P. O. C ബൈബിള്‍
പുതിയ നിയമം
മര്‍ക്കോസ്
അദ്ധ്യായം 6
യേശു സ്വദേശത്ത്അവഗണിക്കപ്പെടുന്നു (മത്തായി 13: 5313 : 58 ) (ലൂക്കാ 4 : 164 : 30 )1 : യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്മാര് അവനെ അനുഗമിച്ചു.
2 : സാബത്തുദിവസം സിനഗോഗില്‍ അവന് പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങള്‍വഴി സംഭവിക്കുന്നത്!
3 : ഇവന്‍മറിയത്തിന്റെ മക നും യാക്കോബ്, യോസെ, യൂദാസ്, ശിമയോന് എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി.
4 : യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലുംസ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന് അവമതിക്കപ്പെടുന്നില്ല. ഏതാനും രോഗികളുടെമേല്‍ കൈകള്‍ വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അദ്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല.
5 : ഏതാനും രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല.
6 : അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവന് വിസ്മയിച്ചു.
7 : അവന് ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച്, പഠിപ്പിച്ചുകൊണ്ടിരുന്നു. അവന് തന്റെ പന്ത്രണ്ടുപേരെ അടുത്തു വിളിച്ച് രണ്ടുപേരെ വീതം അയയ്ക്കാന്‍ തുടങ്ങി. അശുദ്ധാത്മാക്കളുടെമേല്‍ അവര്‍ക്ക് അ ധികാരവും കൊടുത്തു. അവന് കല്പിച്ചു:
8 : യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ - കരുതരുത്.
9 : ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്;
10 : അവന് തുടര്‍ന്നു: നിങ്ങള്‍ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടില്‍ പ്രവേശിച്ചാല്‍, അവിടംവിട്ടു പോകുന്നതുവരെ ആ വീട്ടില്‍ താമസിക്കുവിന്‍.
11 : എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ് താല് അവിടെനിന്നു പുറപ്പെടുമ്പോള്‍ അവര്‍ക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍.
12 : ശിഷ്യന്മാര് പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു.
13 : അനേകം പിശാ ചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി.
14 : ഹേറോദേസ് രാജാവും ഇക്കാര്യങ്ങള്‍ കേട്ടു. യേശുവിന്റെ പേര് പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ചിലര്‍ പറഞ്ഞു: സ്നാപകയോഹന്നാന്‍മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അദ്ഭുത കരമായ ഈ ശക്തികള്‍ ഇവനില്‍ പ്രവര്‍ത്തിക്കുന്നത്.
15 : മറ്റുചിലര്‍ പറഞ്ഞു: ഇവന് ഏലിയാ ആണ്, വേറെ ചിലര്‍ പറഞ്ഞു: പ്രവാചകരില്‍ ഒരുവനെപ്പോലെ ഇവനും ഒരു പ്രവാചകനാണ്.
16 : എന്നാല്‍, ഇതെല്ലാം കേട്ടപ്പോള്‍ ഹേറോദേസ് പ്രസ്താവിച്ചു: ഞാന്‍ ശിരശ്ഛേദംചെയ്ത യോഹന്നാന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
17 : ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തില്‍ ബന്ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന് ഇങ്ങനെചെയ്തത്. അവന് അവളെ വിവാഹം ചെയ്തിരുന്നു.
18 : യോഹന്നാന് ഹേറോദേസിനോടു പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്.
19 : തന്മൂലം, ഹേറോദിയായ്ക്കു യോഹന്നാനോടു വിരോധം തോന്നി. അവനെ വധിക്കാന്‍ അവള് ആഗ്രഹിച്ചു. എന്നാല്‍ അവള്‍ക്കു സാധിച്ചില്ല.
20 : എന്തെന്നാല്‍, യോഹന്നാന് നീതിമാനും വിശുദ്ധ നുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നല്കിപ്പോന്നു. അവന്റെ വാക്കുകള്‍ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും, അവന് പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.
