पवित्र बाइबिल
പഴയ നിയമം
ഉല്പത്തി പുസ്തകം
അദ്ധ്യായം 46
-
യാക്കോബ് ഈജിപ്തില്‍
- Verse 1: തന്റെ സ്വത്തുക്കളെല്ലാം ശേഖരിച്ച് ഇസ്രായേല്‍യാത്രതിരിച്ചു. ബേര്‍ഷെബായിലെത്തിയപ്പോള്‍ അവന് തന്റെ പിതാവായ ഇസഹാക്കിന്റെ ദൈവത്തിനു ബലികളര്‍പ്പിച്ചു.
- Verse 2: രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന് വിളി കേട്ടു.
- Verse 3: അവിടുന്നു പറഞ്ഞു: ഞാന്‍ ദൈവമാണ്, നിന്റെ പിതാവിന്റെ ദൈവം. ഈജിപ്തിലേക്കു പോകാന്‍ ഭയപ്പെടേണ്ടാ. കാരണം, അവിടെ ഞാന്‍ നിന്നെ വലിയൊരു ജനമാക്കി വളര്‍ത്തും.
- Verse 4: ഞാന്‍ നിന്റെ കൂടെ ഈജിപ്തിലേക്കു വരും. നിന്നെ തിരിയേ കൊണ്ടുവരുകയും ചെയ്യും. മരണസമയത്തു ജോസഫ് നിന്നെ ശുശ്രൂഷിക്കും.
- Verse 5: യാക്കോബ് ബേര്‍ഷെബായില്‍നിന്നു യാത്രയായി. ഫറവോ കൊടുത്തയച്ചിരുന്ന രഥങ്ങളില്‍ ഇസ്രായേലിന്റെ മക്കള്‍ പിതാവായ യാക്കോബിനെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കയറ്റിക്കൊണ്ടുപോയി.
- Verse 6: തങ്ങളുടെ കന്നുകാലികളും കാനാന്‍ നാട്ടില്‍ തങ്ങള്‍ക്കുണ്ടായിരുന്ന വസ്തുവകകളും അവര്‍ കൂടെ കൊണ്ടുപോയി.
- Verse 7: യാക്കോബും സന്തതികളും ഈജിപ്തിലെത്തി പുത്രന്മാരെയും, അവരുടെ പുത്രന്മാരെയും, പുത്രിമാരെയും, പുത്രന്മാരുടെ പുത്രിമാരെയും, തന്റെ സന്തതികള്‍ എല്ലാവരെയും അവന് ഈജിപ്തിലേക്കുകൊണ്ടുപോയി.
- Verse 8: ഈജിപ്തിലേക്കുവന്ന ഇസ്രായേലിന്റെ മക്കളുടെ പേരുവിവരം: യാക്കോബും അവന്റെ പുത്രന്മാരും: യാക്കോബിന്റെ കടിഞ്ഞൂല്‍ സന്താനമായ റൂബന്‍.
- Verse 9: റൂബന്റെ പുത്രന്മാര്: ഹനോക്ക്, പല്ലു, ഹെസ്രോന്, കര്‍മി.
- Verse 10: ശിമയോന്റെ പുത്രന്മാര്: യെമൂവേല്‍, യാമീന്, ഓഹദ്, യാക്കിന്, സോഹാര്‍, കാനാന്യ സ്ത്രീയില്‍ അവനുജനിച്ച സാവൂള്‍.
- Verse 11: ലേവിയുടെ പുത്രന്മാര്: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി.
- Verse 12: യൂദായുടെ പുത്രന്മാര്: ഏര്, ഓനാന്‍, ഷേലാഹ്, പേരെസ്, സോഹ്. ഏറും, ഓനാനും കാനാന്‍ദേശത്തുവച്ചുമരിച്ചു. പേരെസിന്റെ പുത്രന്മാര്: ഹെസ്രോന്, ഹാമൂല്‍.
- Verse 13: ഇസാക്കറിന്റെ പുത്രന്മാര്: തോലാ, ഫൂവ്വാ, യോബ്, ഷിമ്റോന്‍.
- Verse 14: സെബുലൂണിന്റെ പുത്രന്മാര്: സേരെദ്, ഏലോന്‍, യഹ്ലേല്‍.
- Verse 15: പാദാന്‍ആരാമില്‍ വച്ചു യാക്കോബിനുലെയായില്‍ ജനിച്ച പുത്രന്മാരാണ് ഇവര്‍. അവളില്‍ അവനു ദീന എന്ന പുത്രിയും ജനിച്ചു. അവന്റെ സന്താനങ്ങളുടെ ആകെ എണ്ണം മുപ്പത്തിമൂന്നായിരുന്നു.
- Verse 16: ഗാദിന്റെ പുത്രന്മാര്: സിഫിയോന്‍, ഹഗ്ഗി, ഷൂനി, എസ്ബോന്‍, ഏരി, അരോദി, അരേലി.
- Verse 17: ആഷേറിന്റെ പുത്രന്മാര്: ഇമ്നാ, ഇഷ്വാ, ഇഷ്വി, ബറിയാ, അവരുടെ സഹോദരി സേറഹ്. ബറിയായുടെ പുത്രന്മാര്: ഹേബര്‍, മല്ക്കിയേല്.
