पवित्र बाइबिल
പഴയ നിയമം
പുറപ്പാടിന്റെ പുസ്തകം
അദ്ധ്യായം 2
-
മോശ ജനിക്കുന്നു
- Verse 1: അക്കാലത്ത് ലേവി ഗോത്രത്തില്‍പെട്ട ഒരാള്‍ തന്റെ തന്നെ ഗോത്രത്തില്‍പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു.
- Verse 2: അവള് ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ശിശു കോമളനായിരുന്നതിനാല്‍ അവള് അവനെ മൂന്നുമാസം രഹസ്യമായി വളര്‍ത്തി.
- Verse 3: അവനെ തുടര്‍ന്നും രഹസ്യത്തില്‍ വളര്‍ത്തുക ദുഷ്കരമായിത്തീര്‍ന്നപ്പോള്‍ അവള് ഞാങ്ങണകൊണ്ടു നെയ്ത് കളിമണ്ണും താറും പൂശിയ ഒരു പേടകത്തില്‍ അവനെ കിടത്തി. നദീതീരത്തുള്ള ഞാങ്ങണച്ചെടികളുടെയിടയില്‍ പേടകം കൊണ്ടുചെന്നുവച്ചു.
- Verse 4: അവന് എന്തു സംഭവിക്കുമെന്ന് ഉറ്റുനോക്കിക്കൊണ്ട് അവന്റെ സഹോദരി കുറെയകലെ കാത്തുനിന്നിരുന്നു.
- Verse 5: അപ്പോള്‍ ഫറവോയുടെ പുത്രിവന്ന് കുളിക്കാന്‍ നദിയിലേക്കിറങ്ങി. അവളുടെ തോഴിമാര് നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെയിടയില്‍ ആ പേടകം കണ്ടു. ഒരു ദാസിയെ അയച്ച് അവള് അതെടുപ്പിച്ചു.
- Verse 6: തുറന്നുനോക്കിയപ്പോള്‍ അവള് ശിശുവിനെകണ്ടു. അവന് കരയുകയായിരുന്നു. അവള്‍ക്ക് അവനോട് അനുകമ്പ തോന്നി. ഇത് ഒരു ഹെബ്രായ ശിശുവാണ് എന്ന് അവള് പറഞ്ഞു.
- Verse 7: അപ്പോള്‍ അവന്റെ സഹോദരി ഫറവോയുടെ പുത്രിയോടു ചോദിച്ചു: നിനക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന് ഒരു ഹെബ്രായ സ്ത്രീയെ ഞാന്‍ വിളിച്ചുകൊണ്ടുവരട്ടെയോ?
- Verse 8: ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: അങ്ങനെയാവട്ടെ. അവള് പോയി ശിശുവിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
- Verse 9: ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: ഈ ശിശുവിനെ കൊണ്ടുപോയി എനിക്കുവേണ്ടി മുലയൂട്ടി വളര്‍ത്തുക. ഞാന്‍ നിനക്കു ശമ്പളം തന്നുകൊള്ളാം. അവള് ശിശുവിനെ കൊണ്ടുപോയി വളര്‍ത്തി.
- Verse 10: ശിശു വളര്‍ന്നപ്പോള്‍ അവള് അവനെ ഫറവോയുടെ പുത്രിയുടെയടുക്കല്‍ കൊണ്ടുചെന്നു. അവള് അവനെ പുത്രനായി സ്വീകരിച്ചു. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നെടുത്തു എന്നുപറഞ്ഞുകൊണ്ട് അവള് അവനു മോശ എന്നു പേരിട്ടു.
-
മോശ ഒളിച്ചോടുന്നു
- Verse 11: പ്രായപൂര്‍ത്തിയായതിനുശേഷം മോശ ഒരിക്കല്‍ തന്റെ സഹോദരരെ സന്ദര്‍ശിക്കാന്‍ പോയി. അവന് അവരുടെ കഠിനാധ്വാനം നേരില്‍ക്കണ്ടു. തത്സമയം സ്വജനത്തില്‍പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന് പ്രഹരിക്കുന്നതു കണ്ടു.
