P. O. C ബൈബിള്‍
പഴയ നിയമം
പ്രഭാഷകന്‍
അദ്ധ്യായം 35
1 : നിയമം പാലിക്കുന്നത് നിരവധിബലികള്‍ അര്‍പ്പിക്കുന്നതിനുതുല്യമാണ്;
2 : കല്പനകള് അനുസരിക്കുന്നത്സമാധാനബലിക്കു തുല്യവും.
3 : കരുണയ്ക്കു പകരം കരുണ കാണിക്കുന്നത് ധാന്യബലിക്കു തുല്യമാണ്;
4 : ഭിക്ഷ കൊടുക്കുന്നവന് കൃതജ്ഞതാബലി അര്‍പ്പിക്കുന്നു.
5 : ദുഷ്ടതയില്‍നിന്ന് ഒഴിയുന്നത്കര്‍ത്താവിനു പ്രീതികരമാണ്; അനീതി വര്‍ജിക്കുകപാപപരിഹാരബലിയാണ്.
6 : വെറും കൈയോടെ കര്‍ത്താവിനെ സമീപിക്കരുത്.
7 : എന്തെന്നാല്‍, ഇവയെല്ലാം അനുഷ്ഠിക്കാന്‍ നിയമം അനുശാസിക്കുന്നു.
8 : നീതിമാന്റെ ബലി, ബലിപീഠത്തെഅഭിഷേകം ചെയ്യുന്നു; അതിന്റെ സുഗന്ധം അത്യുന്നതന്റെ സന്നിധിയിലേക്ക് ഉയരുന്നു.
9 : നീതിമാന്റെ ബലി സ്വീകാര്യമാണ്;അതു വിസ്മരിക്കപ്പെടുകയില്ല.
10 : കര്‍ത്താവിനെ മനം തുറന്നു മഹത്വപ്പെടുത്തുക; ആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ലുബ്ധു കാട്ടരുത്.
11 : കാഴ്ച സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത്; സന്തോഷത്തോടെ ദശാംശം കൊടുക്കുക.
12 : അത്യുന്നതന് നല്‍കിയതുപോലെഅവിടുത്തേക്ക് തിരികെക്കൊടുക്കുക; കഴിവിനൊത്ത് ഉദാരമായി കൊടുക്കുക.
13 : കര്‍ത്താവ് പ്രതിഫലം നല്കുന്നവനാണ്; അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും.
14 : കര്‍ത്താവിനു കൈക്കൂലി കൊടുക്കരുത്; അവിടുന്ന് സ്വീകരിക്കുകയില്ല.
15 : അനീതിപൂര്‍വമായ ബലിയില്‍ആശ്രയിക്കരുത്; കര്‍ത്താവ് പക്ഷപാതമില്ലാത്തന്യായാധിപനാണ്.
16 : അവിടുന്ന് ദരിദ്രനോടു പക്ഷപാതംകാണിക്കുന്നില്ല; തിന്മയ്ക്കു വിധേയനായവന്റെ പ്രാര്‍ഥന അവിടുന്ന് കേള്‍ക്കും.
17 : അനാഥന്റെ പ്രാര്‍ഥനയോവിധവയുടെ പരാതികളോഅവിടുന്ന് അവഗണിക്കുകയില്ല.
18 : തന്റെ കണ്ണീരിനു കാരണമായവനെതിരായിവിധവ വിലപിക്കുമ്പോള്‍
19 : അവളുടെകവിളിലൂടെ കണ്ണീര് ഒഴുകുകയില്ലേ?
20 : കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവന്‍ സ്വീകാര്യനാണ്; അവന്റെ പ്രാര്‍ഥന മേഘങ്ങളോളം എത്തുന്നു.
21 : വിനീതന്റെ പ്രാര്‍ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു; അതു കര്‍ത്തൃസന്നിധിയിലെത്തുന്നതുവരെ അവന് സ്വസ്ഥനാവുകയില്ല;
22 : ന്യായവിധി നടത്തി നിഷ്കളങ്കനുനീതി നല്കാന് അത്യുന്നതന്‍സന്ദര്‍ശിക്കുന്നതുവരെ അവന് പിന്‍വാങ്ങുകയില്ല.
23 : കര്‍ത്താവ് വൈകുകയോസ്വസ്ഥനായിരിക്കുകയോ ഇല്ല. അവിടുന്ന് നിര്‍ദയന്റെ അരക്കെട്ട്തകര്‍ക്കുകയും ജനതകളോടുപകരംവീട്ടുകയും ചെയ്യും. ധിക്കാരികളുടെ കൂട്ടത്തെനിര്‍മാര്‍ജനം ചെയ്യുകയും അനീതി പ്രവര്‍ത്തിക്കുന്നവന്റെ ചെങ്കോല്‍ തകര്‍ത്തുകളയുകയും ചെയ്യും.
24 : മനുഷ്യനു പ്രവൃത്തിക്കൊത്തുംപ്രയത്നങ്ങള്‍ക്ക് അവയുടെവൈഭവത്തിന് അനുസരിച്ചുംഅവിടുന്ന് പ്രതിഫലം നല്‍കും;
25 : തന്റെ ജനത്തിന്റെ പരാതികള്‍ക്കുവിധി കല്പിച്ച് തന്റെ കരുണയില്‍അവരെ ആനന്ദിപ്പിക്കും.
26 : വരള്‍ച്ചയുടെ നാളുകളില്‍ മഴക്കാറുപോലെ കഷ്ടതയില്‍ കര്‍ത്താവിന്റെ കരുണആശ്വാസപ്രദമാണ്.