P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 39
1 : കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍പേടകളുടെ ഈറ്റുനോവ് നീ കണ്ടിട്ടുണ്ടോ?
2 : അവയുടെ ഗര്‍ഭകാലം നിനക്കു കണക്കുകൂട്ടാമോ? അവ പ്രസവിക്കുന്ന സമയം നിനക്കറിയാമോ?
3 : എപ്പോള്‍ അവ കുനിഞ്ഞ് കുഞ്ഞുങ്ങളെ പ്രസവിക്കുകയും അവയുടെ നോവ് നിലയ്ക്കുകയും ചെയ്യുന്നു?
4 : അവയുടെ കുഞ്ഞുങ്ങള്‍ ബലപ്പെട്ട് വിജനസ്ഥലത്തു വളരുന്നു. അവ പിരിഞ്ഞുപോകുന്നു; മടങ്ങി വരുന്നില്ല.
5 : കാട്ടുകഴുതയെ അഴിച്ചുവിട്ടതാര്? അതിനു സ്വാതന്ത്ര്യം നല്‍കിയത് ആര്?
6 : ഞാന്‍ അതിന് പുല്പുറങ്ങള് പാര്‍പ്പിടവും, ഉപ്പുഭൂമി വീടുമായി നല്കി.
7 : അതു പട്ടണത്തിലെ ആരവത്തെ നിന്ദിക്കുന്നു; മേയിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നില്ല.
8 : മലനിരകളെ അത് മേച്ചില്പുറമാക്കുന്നു; പച്ചയായത് ഏതും അതു തേടുന്നു.
9 : കാട്ടുപോത്ത് നിന്നെ സേവിക്കുമോ? നിന്റെ തൊഴുത്തില്‍ അതു രാത്രികഴിച്ചുകൂട്ടുമോ?
10 : നിന്റെ ഉഴവുചാലിലേക്ക് അതിനെകയറിട്ടു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ കട്ട നിരത്തുമോ?
11 : അതു കരുത്തുള്ളതാകയാല്‍ നീ അതിനെ ആശ്രയിക്കുമോ? നിന്റെ ജോലി അതിനെ ഏല്പിക്കുമോ?
12 : അതു നിന്റെ ധാന്യം മെതിക്കളത്തിലേക്കു കൊണ്ടുവരുമെന്നു നീ വിശ്വസിക്കുമോ?
13 : ഒട്ടകപ്പക്ഷി അഭിമാനത്തോടെ ചിറകു വീശുന്നു. എന്നാല്‍, അതിനു കൊക്കിനെയോ കഴുകനെയോ പോലെ പറക്കാന്‍ കഴിയുമോ?
14 : അവ മുട്ട മണ്ണില്‍ ഉപേക്ഷിച്ചുപോകുന്നു; മണ്ണ് അതിനെ ചൂടു നല്കി വിരിക്കുന്നു.
15 : ചവിട്ടുകൊണ്ട് അത് ഉടഞ്ഞുപോയേക്കുമെന്നോ, വന്യമൃഗം അവയെ ചവിട്ടിത്തേക്കുമെന്നോഅത് ഓര്‍ക്കുന്നില്ല.
16 : അതു കുഞ്ഞുങ്ങളോട് ക്രൂരമായിപ്പെരുമാറുന്നു. അതുകണ്ടാല്‍ അവ അതിന്റേതല്ലെന്നു തോന്നും. ഈറ്റുനോവു പാഴായിപ്പോയാലും അതിന് ഒന്നുമില്ല.
17 : എന്തെന്നാല്‍, ദൈവം അതിന് ജ്ഞാനം നല്‍കിയില്ല. വിവേകത്തില്‍ പങ്കും കൊടുത്തില്ല.
18 : ഉണര്‍വോടെ പായുമ്പോള്‍ അത് കുതിരയെയും കുതിരക്കാരനെയും പിന്തള്ളുന്നു.
19 : കുതിരയ്ക്കു കരുത്തുകൊടുക്കുന്നത് നീയാണോ? അതിന്റെ കഴുത്തില്‍ ശക്തിധരിപ്പിച്ചതു നീയോ?
20 : അതിനെ വെട്ടുകിളിയെപ്പോലെ ചാടിക്കുന്നത് നീയോ? അതിന്റെ ശക്തിയേറിയ ചീറ്റല്‍ ഭയജനകമാണ്.
21 : അവന് സമതലത്തില്‍ മാന്തി ഊറ്റം കാണിച്ച് ഉല്ലസിക്കുന്നു. ആയുധങ്ങള്‍ക്കെതിരേ പാഞ്ഞു ചെല്ലുന്നു.
22 : അവന് ഭയത്തെ പുച്ഛിക്കുന്നു; സംഭീതനാകുന്നില്ല. അവന് വാളില്‍ നിന്ന് പിന്തിരിഞ്ഞോടുന്നില്ല.
23 : അവന്റെ മേല്‍ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുങ്ങുന്നു.
24 : അവന് ഉഗ്രതയും കോപവും പൂണ്ട്ദൂരം പിന്നിടുന്നു. കാഹളനാദം കേട്ടാല്‍ നിശ്ചലനായി നില്ക്കാന് അവനു കഴിയുകയില്ല.
25 : കാഹളം കേള്‍ക്കുമ്പോള്‍ അവന് ഹേഷാരവം മുഴക്കുന്നു. അവന് അകലെ നിന്നു തന്നെ യുദ്ധം മണത്തറിയുന്നു. സൈന്യാധിപന്മാരുടെ അട്ടഹാസവും ആജ്ഞാ സ്വരവും തിരിച്ചറിയുന്നു.
26 : നിന്റെ ജ്ഞാനം കൊണ്ടാണോ പരുന്ത് ഉയരുകയും ചിറകുകള് തെക്കോട്ട് വിടര്‍ത്തുകയും ചെയ്യുന്നത്?
27 : നിന്റെ കല്പനയാലാണോ കഴുകന് പറന്നുയരുകയും ഉയരത്തില്‍ കൂടു കൂട്ടുകയും ചെയ്യുന്നത്?
28 : അതു പാറപ്പുറത്ത്, ആര്‍ക്കും കയറാന്‍പറ്റാത്ത പാറക്കൂട്ടങ്ങളുടെതുഞ്ചത്ത്, പാര്‍ക്കുന്നു.
29 : അവിടെ നിന്ന് അത് ഇര തിരയുന്നു. അതിന്റെ കണ്ണ് ദൂരെ നിന്ന് ഇരയെ കാണുന്നു.
30 : അതിന്റെ കുഞ്ഞുങ്ങള്‍ രക്തം വലിച്ചു കുടിക്കുന്നു; ശവമുള്ളിടത്ത് അവനും ഉണ്ട്.