P. O. C ബൈബിള്‍
പുതിയ നിയമം
മര്‍ക്കോസ്
അദ്ധ്യായം 3
സാബത്തില്‍ രോഗശാന്തി (മത്തായി 12: 912 : 14 ) (ലൂക്കാ 6 : 66 : 11 )1 : യേശു വീണ്ടും സിനഗോഗില്‍ പ്രവേ ശിച്ചു. കൈ ശോഷിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു.
2 : യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവന് രോഗശാന്തി നല്‍കുമോ എന്ന് അറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
3 : കൈ ശോഷിച്ചവനോട് അവന് പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ.
4 : അനന്തരം, അവന് അവരോടു ചോദിച്ചു: സാബത്തില്‍ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ, ജീവന് രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്ദരായിരുന്നു.
5 : അവരുടെ ഹൃദയ കാഠിന്യത്തില്‍ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന് കൈനീട്ടി; അതു സുഖപ്പെട്ടു.
6 : ഫരിസേയര്‍ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാന്‍വേണ്ടി ഹേറോദേസ്പക്ഷക്കാരുമായി ആലോചന നടത്തി.
7 : യേശു ശിഷ്യന്മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍നിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
8 : യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍നിന്നും ജോര്‍ദാന്റെ മറുകരെനിന്നും ടയിര്‍, സീദോന് എന്നിവയുടെ പരിസരങ്ങളില്‍നിന്നും ധാരാളം ആളുകള്‍, അവന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ട്, അവന്റെ അടുത്തെത്തി.
9 : ആള്‍ത്തിരക്കില്‍പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്, അവന് ശിഷ്യന്മാരോട് ഒരു വള്ളം ഒരുക്കിനിറുത്താന് ആവശ്യപ്പെട്ടു.
10 : എന്തെന്നാല്‍, അവന് പലര്‍ക്കും രോഗശാന്തി നല്കിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പര്‍ശിക്കാന്‍ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.
11 : അശുദ്ധാത്മാക്കള്‍ അവനെ കണ്ടപ്പോള്‍ അവന്റെ മുമ്പില്‍ വീണ്, നീ ദൈവപുത്രനാണ് എന്നു വിളിച്ചുപറഞ്ഞു.
12 : തന്നെ വെളിപ്പെടുത്തരുതെന്ന് അവന് അവയ്ക്കു കര്‍ശനമായ താക്കീതു നല്കി.
13 : പിന്നെ, അവന് മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്കു ചെന്നു.
14 : തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനും
15 : പിശാചുക്കളെ ബഹിഷ്കരിക്കാന്‍ അധികാരം നല്കുന്നതിനുമായി അവന് പന്ത്രണ്ടുപേരെ നിയോഗിച്ചു.
16 : അവര്‍, പത്രോസ് എന്ന് അവന് പേരു നല്കിയ ശിമയോന്, ഇടിമുഴക്കത്തിന്റെ പുത്രന്മാര് എന്നര്‍ഥമുള്ള
17 : ബൊവനെര്‍ഗെസ് എന്നു പേരു നല്കിയ സെബദീപുത്രന്മാരായ യാക്കോബും സഹോദരന് യോഹന്നാനും,
18 : അന്ത്രയോസ്, പീലിപ്പോസ്, ബര്‍ത്തലോമിയ, മത്തായി, തോമസ്, ഹല്പൈയുടെ പുത്രന് യാക്കോബ്, തദേവൂസ്, കാനാന്‍കാരനായ ശിമയോന്,
19 : യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്താ.
20 : അനന്തരം അവന് ഒരു ഭവനത്തില്‍ പ്രവേശിച്ചു. ജനങ്ങള്‍ വീണ്ും വന്നുകൂടിക്കൊണ്ിരുന്നു. തന്മൂലം, ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്കു കഴിഞ്ഞില്ല.
21 : അവന്റെ സ്വന്തക്കാര് ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടു പോകാന്‍ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ കേട്ടിരുന്നു.
22 : ജറുസലെമില്‍നിന്നു വന്ന നിയമജ്ഞര്‍ പറഞ്ഞു: അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു: പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവന് പിശാചുക്കളെ പുറത്താക്കുന്നത്.
23 : അവന് അവരെ അടുത്തു വിളിച്ച്, ഉപമകള്‍വഴി അവരോടു പറഞ്ഞു: സാത്താന് എങ്ങനെയാണ് സാത്താനെ പുറത്താക്കാന്‍ കഴിയുക?
24 : അന്തശ്ഛിദ്രമുള്ള രാജ്യം നിലനില്ക്കുകയില്ല.
25 : അന്തശ്ഛിദ്രമുള്ള ഭവനവും നിലനില്ക്കുകയില്ല.
26 : സാത്താന് തനിക്കുതന്നെ എതിരായി തലയുയര്‍ത്തുകയും ഭിന്നിക്കുകയും ചെയ്താല്‍ അവനു നിലനില്ക്കുക സാധ്യമല്ല. അത് അവന്റെ അവസാനമായിരിക്കും.
27 : ശക്തനായ ഒരുവന്റെ ഭവനത്തില്‍ പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ചചെയ്യണമെങ്കില്‍, ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവര്‍ച്ചനടത്താന്‍ കഴിയൂ.
28 : സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും.
29 : എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. അവന് നിത്യപാപത്തിന് ഉത്തരവാദിയാകും.
30 : അവന് ഇങ്ങനെ പറഞ്ഞത്, തനിക്ക് അശുദ്ധാത്മാവുണ്ട് എന്ന് അവര്‍ പറഞ്ഞതിനാലാണ്.
31 : അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാന്‍ ആളയച്ചു.
32 : ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും നിന്നെക്കാണാന്‍ പുറത്തു നില്ക്കുന്നു.
33 : അവന് ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും?
34 : ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് അവന് പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും!
35 : ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.