P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 22
-
എലിഫാസ് മൂന്നാമതും സംസാരിക്കുന്നു
- Verse 1: തേമാന്യനായ എലിഫാസ് പറഞ്ഞു:
- Verse 2: ദൈവത്തിനു മനുഷ്യനെക്കൊണ്ട് എന്ത് ഉപകാരം? ഒരുവന് ജ്ഞാനിയായതുകൊണ്ട് പ്രയോജനം അവനു തന്നെ.
- Verse 3: നീ നീതിമാനായിരിക്കുന്നതുകൊണ്ട് സര്‍വശക്തനു നേട്ടമുണ്ടോ? നിന്റെ മാര്‍ഗം കുറ്റമറ്റതെങ്കില്‍ അവിടുത്തേക്ക് എന്തെങ്കിലും ലാഭമുണ്ടോ?
- Verse 4: നിന്റെ ഭക്തിനിമിത്തമാണോ അവിടുന്ന് നിന്നെ ശാസിക്കുകയും നിന്റെമേല്‍ ന്യായവിധി നടത്തുകയും ചെയ്യുന്നത്?
- Verse 5: നിന്റെ ദുഷ്ടത വലുതല്ലേ? നിന്റെ അകൃത്യങ്ങള്‍ക്കതിരില്ല.
- Verse 6: നീ സഹോദരരില്‍ നിന്ന് അകാരണമായി പണം ഈടാക്കി. വസ്ത്രം ഊരിയെടുത്ത് നീ അവരെ നഗ്നരാക്കി.
- Verse 7: ക്ഷീണിച്ചവനു നീ ദാഹജലം നല്‍കിയില്ല; വിശക്കുന്നവന്റെ അപ്പം പിടിച്ചുവയ്ക്കുകയും ചെയ്തു.
- Verse 8: ബലവാന് ഭൂമി കൈവശപ്പെടുത്തുകയും സമ്പന്നന് അവിടെ പാര്‍ക്കുകയും ചെയ്തു.
- Verse 9: വിധവകളെ നീ വെറുംകൈയോടെ പറഞ്ഞയച്ചു. അനാഥരുടെ ഭുജങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
- Verse 10: അതുകൊണ്ട്, നിന്നെ കെണികള്‍ വലയം ചെയ്തിരിക്കുന്നു. ക്ഷിപ്രഭീതി നിന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു.
- Verse 11: നിനക്കു കാണാന്‍ കഴിയാത്തവിധം നിന്റെ പ്രകാശം അന്ധകാരമായിരിക്കുന്നു; പെരുവെള്ളം നിന്നെ മൂടിയിരിക്കുന്നു.
- Verse 12: ദൈവം ആകാശങ്ങളില്‍ ഉന്നതനല്ലേ? ഏറ്റവും ഉയരത്തിലെ നക്ഷത്രങ്ങളെ നോക്കുക, അവ എത്ര ഉയരത്തിലാണ്!
- Verse 13: അതിനാല്‍ നീ പറയുന്നു: ദൈവം എന്തറിയുന്നു? കൂരിരുട്ടില്‍ അവിടുത്തേക്ക് വിധിക്കാന്‍ കഴിയുമോ?
- Verse 14: കാണാന്‍ സാധിക്കാത്തവിധം കനത്തമേഘങ്ങള്‍ അവിടുത്തെ വലയം ചെയ്തിരിക്കുന്നു. ആകാശവിതാനത്തില് അവിടുന്ന് സഞ്ചരിക്കുകയും ചെയ്യുന്നു.
- Verse 15: ദുഷ്ടന്മാര് സഞ്ചരിച്ച പഴയ മാര്‍ഗങ്ങളില്‍ നീ ഉറച്ചു നില്‍ക്കുമോ?
- Verse 16: കാലം തികയുന്നതിനു മുന്‍പേ അവര്‍ അപഹരിക്കപ്പെട്ടു. അവരുടെ അടിസ്ഥാനം ഒഴുകിപ്പോയി.
- Verse 17: അവര്‍ ദൈവത്തോടു പറഞ്ഞു: ഞങ്ങളെ വിട്ടകന്നുപോവുക. സര്വശക്തന് ഞങ്ങളോട് എന്തുചെയ്യാന്‍ കഴിയും?
- Verse 18: എന്നിട്ടും അവിടുന്ന് അവരുടെ ഭവനങ്ങളെ നന്മകള്കൊണ്ടു നിറച്ചു. എന്നാല്‍, ദുഷ്ടന്റെ ആലോചന എന്നില്‍ നിന്ന് അകലെയാണ്.
- Verse 19: നീതിമാന്മാര് അവരുടെ അവസാനം കണ്ട് സന്തോഷിക്കുന്നു. നിഷ്കളങ്കര്‍ അവരെ നോക്കി പരിഹസിച്ചു പറയുന്നു:
- Verse 20: തീര്‍ച്ചയായും ഞങ്ങളുടെ ശത്രുക്കള്‍പിഴുതെറിയപ്പെട്ടിരിക്കുന്നു. അവര്‍ അവശേഷിപ്പിച്ചത് അഗ്നിക്കിരയാവുകയും ചെയ്തു.
- Verse 21: ദൈവവുമായി രമ്യതയിലായി, സമാധാനത്തില്‍ കഴിയുക. അപ്പോള്‍ നിനക്കു നന്മ വരും.
- Verse 22: അവിടുത്തെ അധരങ്ങളില്‍ നിന്ന് ഉപദേശം സ്വീകരിക്കുക; അവിടുത്തെ വാക്കുകള്‍ നിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുക.
- Verse 23: സര്‍വശക്തന്റെ സന്നിധിയിലേക്കു തിരിച്ചു വരുകയും നിന്നെത്തന്നെ എളിമപ്പെടുത്തുകയും ചെയ്യുമെങ്കില്‍, നിന്റെ കൂടാരത്തില്‍ നിന്ന് അനീതിയെ നീ അകറ്റിക്കളയുമെങ്കില്‍,
- Verse 24: സ്വര്‍ണത്തെ പൊടിയിലും ഓഫീര്‍പ്പൊന്നിനെ നദീതടത്തിലെകല്ലുകള്‍ക്കിടയിലും എറിയുമെങ്കില്‍,
- Verse 25: സര്വശക്തന് നിനക്ക് സ്വര്‍ണവും വിലപിടിച്ച വെള്ളിയും ആകുമെങ്കില്‍,
- Verse 26: നീ സര്‍വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന്റെ നേരേമുഖമുയര്‍ത്തുകയും ചെയ്യും.
- Verse 27: നീ അവിടുത്തോടു പ്രാര്‍ഥിക്കുകയും അവിടുന്ന് ശ്രവിക്കുകയും ചെയ്യും; നിന്റെ നേര്‍ച്ചകള്‍ നീ നിറവേറ്റും.
- Verse 28: നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും; നിന്റെ പാതകള്‍ പ്രകാശിതമാകും.
- Verse 29: എന്തെന്നാല്‍, ദൈവം അഹങ്കാരിയെ താഴ്ത്തുകയും എളിയവനെ രക്ഷിക്കുകയും ചെയ്യും.
- Verse 30: നിരപരാധനെ അവിടുന്ന് രക്ഷിക്കുന്നു; നിന്റെ കരങ്ങളുടെ നൈര്‍മല്യം മൂലം നീ രക്ഷിക്കപ്പെടും.