P. O. C ബൈബിള്‍
പഴയ നിയമം
ഉല്പത്തി പുസ്തകം
അദ്ധ്യായം 39
ജോസഫും പൊത്തിഫറും1 : ജോസഫിനെ അവര്‍ ഈജിപ്തിലേക്കു കൊണ്ടുപോയി. അവനെ അവിടെ കൊണ്ടു ചെന്ന ഇസ്മായേല്യരുടെ അടുക്കല്‍നിന്ന് ഫറവോയുടെ ഒരു ഉദ്യോഗസ്ഥനും കാവല്‍പ്പടയുടെ നായകനുമായ പൊത്തിഫര്‍ അവനെ വിലയ്ക്കു വാങ്ങി.
2 : കര്‍ത്താവ് ജോസഫിന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവന് ശ്രേയസ്സുണ്ടായി. ഈജിപ്തുകാരനായ യജമാനന്റെ വീട്ടിലായിരുന്നു അവന് .
3 : കര്‍ത്താവ് അവന്റെ കൂടെ ഉണ്ടെന്നും അവന് ചെയ്യുന്നതൊക്കെ അവിടുന്നു മംഗളകരമാക്കുന്നെന്നും അവന്റെ യജമാനനു മനസ്സിലായി.
4 : അവന് യജമാനന്റെ പ്രീതിക്കു പാത്രമായി. അവന് പൊത്തിഫറിനെ ശുശ്രൂഷിച്ചു. തന്റെ വീടിന്റെ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്റേയും ചുമതലയും അവന് ജോസഫിനെ ഏല്പിച്ചു.
5 : ആ ഈജിപ്തുകാരന് വീടിന്റെ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്റെയും ചുമതലയും ജോസഫിനെ ഏല്പിച്ച നാള് മുതല്‍ ജോസഫിനെ ഓര്‍ത്തു കര്‍ത്താവ് അവന്റെ വീടിനെ അനുഗ്രഹിച്ചു. അവന്റെ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്റെയുംമേല്‍ കര്‍ത്താവിന്റെ അനുഗ്രഹമുണ്ടായി.
6 : അവന് തന്റെ വസ്തുക്കളെല്ലാം ജോസഫിനെ ഭരമേല്പിച്ചതിനാല് ഭക്ഷണത്തിലല്ലാതെ മറ്റൊന്നിലും അവനു ശ്രദ്ധിക്കേണ്ടിയിരുന്നില്ല.
7 : ജോസഫ് വടിവൊത്ത ശരീരമുള്ളവനും സുമുഖനുമായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന്റെ യജമാനന്റെ ഭാര്യയ്ക്ക് അവനില്‍ അഭിലാഷം തോന്നി. എന്റെ കൂടെ ശയിക്കുക. അവള് അവനോട് ആവശ്യപ്പെട്ടു.
8 : പക്ഷേ, അവന് വഴങ്ങിയില്ല. അവന് അവളോടു പറഞ്ഞു: ഞാന്‍ ഉള്ളതുകൊണ്ട് യജമാനന് വീട്ടിലുള്ള ഒന്നിനെക്കുറിച്ചും ശ്രദ്ധിക്കാറില്ല.
9 : എല്ലാം അവന് എന്റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു. എന്നെക്കാള്‍ വലിയവനായി ആരും ഈ ഭവനത്തിലില്ല. എന്റെ മേല്‍നോട്ടത്തില്‍ നിന്നു നിങ്ങളെയല്ലാതെ മറ്റൊന്നും അവന് മാറ്റി നിര്‍ത്തിയിട്ടില്ല. അതു നിങ്ങള്‍ അവന്റെ ഭാര്യയായതുകൊണ്ടാണ്. ഞാന്‍ എങ്ങനെയാണ് ഇത്ര നീചമായി പ്രവര്‍ത്തിച്ചു ദൈവത്തിനെതിരേ പാപം ചെയ്യുക?
10 : അനുദിനം അവള് പറഞ്ഞിട്ടും അവളുടെകൂടെ ശയിക്കാനോ അവളുടെയടുത്തിരിക്കാനോ അവന് കൂട്ടാക്കിയില്ല.
