வேதாகமம்
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 139
-
എല്ലാം കാണുന്ന ദൈവം
- Verse 1: കര്‍ത്താവേ, അവിടുന്ന് എന്നെപരിശോധിച്ചറിഞ്ഞിരിക്കുന്നു.
- Verse 2: ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്നു മനസ്സിലാക്കുന്നു.
- Verse 3: എന്റെ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു; എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.
- Verse 4: ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ കര്‍ത്താവേ, അത് അവിടുന്ന് അറിയുന്നു.
- Verse 5: മുന്‍പിലും പിന്പിലും അവിടുന്ന്എനിക്കു കാവല്നില്ക്കുന്നു; അവിടുത്തെ കരം എന്റെ മേലുണ്ട്.
- Verse 6: ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു; എനിക്ക് അപ്രാപ്യമാംവിധം അത് ഉന്നതമാണ്.
- Verse 7: അങ്ങയില്‍നിന്നു ഞാന്‍ എവിടെപ്പോകും? അങ്ങയുടെ സന്നിധിവിട്ടുഞാന്‍ എവിടെ ഓടിയൊളിക്കും?
- Verse 8: ആകാശത്തില്‍ കയറിയാല്‍അങ്ങ് അവിടെയുണ്ട്; ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍അങ്ങ് അവിടെയുണ്ട്;
- Verse 9: ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ചുസമുദ്രത്തിന്റെ അതിര്‍ത്തിയില്‍ചെന്നുവസിച്ചാല്‍
- Verse 10: അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും; അങ്ങയുടെ വലത്തുകൈ എന്നെ പിടിച്ചുനടത്തും.
- Verse 11: ഇരുട്ട് എന്നെ മൂടട്ടെ, എന്റെ ചുറ്റുമുള്ളപ്രകാശം ഇരുട്ടായിത്തീരട്ടെഎന്നു ഞാന്‍ പറഞ്ഞാല്‍,
- Verse 12: ഇരുട്ടുപോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല; രാത്രി പകല്‍പോലെ പ്രകാശപൂര്‍ണമായിരിക്കും; എന്തെന്നാല്‍, അങ്ങേക്ക് ഇരുട്ടുപ്രകാശം പോലെതന്നെയാണ്.
- Verse 13: അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു.
- Verse 14: ഞാന്‍ അങ്ങയെ സ്തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു; അവിടുത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്. എനിക്കതു നന്നായി അറിയാം.
- Verse 15: ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചുസൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.
- Verse 16: എനിക്കു രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു.
- Verse 17: ദൈവമേ, അവിടുത്തെ ചിന്തകള്‍ എനിക്ക് എത്ര അമൂല്യമാണ്! അവ എത്ര വിപുലമാണ്!
- Verse 18: ഞാന്‍ എണ്ണാന്‍ നോക്കിയാല്‍ അവ മണല്‍ത്തരികളെക്കാളധികമാണ്, ഉണരുമ്പോള്‍ ഞാന്‍ അങ്ങയുടെ കൂടെ ആയിരിക്കും.
- Verse 19: ദൈവമേ, അവിടുന്നു ദുഷ്ടനെനിഗ്രഹിച്ചെങ്കില്! കൊലയാളികള്‍ എന്നെ വിട്ടകന്നെങ്കില്‍!
- Verse 20: അവര്‍ അങ്ങയെ നീചമായി ധിക്കരിക്കുന്നു; അങ്ങയുടെ നാമത്തെ ദുഷിക്കുന്നു.
- Verse 21: കര്‍ത്താവേ, അങ്ങയെ വെറുക്കുന്നവരെഞാന് വെറുക്കുന്നില്ലയോ? അങ്ങയെ എതിര്ക്കുന്നവരെഞാന് ദ്വേഷിക്കുന്നില്ലയോ?
- Verse 22: ഞാന്‍ അവരെ പരിപൂര്‍ണമായി വെറുക്കുന്നു; അവരെ ശത്രുക്കളായി ഞാന്‍ പരിഗണിക്കുന്നു.
- Verse 23: ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങള്‍ മനസ്സിലാക്കണമേ!
- Verse 24: വിനാശത്തിന്റെ മാര്‍ഗത്തിലാണോ ഞാന്‍ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!