- Verse 12: അവന് ചുറ്റുംനോക്കി. ആരുമില്ലെന്നു കണ്ടപ്പോള്‍ ആ ഈജിപ്തുകാരനെ കൊന്ന് മണലില്‍ മറവുചെയ്തു.
- Verse 13: അടുത്ത ദിവസം അവന് ചുറ്റിസഞ്ചരിക്കുമ്പോള്‍ രണ്ടു ഹെബ്രായര്‍ തമ്മില്‍ ശണ്ഠകൂടുന്നതു കണ്ടു, തെറ്റുചെയ്തവനോട് അവന് ചോദിച്ചു: നീ എന്തിനാണ് കൂട്ടുകാരനെ അടിക്കുന്നത്?
- Verse 14: അപ്പോള്‍ അവന് ചോദിച്ചു: ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനുമായി നിയമിച്ചത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത്? മോശ ഭയപ്പെട്ടു; ആ സംഭവം പരസ്യമായെന്ന് അവന് വിചാരിച്ചു.
- Verse 15: ഫറവോ ഈ കാര്യം കേട്ടപ്പോള്‍ മോശയെ വധിക്കാനുദ്യമിച്ചു. പക്ഷേ, മോശ ഫറവോയുടെ പിടിയില്‍പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി, അവിടെ ഒരു കിണറിനു സമീപം ഇരുന്നു.
- Verse 16: മിദിയാനിലെ പുരോഹിതന് ഏഴു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ പിതാവിന്റെ ആടുകള്‍ക്കു കുടിക്കാന്‍ തൊട്ടികളില്‍ വെള്ളം കോരി നിറച്ചു.
- Verse 17: അപ്പോള്‍ ചില ആട്ടിടയന്മാര് വന്ന് അവരെ ഓടിച്ചു. എന്നാല്‍, മോശ ആ പെണ്‍കുട്ടികളുടെ സഹായത്തിനെത്തുകയും അവരുടെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു.
- Verse 18: അവര്‍ പിതാവായ റവുവേലിന്റെയടുക്കല്‍ മടങ്ങിച്ചെന്നപ്പോള്‍ അവന് ചോദിച്ചു: നിങ്ങള്‍ ഇന്നു നേരത്തേ തിരിച്ചെത്തിയതെങ്ങനെ?
- Verse 19: അവര്‍ പറഞ്ഞു: ഈജിപ്തുകാരനായ ഒരാള്‍ ഞങ്ങളെ ഇടയന്മാരില് നിന്നു രക്ഷിച്ചു, അവന് ഞങ്ങള്‍ക്കു വേണ്ടി വെള്ളം കോരി ആടുകള്‍ക്കു കുടിക്കാന്‍ കൊടുക്കുകപോലും ചെയ്തു.
- Verse 20: റവുവേല്‍ ചോദിച്ചു: അവന് എവിടെ? നിങ്ങള്‍ എന്തുകൊണ്ട് ആ മനുഷ്യനെ വിട്ടിട്ടുപോന്നു? അവനെ ഭക്ഷണത്തിനു ക്ഷണിക്കുവിന്‍.
- Verse 21: അങ്ങനെ മോശ അവനോടൊപ്പം താമസിക്കാന്‍ തീരുമാനിച്ചു. അവന് തന്റെ മകള്‍ സിപ്പോറയെ മോശയ്ക്ക് ഭാര്യയായി കൊടുത്തു.
- Verse 22: അവള് ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ പ്രവാസിയായിക്കഴിയുന്നു എന്നുപറഞ്ഞ് മോശ അവനു ഗര്‍ഷോം എന്നു പേരിട്ടു.
- Verse 23: കുറേക്കാലം കഴിഞ്ഞ് ഈജിപ്തിലെ രാജാവു മരിച്ചു. അടിമകളായിക്കഴിഞ്ഞിരുന്ന ഇസ്രായേല്‍ മക്കള്‍ നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ നിലവിളി ദൈവസന്നിധിയിലെത്തി.
- Verse 24: ദൈവം അവരുടെ ദീനരോദനം ശ്രവിക്കുകയും അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ഓര്‍മിക്കുകയും ചെയ്തു. അവിടുന്ന് അവരെ കടാക്ഷിച്ചു.
- Verse 25: അവരുടെ ദയനീയാവസ്ഥ ഗ്രഹിച്ചു.