P. O. C ബൈബിള്‍
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 108
ശത്രുവിനെതിരേ സഹായം1 : എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ദൈവമേ, എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.
2 : എന്റെ ആത്മാവേ, ഉണരുക; വീണയും കിന്നരവും ഉണരട്ടെ! ഉഷസ്‌സിനെ ഞാന്‍ വിളിച്ചുണര്‍ത്തും.
3 : കര്‍ത്താവേ, ജനതകളുടെ ഇടയില്‍ഞാന്‍ അങ്ങേക്കു നന്ദിപറയും; ജനപദങ്ങളുടെ ഇടയില്‍ ഞാന്‍ അങ്ങേക്കു സ്‌തോത്രങ്ങളാലപിക്കും.
4 : അങ്ങയുടെ കാരുണ്യം ആകാശത്തെക്കാള്‍ ഉന്നതമാണ്, അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളമെത്തുന്നു.
5 : ദൈവമേ, ആകാശത്തിനുമേല്‍അങ്ങ് ഉയര്‍ന്നുനില്‍ക്കണമേ! അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങുംവ്യാപിക്കട്ടെ!
6 : അങ്ങു സ്‌നേഹിക്കുന്നവര്‍ മോചിതരാകട്ടെ! വലത്തുകൈ നീട്ടി എന്നെ സഹായിക്കുകയും എനിക്ക് ഉത്തരമരുളുകയും ചെയ്യണമേ!
7 : ദൈവം തന്റെ വിശുദ്ധമന്ദിരത്തില്‍ വച്ചു വാഗ്ദാനം ചെയ്തു: ജയഘോഷത്തോടെ ഞാന്‍ ഷെക്കെമിനെ വിഭജിക്കും, സുക്കോത്തുതാഴ്‌വരയെ അളന്നുതിരിക്കും.
8 : ഗിലയാദ് എനിക്കുള്ളതാണ്; മനാസ്‌സെയും എന്‍േറതാണ്; എഫ്രായിം എന്റെ പടത്തൊപ്പിയും യൂദാ എന്റെ ചെങ്കോലുമാണ്.
9 : മൊവാബ് എന്റെ ക്ഷാളനപാത്രം; ഏദോമില്‍ ഞാന്‍ എന്റെ പാദുകം വയ്ക്കുന്നു; ഫിലിസ്ത്യദേശത്തു ഞാന്‍ ജയഭേരി മുഴക്കും.
10 : സുരക്ഷിതനഗരത്തിലേക്ക് ആരെന്നെ നയിക്കും? ഏദോമിലേക്ക് ആരെന്നെ കൊണ്ടുപോകും?
11 : ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചില്ലേ? ദൈവമേ, അങ്ങു ഞങ്ങളുടെസൈന്യത്തോടൊത്തു നീങ്ങുന്നില്ലല്ലോ?
12 : ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! എന്തെന്നാല്‍, മനുഷ്യന്റെ സഹായം നിഷ്ഫലമാണ്.
13 : ദൈവം കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ ധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കാന്‍ പോകുന്നത്.