- Verse 18: ലാബാന്‍ തന്റെ മകളായ ലെയായ്ക്കു പരിചാരികയായിക്കൊടുത്ത സില്‍ഫയുടെ മക്കളാണിവര്‍. യാക്കോബിനു സില്‍ഫയില്‍ പതിനാറു മക്കളുണ്ടായി.
- Verse 19: യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ മക്കള്‍: ജോസഫ്, ബഞ്ചമിന്.
- Verse 20: ജോസഫിന് ഈജിപ്തില്‍വെച്ച് ഓനിലെ പുരോഹിതനായ പൊത്തിഫെറായുടെ പുത്രി അസ്നത്തില്‍ മനാസ്സെയും എഫ്രായിമും ജനിച്ചു.
- Verse 21: ബഞ്ചമിന്റെ പുത്രന്മാര് ബേലാ, ബേക്കെര്‍, അഷ്ബേല്‍, ഗേരാ, നാമാന്, ഏഹിറോഷ്, മുപ്പീം, ഹുപ്പീം, ആരെദ്.
- Verse 22: യാക്കോബിന് റാഹേലില്‍ ജനിച്ച മക്കളാണ് ഈ പതിനാലുപേരും.
- Verse 23: ദാനിന്റെ പുത്രന്: ഹുഷിം.
- Verse 24: നഫ്ത്താലിയുടെ പുത്രന്മാര്: യഹ്സേല്‍, ഗൂനി, യേസെര്‍, ഷില്ലെം.
- Verse 25: ലാബാന്‍ തന്റെ മകളായ റാഹേലിനു കൊടുത്ത ബില്‍ഹാ എന്ന പരിചാരികയില്‍ യാക്കോബിനുണ്ടായ പുത്രന്മാരാണ് ഈ ഏഴു പേര്.
- Verse 26: പുത്രന്മാരുടെ ഭാര്യമാരെക്കൂടാതെ യാക്കോബിന്റെ കൂടെ ഈജിപ്തിലേക്കു വന്ന അവന്റെ സന്താനങ്ങള്‍ അറുപത്താറുപേരാണ്.
- Verse 27: ഈജിപ്തില്‍വച്ചു ജോസഫിനു രണ്ടു പുത്രന്മാര് ജനിച്ചു. അങ്ങനെ ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബക്കാര് ആകെ എഴുപതു പേരാണ്.
- Verse 28: ഗോഷെനിലേക്കുള്ള വഴി കാണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യാക്കോബ് ജോസഫിന്റെ യടുത്തേക്കു യൂദായെ മുന്‍കൂട്ടി അയച്ചു. അവര്‍ ഗോഷെനിലെത്തിച്ചേര്‍ന്നു.
- Verse 29: ജോസഫ് തന്റെ പിതാവായ ഇസ്രായേലിനെ എതിരേല്ക്കാന് രഥമൊരുക്കി ഗോഷെ നിലെത്തി. അവന് പിതാവിനെ കെട്ടിപ്പിടിച്ചു ദീര്‍ഘനേരം കരഞ്ഞു.
- Verse 30: ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: ഇനി ഞാന്‍ മരിച്ചുകൊള്ളട്ടെ! എന്തെന്നാല്‍, ഞാന്‍ നിന്റെ മുഖം കാണുകയും നീ ജീവനോടെയിരിക്കുന്നു എന്ന് അറിയുകയും ചെയ്തിരിക്കുന്നു.
- Verse 31: ജോസഫ് തന്റെ സഹോദരന്മാരോടും പിതൃകുടുംബത്തോടുമായിപ്പറഞ്ഞു: ഞാന്‍ പോയി ഫറവോയോടു പറയട്ടെ; കാനാന്‍ദേശത്തായിരുന്ന എന്റെ സഹോദരന്മാരും പിതൃകുടുംബം മുഴുവനും എന്റെയടുത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു.
- Verse 32: ഇവര്‍ ഇടയന്മാരാണ്; കാലിമേയ്ക്കലാണ് ഇവരുടെ തൊഴില്‍: ആടും മാടും അവര്‍ക്കുള്ളതൊക്കെയും അവര്‍ കൂടെ കൊണ്ടുവന്നിട്ടുണ്ട്.
- Verse 33: ഫറവോ നിങ്ങളെ വിളിച്ചു നിങ്ങളുടെ തൊഴില്‍ എന്താണെന്നു ചോദിക്കുമ്പോള്‍,
- Verse 34: അങ്ങയുടെ ദാസന്മാര് ചെറുപ്പംമുതല്‍ ഇന്നുവരെയും കാലിമേയ്ക്കുന്നവരാണ്. ഞങ്ങളുടെ പിതാക്കന്മാരും അങ്ങനെയായിരുന്നു എന്നുപറയണം. അങ്ങനെ പറഞ്ഞെങ്കിലേ ഗോഷെന്‍ നാട്ടില്‍ നിങ്ങള്‍ക്കു പാര്‍ക്കാനൊക്കൂ. കാരണം ഇടയന്മാരോട് ഈജിപ്തുകാര്‍ക്ക് അവജ്ഞയാണ്.