P. O. C ബൈബിള്‍
പഴയ നിയമം
സംഖ്യ
അദ്ധ്യായം 34
കാനാന്‍ ദേശം, അതിരുകള്‍1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ ജനത്തോടു പറയുക: നിങ്ങള്‍ എത്തിച്ചേരാന്‍ പോകുന്നതും ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തരുന്നതുമായ കാനാന്‍ദേശത്തിന്റെ അതിരുകള്‍ ഇവയാണ്:
3 : തെക്കേ അതിര് ഏദോമിന്റെ അതിര്‍ത്തിയിലുള്ള സിന്‍മരുഭൂമി ആയിരിക്കും. കിഴക്ക് ഉപ്പുകടലിന്റെ അറ്റത്തായിരിക്കും അതാരംഭിക്കുക.
4 : അവിടെനിന്നു തെക്കോട്ട്, അക്രാബിം ചരുവിലേക്കു തിരിഞ്ഞു സിന്‍മരുഭൂമി കടന്നു തെക്കുള്ള കാദെഷ്ബര്‍ണയായിലും അവിടെനിന്നു തിരിഞ്ഞ് അസാര് അദ്ദാര്‍, ഹസ്മോണ്‍ ഇവ കടന്ന്,
5 : ഈജിപ്തിലെ അരുവിക്കുനേരേ തിരിഞ്ഞു കടലില്‍ച്ചെന്ന് അതവസാനിക്കും.
6 : പടിഞ്ഞാറേ അതിര്‍ത്തി മഹാസമുദ്രവും അതിന്റെ തീരവും ആയിരിക്കും.
7 : നിങ്ങളുടെ വടക്കേ അതിര്, മഹാസമുദ്രം മുതല്‍ ഹോര്‍മലവരെയും
8 : അവിടെനിന്നു ഹമാത്തിന്റെ കവാടത്തിലൂടെ സേദാദ് വരെയും,
9 : അവിടെനിന്നു സിഫ്രോന്‍ കടന്നു ഹസാര്‍ ഏനാന്‍ വരെയും ആണ്.
10 : കിഴക്കേ അതിര് ഹസാര്‍ ഏനാനില്‍ ആരംഭിച്ചു ഷെഫാമിലൂടെ
11 : താഴോട്ട് ആയിന്റെ കിഴക്കു റിബ്ളാ വരെ എത്തി, വീണ്ടും താഴോട്ടിറങ്ങി കിഴക്കു കിന്നേരത്തു കടലിന്റെ കിഴക്കേ തീരത്ത് എത്തി,
12 : ജോര്‍ദാന്‍ വഴി ഉപ്പുകടലില്‍ അവസാനിക്കും. ഇവയായിരിക്കും അതിരുകള്‍.
13 : മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങളുടെ ഒമ്പതരഗോത്രങ്ങള്‍ക്കു കൊടുക്കാന്‍ കര്‍ത്താവു കല്പിച്ചിട്ടുള്ളതും നിങ്ങള്‍ കുറിയിട്ട് അവകാശപ്പെടുത്തേണ്ടതുമായ ദേശം ഇതാണ്.
14 : റൂബന്‍, ഗാദ് ഗോത്രങ്ങളും മനാസ്സെയുടെ അര്‍ധഗോത്രങ്ങളും
15 : ജോര്‍ദാനിക്കരെ ജറീക്കോയുടെ കിഴക്കുവശത്ത് അവകാശം സ്വീകരിച്ചുകഴിഞ്ഞല്ലോ.
16 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :
17 : പുരോഹിതന് എലെയാസറും നൂനിന്റെ മകന് ജോഷ്വയുമാണ് നിങ്ങള്‍ക്കു ദേശം അവകാശമായി വിഭജിച്ചുതരേണ്ടത്.
18 : അവരോടൊപ്പം ഓരോ ഗോത്രത്തിലും നിന്ന് ഓരോ നേതാവിനെ തിരഞ്ഞെടുക്കണം.
19 : താഴെ പറയുന്നവരാണ് അവര്‍: യൂദാ ഗോത്രത്തില്‍ നിന്നു യഫുന്നയുടെ മകന് കാലെബ്,
20 : ശിമയോന് ഗോത്രത്തില്‍ നിന്ന് അമ്മിഹൂദിന്റെ മകന് ഷെമുവേല്‍,
21 : ബഞ്ചമിന് ഗോത്രത്തില്‍ നിന്നു കിസ്ലോന്റെ മകന് എലിദാദ്,
22 : ദാന്‍ ഗോത്രത്തില്‍ നിന്നു യൊഗ്ളിയുടെ മകന് ബുക്കി,
23 : ജോസഫിന്റെ പുത്രന്മാരില് മനാസ്സെയുടെ ഗോത്രത്തില്‍ നിന്ന് എഫൊദിന്റെ മകന് ഹന്നിയേല്‍,
24 : എഫ്രായിം ഗോത്രത്തില്‍ നിന്നു ഷിഫ്താന്റെ മകന് കെമുവേല്‍,
25 : സെബുലൂണ്‍ ഗോത്രത്തില്‍ നിന്നു പര്‍നാക്കിന്റെ മകന് എലിസാഫാന്‍,
26 : ഇസാക്കര്‍ ഗോത്രത്തില്‍ നിന്ന് അസ്സാന്റെ മകന് പല്‍തിയേല്‍,
27 : ആഷേര്‍ ഗോത്രത്തില്‍ നിന്നു ഷെലോമിയുടെ മകന് അഹിഹൂദ്,
28 : നഫ്താലി ഗോത്രത്തില്‍ നിന്ന് അമ്മിഹൂദിന്റെ മകന് പെദാഹേല്‍.
29 : ഇസ്രായേല്‍ജനത്തിനു കാനാന്‍ ദേശത്ത് അവകാശം ഭാഗിച്ചു കൊടുക്കുന്നതിനു കര്‍ത്താവു നിയമിച്ചത് ഇവരെയാണ്.