P. O. C ബൈബിള്‍
പഴയ നിയമം
തോബിത്
അദ്ധ്യായം 11
-
തോബിത് സുഖം പ്രാപിക്കുന്നു
- Verse 1: യാത്ര മംഗളകരമാക്കിയതിനു ദൈവത്തെ സ്തുതിച്ചുകൊണ്ടു തോബിയാസ് മടങ്ങിപ്പോയി. അവന് റഗുവേലിനും അവന്റെ ഭാര്യ എദ്നായ്ക്കും മംഗളം നേര്‍ന്നു. യാത്ര ചെയ്ത് അവന് നിനെവേക്ക് അടുത്തെത്തി.
- Verse 2: അപ്പോള്‍ റഫായേല്‍ തോബിയാസിനോടു പറഞ്ഞു: സഹോദരാ, ഏതു നിലയിലാണു പിതാവിനെ നീ വിട്ടുപോന്നതെന്ന് ഓര്‍ക്കുന്നില്ലേ?
- Verse 3: നമുക്കു വേഗം നിന്റെ ഭാര്യയ്ക്കു മുന്‍പേ പോയി വീട്ടില്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്യാം.
- Verse 4: മത്സ്യത്തിന്റെ കയ്പകൂടി എടുത്തുകൊള്ളൂ. അവര്‍ പോയി. നായ് അവരുടെ പുറകേ ഉണ്ടായിരുന്നു.
- Verse 5: അന്ന മകനെ നോക്കി വഴിയില്‍ കണ്ണുനട്ടിരിക്കുകയായിരുന്നു.
- Verse 6: അവന് വരുന്നതുകണ്ട് അവള് അവന്റെ പിതാവിനോടു പറഞ്ഞു: ഇതാ, നിന്റെ പുത്രന് വരുന്നു; അവനോടുകൂടെ പോയ ആളുമുണ്ട്.
- Verse 7: റഫായേല്‍ പറഞ്ഞു: തോബിയാസ്, നിന്റെ പിതാവിനു കാഴ്ച ലഭിക്കുമെന്ന് എനിക്കറിയാം.
- Verse 8: കയ്പ അവന്റെ കണ്ണുകളില്‍ പുരട്ടണം. ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ അവന് കണ്ണു തിരുമ്മും. അപ്പോള്‍ വെളുത്ത പാടകള്‍ പൊഴിഞ്ഞു വീഴുകയും അവന് നിന്നെ കാണുകയും ചെയ്യും.
- Verse 9: അന്ന ഓടിച്ചെന്ന് മകനെ ആശ്ലേഷിച്ചു. അവള് അവനോടു പറഞ്ഞു: എന്റെ കുഞ്ഞേ, നിന്നെ കാണാന്‍ എനിക്ക് ഇടയായി. ഇനി മരിക്കാന്‍ ഞാന്‍ ഒരുക്കമാണ്. അവര്‍ ഇരുവരും കരഞ്ഞു.
- Verse 10: വാതില്ക്കലേക്കു വരുമ്പോള്‍ തോബിത്തിന് കാലിടറി.
- Verse 11: പുത്രന് ഓടിയെത്തി പിതാവിനെ താങ്ങി. കണ്ണുകളില്‍ കയ്പ പുരട്ടിക്കൊണ്ട് അവന് പറഞ്ഞു: പിതാവേ, സന്തോഷമായിരിക്കൂ.
- Verse 12: ചൊറിച്ചില്‍ തോന്നിയപ്പോള്‍ തോബിത് കണ്ണുതിരുമ്മി.
- Verse 13: വെളുത്ത പാട കണ്‍കോണുകളില്‍ നിന്നു പൊഴിഞ്ഞു വീണു.
- Verse 14: അപ്പോള്‍ അവന് പുത്രനെ കണ്ടു; അവനെ ആലിംഗനം ചെയ്ത് കരഞ്ഞു കൊണ്ടു പറഞ്ഞു: ദൈവമേ, അങ്ങ് വാഴ്ത്തപ്പെട്ടവനാണ്. അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തപ്പെട്ടതാണ്. അവിടുത്തെ വിശുദ്ധ ദൂതന്മാരും വാഴ്ത്തപ്പെട്ടവരാണ്.
- Verse 15: അവിടുന്ന് എനിക്കു ദുരിതങ്ങള്‍ അയച്ചു. എന്നാലും എന്നോടു കരുണ കാട്ടി. ഇതാ, എന്റെ മകന് തോബിയാസിനെ ഞാന്‍ കാണുന്നു. അവന്റെ മകന് സന്തോഷത്തോടെ വീട്ടിനുള്ളില്‍ പ്രവേശിച്ച് മേദിയായില്‍ തനിക്കു സംഭവിച്ച വലിയ കാര്യങ്ങള്‍ പിതാവിനെ അറിയിച്ചു.
- Verse 16: തോബിത് സന്തോഷത്തോടെ ദൈവത്തെ സ്തുതിച്ചുകൊണ്ട് മരുമകളെ സ്വീകരിക്കാന്‍ നിനെവേ നഗരത്തിന്റെ കവാടത്തിലേക്കു പുറപ്പെട്ടു. കണ്ടവരെല്ലാം അവനു കാഴ്ച വീണ്ടു കിട്ടിയതില്‍ വിസ്മയിച്ചു.
- Verse 17: തന്നോടു കരുണ കാണിച്ച ദൈവത്തെ അവരുടെ മുന്‍പില്‍വച്ചു തോബിത് സ്തുതിച്ചു. അവന് തന്റെ മരുമകള്‍ സാറായുടെ അടുത്തെത്തി, അവളെ അനുഗ്രഹിച്ചു കൊണ്ടു പറഞ്ഞു: മകളേ, സ്വാഗതം! നിന്നെ ഞങ്ങളുടെ അടുത്തേക്കു കൊണ്ടുവന്ന ദൈവം വാഴ്ത്തപ്പെടട്ടെ! നിന്റെ മാതാപിതാക്കള്‍ അനുഗൃഹീതരാണ്. അങ്ങനെ നിനെവേയില്‍ അവന്റെ സഹോദരരുടെ ഇടയില്‍ ആനന്ദം കളിയാടി.
- Verse 18: അഹിക്കാറും അനന്തരവന് നാദാബും വന്നു.
- Verse 19: തോബിയാസിന്റെ വിവാഹം ഏഴുദിവസം ആര്‍ഭാടപൂര്‍വം ആഘോഷിച്ചു.