21 : ഹേറോദേസ് തന്റെ ജന്മദിനത്തില് രാജസേവകന്മാര്ക്കും സഹസ്രാധിപന്മാര്ക്കും ഗലീലിയിലെ പ്രമാണികള്‍ക്കും വിരുന്നു നല്കിയപ്പോള് ഹേറോദിയായ്ക്ക് അനുകൂലമായ ഒരു അവസരം വന്നുചേര്‍ന്നു.
22 : അവളുടെ മകള്‍ വന്ന് നൃത്തംചെയ്ത് ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവു പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാന്‍ നിനക്കു തരും.
23 : അവന് അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തു തന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും ഞാന്‍ നിനക്കു തരും.
24 : അവള് പോയി അമ്മയോടു ചോദിച്ചു: ഞാന്‍ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ്.
25 : അവള് ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോള്‍ത്തന്നെ സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയില്‍ വച്ച് എനിക്കു തരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
26 : രാജാവ് അതീവ ദുഃഖിതനായി. എങ്കിലും, തന്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാന്‍ അവനു തോന്നിയില്ല.
27 : അവന്റെ തല കൊണ്ടുവരാന്‍ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവന് കാരാഗൃഹത്തില്‍ ചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു.
28 : അത് ഒരു തളികയില്‍ വച്ച് കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവള് അത് അമ്മയെ ഏല്പിച്ചു.
29 : ഈ വിവരം അറിഞ്ഞയോഹന്നാന്റെ ശിഷ്യന്മാര് വന്ന് മൃതദേഹം കല്ലറയില്‍ സംസ്കരിച്ചു.
30 : അപ്പസ്തോലന്മാര് യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു.
31 : അനേകം ആളുകള്‍ അവിടെ വരുകയും പോകുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാല്‍ അവന് പറഞ്ഞു: നിങ്ങള്‍ ഒരു വിജ നസ്ഥലത്തേക്കു വരുവിന്‍; അല്പം വിശ്ര മിക്കാം.
32 : അവര്‍ വഞ്ചിയില്‍ കയറി ഒരു വിജനസ്ഥലത്തേക്കു പോയി.
33 : പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെ യ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങള്‍ കരവഴി ഓടി അവര്‍ക്കുമുമ്പേ അവിടെയെത്തി.
34 : അവന് കരയ്ക്കിറങ്ങിയപ്പോള് വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലെ ആയിരുന്നു. അവന് അവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി.
35 : നേരം വൈകിയപ്പോള്‍ ശിഷ്യന്മാര് അവന്റെ യടുത്തു വന്നു പറഞ്ഞു: ഇത് ഒരു വിജനപ്രദേശമാണല്ലോ. സമയവുംവൈകിയിരിക്കുന്നു.
36 : ചുറ്റുമുള്ള നാട്ടിന്‍പുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന്, എന്തെങ്കിലും വാങ്ങി ഭക്ഷിക്കാന്‍ അവരെ പറഞ്ഞയയ്ക്കുക.
37 : അവന് പ്രതിവചിച്ചു: നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചെന്ന്, ഇരുന്നൂ റു ദനാറയ്ക്ക് അപ്പം വാങ്ങിക്കൊണ്ടുവന്ന് അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കട്ടെയോ?
38 : അവന് ചോദിച്ചു: നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? ചെന്നുനോക്കുവിന്‍. അവര്‍ ചെന്നു നോക്കിയിട്ടു പറഞ്ഞു: അ ഞ്ച് അപ്പവും രണ്ടു മീനും.
39 : പുല്‍ത്തകിടിയില്‍ കൂട്ടംകൂട്ടമായി ഇരിക്കാന്‍ അവന് ജനങ്ങള്‍ക്കു നിര്‍ദേശം നല്കി.
40 : നൂറും അന്‍പതും വീതമുള്ള കൂട്ടങ്ങളായി അവര്‍ ഇരുന്നു.
