్ధ గ్రంథము
പഴയ നിയമം
സംഖ്യ
അദ്ധ്യായം 33
-
യാത്രയിലെ താവളങ്ങള്‍
- Verse 1: മോശയുടെയും അഹറോന്റെയും നേതൃത്വത്തില്‍ ഗണംഗണമായി ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ യാത്രയിലെ താവളങ്ങള്‍ ഇവയാണ്.
- Verse 2: യാത്രാമധ്യേ അവര്‍ പാളയമടിച്ച സ്ഥലങ്ങള്‍ കര്‍ത്താവിന്റെ കല്പനയനുസരിച്ചു മോശ ക്രമമായി കുറിച്ചുവച്ചു.
- Verse 3: ഒന്നാം മാസം പതിനഞ്ചാം ദിവസം അവര്‍ റമ്സെസില്‍നിന്നു യാത്ര പുറപ്പെട്ടു. പെസഹായുടെ പിറ്റേന്നാളാണ് ഇസ്രായേല്‍ജനം, ഈജിപ്തുകാര്‍ കാണ്‍കെ, കര്‍ത്താവിന്റെ ശക്തമായ സംരക്ഷണത്തില്‍ പുറപ്പെട്ടത്.
- Verse 4: അപ്പോള്‍ ഈജിപ്തുകാര്‍, കര്‍ത്താവു സംഹരിച്ച തങ്ങളുടെ കടിഞ്ഞൂല്‍ സന്താനങ്ങളെ സംസ്കരിക്കുകയായിരുന്നു. അവരുടെ ദേവന്മാരെയും കര്‍ത്താവു ശിക്ഷിച്ചു.
- Verse 5: ഇസ്രായേല്‍ജനം റമ്സെസില്‍നിന്നു പുറപ്പെട്ടു സുക്കോത്തില്‍ പാളയമടിച്ചു.
- Verse 6: അവിടെനിന്നു മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള എത്താമിലെത്തി പാളയമടിച്ചു.
- Verse 7: എത്താമില്‍നിന്നു ബാല്‍-സെഫോനു കിഴക്കുള്ള പിഹഹീറോത്തിനു നേരേ യാത്ര ചെയ്തു മിഗ്ദോലിനു മുമ്പില്‍ പാളയമടിച്ചു.
- Verse 8: അവിടെനിന്നു കടലിനു നടുവിലൂടെ യാത്ര ചെയ്തു മരുഭൂമിയിലെത്തി. ഏത്താം മരുഭൂമിയിലൂടെ മൂന്നു ദിവസംയാത്ര ചെയ്തു മാറായില്‍ പാളയമടിച്ചു.
- Verse 9: മാറായില്‍നിന്ന് ഏലിമില്‍ എത്തി, പാളയമടിച്ചു. ഏലിമില്‍ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു.
- Verse 10: വീണ്ടുംയാത്ര പുറപ്പെട്ടു ചെങ്കടലിനരികെ പാളയമടിച്ചു.
- Verse 11: അവിടെനിന്നു പുറപ്പെട്ട് സിന്‍മരുഭൂമിയിലും
- Verse 12: അവിടെനിന്നു ദൊഫ്ക്കയിലും,
- Verse 13: ദൊഫ്ക്കയില്‍നിന്ന് ആലൂഷിലും
- Verse 14: അവിടെനിന്നു റഫിദീമിലും എത്തി, പാളയമടിച്ചു. റഫിദീമില്‍ അവര്‍ക്കു കുടിക്കാന്‍ വെള്ളമില്ലായിരുന്നു.
- Verse 15: റഫിദീമില്‍നിന്നു പുറപ്പെട്ട് സീനായ് മരുഭൂമിയിലും
- Verse 16: അവിടെനിന്നു കിബ്രോത്ത്ഹത്താവയിലും
- Verse 17: അവിടെനിന്നു ഹസേറോത്തിലും
- Verse 18: ഹസേറോത്തില്‍നിന്നു റിത്മായിലും എത്തി, പാളയമടിച്ചു.
- Verse 19: റിത്മായില്‍നിന്നു പുറപ്പെട്ടു
- Verse 20: റിമ്മോണ്‍പേരെസിലും അവിടെ നിന്നു
- Verse 21: ലിബ്നയിലും ലിബ്നയില്‍ നിന്നു റിസ്സായിലും പാളയമടിച്ചു.
- Verse 22: അവിടെ നിന്നു കെഹേലാത്തായില്‍ എത്തി, പാളയമടിച്ചു.
- Verse 23: കെഹേലാത്തായില്‍നിന്നു പുറപ്പെട്ട്
- Verse 24: ഷേഫെര്‍ മലയിലും
- Verse 25: അവിടെ നിന്നു ഹരാദായിലും ഹരാദായില്‍ നിന്നു
- Verse 26: മക്ഹേലോത്തിലും അവിടെ നിന്നു തഹത്തിലും എത്തി, പാളയമടിച്ചു.
- Verse 27: തഹത്തില്‍നിന്നു പുറപ്പെട്ടു തേരഹിലും പാളയമടിച്ചു.
- Verse 28: അവിടെ നിന്നു മിത്കായിലും
- Verse 29: മിത്കായില്‍ നിന്നു ഹഷ്മോനായിലും
- Verse 30: അവിടെ നിന്നു മൊസേറോത്തിലും എത്തി, പാളയമടിച്ചു.