11 : ഒരു ദിവസം ജോസഫ് ജോലിചെയ്യാനായി വീട്ടിനുളളില്‍ പ്രവേശിച്ചു.
12 : വേലക്കാര്‍ ആരും അകത്തില്ലായിരുന്നു. അപ്പോള്‍ അവള് അവന്റെ മേലങ്കിയില്‍ കടന്നുപിടിച്ചുകൊണ്ടു പറഞ്ഞു: എന്റെ കൂടെ ശയിക്കുക.
13 : മേലങ്കി അവളുടെ കൈയില്‍ വിട്ടിട്ട് അവന് ഓടി വീട്ടില്‍നിന്നും പുറത്തുവന്നു. കുപ്പായം തന്റെ കൈയില്‍ വിട്ടിട്ട് അവന് വീട്ടിനു പുറത്തേക്ക് ഓടിയെന്നു കണ്ടപ്പോള്‍ അവള് വീട്ടിലുള്ളവരെ വിളിച്ചു പറഞ്ഞു:
14 : നമുക്ക് അപമാനംവരുത്താന്‍ അവന് ഇതാ ഒരു ഹെബ്രായനെ കൊണ്ടുവന്നിരിക്കുന്നു. എന്നോടൊത്തു ശയിക്കാന്‍ അവന് എന്നെ സമീപിച്ചു.
15 : എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്റെ നിലവിളി കേട്ടപ്പോള്‍ അവന് പുറങ്കുപ്പായം എന്റെ അരികില്‍ ഇട്ടിട്ട് ഓടി വീട്ടില്‍നിന്ന് പുറത്തുകടന്നു.
16 : അവന്റെ യജമാനന് തിരിച്ചുവരുവോളം അവള് ആ കുപ്പായം സൂക്ഷിച്ചു.
17 : അവള് അവനോട് ഇപ്രകാരം പറഞ്ഞു: അങ്ങുകൊണ്ടുവന്ന ഹെബ്രായവേലക്കാരന്‍ അപമാനിക്കാനായി എന്നെ സമീപിച്ചു.
18 : എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ അവന് പുറങ്കുപ്പായം ഉപേക്ഷിച്ചിട്ട് വീട്ടില്‍നിന്ന് ഓടി പുറത്തുകടന്നു.
19 : ഇതാണ് അങ്ങയുടെവേലക്കാരന്‍ എന്നോടു ചെയ്തത്. തന്റെ ഭാര്യ പറഞ്ഞതു കേട്ടപ്പോള്‍ അവന്റെ യജമാനന് രോഷാകുലനായി.
20 : അവന് ജോസഫിനെ രാജാവിന്റെ തടവുകാരെ ഇട്ടിരുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ അവന് കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടി.
21 : കര്‍ത്താവ് ജോസഫിന്റെ കൂടെയുണ്ടായിരുന്നു. അവിടുന്ന് അവനോടു കാരുണ്യം കാണിച്ചു. അവനു കാരാഗൃഹസൂക്ഷിപ്പുകാരന്റെ പ്രീതി ലഭിക്കുവാന്‍ ഇടയാക്കുകയുംചെയ്തു.
22 : കാരാഗൃഹസൂക്ഷിപ്പുകാരന്‍ തടവുകാരുടെയെല്ലാം മേല്‍നോട്ടം ജോസഫിനെ ഏല്പിച്ചു.
23 : അവിടെ എല്ലാം ജോസഫിന്റെ മേല്‍നോട്ടത്തിലാണു നടന്നത്. ജോസഫിനെ ഭരമേല്പിച്ച ഒരു കാര്യത്തിലും കാരാഗൃഹസൂക്ഷിപ്പുകാരന്‍ ഇടപെട്ടില്ല. കാരണം, കര്‍ത്താവ് അവന്റെ കൂടെ ഉണ്ടായിരുന്നു. അവന് ചെയ്തതൊക്കെ കര്‍ത്താവു ശുഭമാക്കുകയും ചെയ്തു.