41 : അവന് അഞ്ചപ്പവും രണ്ടു മീനും എടുത്ത് സ്വര്‍ഗത്തിലേക്കു നോക്കി, കൃതജ്ഞതാസ്തോത്രം ചെയ്ത് അപ്പം മുറിച്ചതിനുശേഷം ജനങ്ങള്‍ക്കു വിളമ്പാന്‍ശിഷ്യന്‍മാരെ ഏല്പിച്ചു. ആ രണ്ടു മീനും അവന് എല്ലാവര്‍ക്കുമായി വിഭജിച്ചു.
42 : അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി.
43 : ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു.
44 : അപ്പം ഭക്ഷിച്ചവര്‍ അയ്യായിരം പുരുഷന്മാരായിരുന്നു.
45 : താന്‍ ജനക്കൂട്ടത്തെ പിരിച്ചുവിടുമ്പോഴേക്കും വഞ്ചിയില്‍ കയറി തനിക്കുമുമ്പേ മറുകരയിലുള്ള ബേത്സയ്ദായിലേക്കു പോകാന്‍ അവന് ശിഷ്യന്മാരെ നിര്‍ബന്ധിച്ചു.
46 : ആളുകളോടുയാത്രപറഞ്ഞശേഷം അവന് പ്രാര്‍ഥിക്കാന്‍മലയിലേക്കു പോയി.
47 : വൈകുന്നേരമായപ്പോള്‍ വഞ്ചി നടുക്കടലിലായിരുന്നു; അവന് തനിച്ചു കരയിലും.
48 : അവര്‍ വഞ്ചി തുഴഞ്ഞ് അവശരായി എന്ന് അവന് മനസ്സിലാക്കി. കാരണം, കാറ്റു പ്രതികൂലമായിരുന്നു. രാത്രിയുടെ നാലാംയാമത്തില്‍ അവന് കടലിനുമീതേ നടന്ന് അവരുടെ അടുത്തെത്തി, അവരെ കടന്നുപോകാന്‍ ഭാവിച്ചു.
49 : അവന് കടലിനു മീതേ നടക്കുന്നതുകണ്ട്, അത് ഒരു ഭൂതമായിരിക്കുമെന്നു കരുതി അവര്‍ നിലവിളിച്ചു.
50 : അവരെല്ലാവരും അവനെ കണ്ടു പരിഭ്രമിച്ചുപോയി. ഉടനെ അവന് അവരോടു സംസാരിച്ചു: ധൈര്യമായിരിക്കു വിന്, ഞാനാണ്; ഭയപ്പെടേണ്ടാ.
51 : അവന് വഞ്ചിയില്‍ കയറി. അപ്പോള്‍ കാറ്റു ശമിച്ചു. അവര്‍ ആശ്ചര്യഭരിതരായി.
52 : കാരണം, അപ്പത്തെക്കുറിച്ച് അവര്‍ ഗ്രഹിച്ചിരുന്നില്ല. അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നു.
53 : അവര്‍ കടല്‍ കടന്ന്, ഗനേസറത്തില്‍ എത്തി, വഞ്ചി കരയ്ക്കടുപ്പിച്ചു.
54 : കരയ്ക്കിറങ്ങിയപ്പോള്‍ത്തന്നെ ആളുകള്‍ അവനെ തിരിച്ചറിഞ്ഞു.
55 : അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്, അവന് ഉണ്ടെന്നു കേട്ട സ്ഥലത്തേക്കു കൊണ്ടുവരാന്‍ തുടങ്ങി.
56 : ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിന്‍പുറങ്ങളിലോ അവന് ചെന്നിടത്തൊക്കെ, ആളുകള്‍ രോഗികളെ കൊണ്ടുവന്ന് പൊതുസ്ഥലങ്ങളില്‍ കിടത്തിയിരുന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും സ്പര്‍ശിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ അപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കയും ചെയ്തു.