- Verse 31: മൊസേറോത്തില്‍ നിന്നു പുറപ്പെട്ടു ബനേയാക്കാനിലും
- Verse 32: അവിടെ നിന്നു ഹോര്‍ഹഗ്ഗിദ്ഗാദിലും
- Verse 33: അവിടെ നിന്നു യോത്ബാത്തായിലും യോത്ബാത്തായില്‍ നിന്ന്
- Verse 34: അബ്രോനായിലും എത്തി, പാളയമടിച്ചു.
- Verse 35: അബ്രോനായില്‍ നിന്നു പുറപ്പെട്ട്
- Verse 36: എസിയോന്‍ഗേബറിലും അവിടെനിന്നു പുറപ്പെട്ട്
- Verse 37: സിന്‍മരുഭൂമിയിലും - കാദെഷിലും - അവിടെ നിന്ന് ഏദോം ദേശത്തിന്റെ അതിര്‍ത്തിയിലുള്ള ഹോര് മലയിലും എത്തി, പാളയമടിച്ചു.
- Verse 38: പുരോഹിതനായ അഹറോന് കര്‍ത്താവിന്റെ കല്പനയനുസരിച്ചു ഹോര്‍മലയില്‍ കയറി; അവിടെവച്ചു മരിച്ചു. ഇത്, ഇസ്രായേല്‍ ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ നാല്പതാം വര്‍ഷം അഞ്ചാം മാസം ഒന്നാം ദിവസമായിരുന്നു.
- Verse 39: മരിക്കുമ്പോള്‍ അഹറോനു നൂറ്റിയിരുപത്തിമൂന്നു വയസ്സുണ്ടായിരുന്നു.
- Verse 40: കാനാന്‍ ദേശത്തു നെഗെബില്‍ പാര്‍ത്തിരുന്ന കാനാന്യനായ ആരാദു രാജാവ് ഇസ്രായേല്‍ ജനം വരുന്നതറിഞ്ഞു.
- Verse 41: ഇസ്രായേല്യര്‍ ഹോര് മലയില്‍ നിന്നു പുറപ്പെട്ടു
- Verse 42: സല്‍മോനായിലും അവിടെ നിന്നു പൂനോനിയിലും
- Verse 43: അവിടെ നിന്ന് ഓബോത്തിലും, ഓബോത്തില്‍ നിന്നു
- Verse 44: മൊവാബിന്റെ അതിര്‍ത്തിയിലുള്ള ഇയ്യേ അബാറിമിലും എത്തി, പാളയമടിച്ചു.
- Verse 45: അവിടെ നിന്നു പുറപ്പെട്ടു ദീബോന്‍ഗാദിലും
- Verse 46: അവിടെ നിന്ന് അല്‍മോന്‍ദിബ്ലാത്തായീമിലും
- Verse 47: അവിടെ നിന്ന് അബാറിം മലകളില്‍ നെവോബിനു കിഴക്കുവശത്തും എത്തി, പാളയമടിച്ചു.
- Verse 48: അവിടെ നിന്നു പുറപ്പെട്ടു ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മോവാബു സമതലത്തില്‍ പാളയമടിച്ചു.
- Verse 49: ആ പാളയം ബേത്യെഷീമോത് മുതല്‍ ആബേല്‍ഷിത്തീം വരെ വ്യാപിച്ചിരുന്നു.
- Verse 50: ജറീക്കോയുടെ എതിര്‍വശത്ത്, ജോര്‍ദാന്‍ തീരത്ത് മൊവാബു സമതലത്തില്‍വച്ചു കര്‍ത്താവു മോശയോടരുളിച്ചെയ്തു:
- Verse 51: ജോര്‍ദാന്‍ കടന്നു കാനാന്‍ ദേശത്തു പ്രവേശിക്കുമ്പോള്‍,
- Verse 52: തദ്ദേശവാസികളെ ഓടിച്ചുകളഞ്ഞ് അവരുടെ ശിലാവിഗ്രഹങ്ങളും ലോഹപ്രതിമകളും തകര്‍ക്കുകയും പൂജാഗിരികള്‍ നശിപ്പിക്കുകയും വേണമെന്ന് ഇസ്രായേല്‍ ജനത്തോടു പറയുക.
- Verse 53: നിങ്ങള്‍ ദേശം കൈവശമാക്കി വാസമുറപ്പിക്കണം. എന്തെന്നാല്‍, ആ ദേശം ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തന്നിരിക്കുന്നു.
- Verse 54: നിങ്ങള്‍ ഗോത്രം ഗോത്രമായി നറുക്കിട്ടു ദേശം അവകാശമാക്കണം. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയ ഗോത്രത്തിനു ചെറിയ അവകാശവും നല്‍കണം. കുറി എവിടെ വീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ചാണു നിങ്ങള്‍ ദേശം അവകാശമാക്കേണ്ടത്.
- Verse 55: എന്നാല്‍, തദ്ദേശവാസികളെ ഓടിച്ചുകളയാതിരുന്നാല്‍, അവശേഷിക്കുന്നവര്‍ കണ്ണില്‍ മുള്ളുപോലെയും പാര്‍ശ്വത്തില്‍ മുള്‍ച്ചെടിപോലെയും നിങ്ങളെ ഉപദ്രവിക്കും.
- Verse 56: ഞാന്‍ അവരോടു ചെയ്യണമെന്നു വിചാരിച്ചതു നിങ്ങളോടു ചെയ്യും.