P. O. C ബൈബിള്‍
പുതിയ നിയമം
മര്‍ക്കോസ്
അദ്ധ്യായം 8
വീണ്ടും അപ്പം വര്‍ധിപ്പിക്കുന്നു (മത്തായി 15: 3215 : 39 )1 : ആദിവസങ്ങളില്‍ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചുകൂടി. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. അവന് ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു:
2 : ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. ഇവര്‍ മൂന്നു ദിവസമായി എന്നോടുകൂടെയാണ്. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ല.
3 : അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്ന്നുവീണേക്കും. ചിലര്‍ ദൂരെനിന്നു വന്നവരാണ്.
4 : ശിഷ്യന്മാര് അവനോടുചോദിച്ചു: ഈ വിജനസ്ഥ ലത്ത് ഇവര്‍ക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ?
5 : അവന് ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? ഏഴ്എന്ന് അവര്‍ പറഞ്ഞു.
6 : അവന് ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചു. പിന്നീട്, അവന് ആ ഏഴപ്പം എടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ചു ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്മാരെ ഏല്പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി.
7 : കുറെ ചെ റിയ മത്സ്യങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. അവന് അവയും ആശീര്‍വദിച്ചു; വിളമ്പാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.
8 : ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങള്‍ ഏഴു കുട്ട നിറയെ അവര്‍ ശേഖരിച്ചു.
9 : ഭക്ഷിച്ചവര്‍ ഏകദേശം നാലായിരം പേരുണ്ടായിരുന്നു.
10 : അവന് അവരെ പറഞ്ഞയച്ചതിനുശേഷം ശിഷ്യന്മാരോടൊപ്പം ഒരു വഞ്ചിയില്‍ കയറി ദല്‍മാനൂത്താ പ്രദേശത്തേക്കു പോയി.
11 : ഫരിസേയര്‍ വന്ന് അവനുമായി തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ അവനെ പരീക്ഷിച്ചുകൊണ്ട് സ്വര്‍ഗത്തില്‍നിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു.
12 : അവന് ആത്മാവില്‍ അഗാധമായി നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ തല മുറയ്ക്ക് അടയാളം നല്കപ്പെടുകയില്ല.
13 : അവന് അവരെ വിട്ട്, വീണ്ടും വഞ്ചിയില്‍ കയറി മറുകരയിലേക്കുപോയി.
14 : ശിഷ്യന്മാര് അപ്പം എടുക്കാന്‍മറന്നുപോയിരുന്നു. വഞ്ചിയില്‍ അവരുടെ പക്കല്‍ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
15 : അവന് മുന്നറിയിപ്പു നല്കി: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിന്‍.
16 : അവന് ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കല്‍ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവര്‍ പരസ് പരം പറഞ്ഞു.
17 : ഇതു മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തര്‍ക്കിക്കുന്നു? ഇനിയും നിങ്ങള്‍ മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങള്‍ മന്ദീഭവിച്ചിരിക്കുന്നുവോ?
18 : കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ?
19 : അഞ്ചപ്പം ഞാന്‍ അയ്യായിരംപേര്‍ക്കായി ഭാഗിച്ചപ്പോള്‍ ശേഷിച്ച കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവര്‍ പറഞ്ഞു.
20 : ഏഴപ്പം നാലായിരം പേര്‍ക്കു വീതിച്ചപ്പോള്‍ മിച്ചം വന്ന കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട എടുത്തു? ഏഴ്എന്ന് അവര്‍ മറുപടി പറഞ്ഞു.
21 : അവന് ചോദിച്ചു: എന്നിട്ടും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?
22 : പിന്നീട് അവന് ബേത്സയ്ദായിലെത്തി. കുറെപ്പേര് ഒരു അന്ധനെ അവന്റെ യടുത്തു കൊണ്ടുവന്ന്, അവനെ സ്പര്‍ശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു.
23 : അവന് അന്ധനെ കൈയ്ക്കുപിടിച്ച് ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അവന്റെ കണ്ണുകളില്‍ തുപ്പിയശേഷം അവന്റെ മേല്‍ കൈകള്‍ വച്ചുകൊണ്ടു ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ?
24 : നോക്കിയിട്ട് അവന് പറഞ്ഞു: ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. അവര്‍ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു.
25 : വീണ്ടും യേശു അവന്റെ കണ്ണുകളില്‍ കൈകള്‍ വച്ചു. അവന് സൂക്ഷിച്ചു നോക്കി; കാഴ്ച തിരിച്ചുകിട്ടുകയുംചെയ്തു. അവന് എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു.
26 : ഗ്രാമത്തില്‍ പ്രവേശിക്കുകപോലും ചെയ്യരുത് എന്നു പറഞ്ഞ് യേശു അവനെ വീട്ടിലേക്ക് അയച്ചു.
27 : യേശുവും ശിഷ്യന്മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന് ശിഷ്യന്മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്?
28 : അവര്‍ പറഞ്ഞു: ചിലര്‍ സ്നാപകയോഹന്നാന് എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്മാരില് ഒരുവന് എന്നും പറയുന്നു.
29 : അവന് ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്.
30 : തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവന് അവരോടു കല്പിച്ചു.
31 : മനുഷ്യപുത്രന് വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാനപുരോഹിതന്മാര്, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന് അവരെ പഠിപ്പിക്കാന്‍ തുടങ്ങി.
32 : അവന് ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ് അവനെ മാറ്റിനിര്‍ത്തിക്കൊണ്ട് തടസ്സംപറയാന്‍ തുടങ്ങി.
33 : യേശു പിന്തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്മാര് നില്ക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ മുമ്പില്‍നിന്നു പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.
34 : അവന് ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന് തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.
35 : സ്വന്തം ജീവന് രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന് അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവന് നഷ്ടപ്പെടുത്തിയാല്‍ അവന് അതിനെ രക്ഷിക്കും.
36 : ഒരുവന് ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം?