P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 15
എലിഫാസ് വീണ്ടും സംസാരിക്കുന്നു1 : തേമാന്യനായ എലിഫാസ് പറഞ്ഞു: ബുദ്ധിമാന് പൊള്ളവാക്കുകള്‍കൊണ്ടു വാദിക്കുമോ?
2 : അവന് കിഴക്കന്‍ കാറ്റുകൊണ്ടു തന്നെത്തന്നെ നിറയ്ക്കുമോ?
3 : നിഷ്പ്രയോജനമായ വിവാദത്തില്‍ അവന് ഏര്‍പ്പെടുമോ? ഉപകാരമില്ലാത്ത വാക്കുകള്‍ അവന് ഉപയോഗിക്കുമോ?
4 : എന്നാല്‍ , നിനക്കു ദൈവഭയം ഇല്ലാതായിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ചിന്തപോലും നിന്റെ മനസ്സിലില്ല.
5 : അകൃത്യങ്ങളാണു നിന്റെ നാവിനെ ഉപദേശിക്കുന്നത്. വഞ്ചനയുടെ ഭാഷയാണു നീ തിരഞ്ഞെടുക്കുന്നത്.
6 : ഞാനല്ല നീ തന്നെയാണു നിന്നെ കുറ്റപ്പെടുത്തുന്നത്. നിന്റെ അധരം തന്നെ നിനക്കെതിരേ സാക്ഷ്യം നല്കുന്നു.
7 : നീയാണോ ആദ്യത്തെ മനുഷ്യന് ? പര്‍വതങ്ങള്‍ക്കു മുന്‍പേ നീ ജനിച്ചുവോ?
8 : ദൈവത്തിന്റെ ആലോചനാസഭയിലെ വിചിന്തനങ്ങള്‍ നീ കേട്ടിട്ടുണ്ടോ? ജ്ഞാനം മുഴുവന്‍ നീ കൈയടക്കി വച്ചിട്ടുണ്ടോ?
9 : ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത എന്താണ് നിനക്ക് അറിയാവുന്നത്? ഞങ്ങള്‍ക്കു വ്യക്തമല്ലാത്ത എന്താണ് നീ മനസ്സിലാക്കിയിട്ടുള്ളത്?
10 : നര ബാധിച്ചവരും വൃദ്ധരും ഞങ്ങളുടെ ഇടയിലുണ്ട്, അവര്‍ക്കു നിന്റെ പിതാവിനെക്കാള്‍ പ്രായമുണ്ട്.
11 : ദൈവത്തിന്റെ സമാശ്വാസങ്ങളും നിന്നോടു സൗമ്യമായി പറയുന്ന വാക്കുകളും നിനക്കു നിസ്സാരമാണോ?
12 : എന്തുകൊണ്ടാണ് നീ വികാരാധീനനാകുന്നത്? എന്തിനാണ്, നിന്റെ കണ്ണുകള്‍ ജ്വലിക്കുന്നത്?
13 : എന്തുകൊണ്ടാണ്, നീ ദൈവത്തിനെതിരേ കോപം അഴിച്ചുവിടുന്നത്? ഇത്തരം വാക്കുകള്‍ നിന്നില്‍ നിന്നു പുറപ്പെടുന്നത് എന്തുകൊണ്ട്?
14 : മനുഷ്യനു നിഷ്കളങ്കനായിരിക്കാന്‍ കഴിയുമോ? സ്ത്രീയില്‍ നിന്നു ജനിച്ചവനു നീതിമാനായിരിക്കാന്‍ സാധിക്കുമോ?
15 : തന്റെ വിശുദ്ധ ദൂതന്മാരില് പോലും ദൈവം വിശ്വാസം അര്‍പ്പിക്കുന്നില്ല; അവിടുത്തെ ദൃഷ്ടിയില് സ്വര്‍ഗവും നിര്‍മലമല്ല.
16 : മ്ലേച്ഛനും നീചനും വെള്ളം പോലെ അനീതി പാനം ചെയ്യുന്നവനുമായ മനുഷ്യന് അവരെക്കാള്‍ എത്രയോ താഴെയാണ്!
17 : ഞാന്‍ പറയുന്നതു കേള്‍ക്കുക; ഞാന്‍ വ്യക്തമാക്കിത്തരാം. ഞാന്‍ കണ്ടിട്ടുള്ളവ ഞാന്‍ വിശദമാക്കാം.
18 : ജ്ഞാനികള്‍ പറഞ്ഞതും അവരുടെ പിതാക്കന്മാര് ഒളിച്ചുവയ്ക്കാതിരുന്നതും തന്നെ.
19 : അവര്‍ക്കു മാത്രമാണ് ദേശം നല്‍കിയത്. അന്യരാരും അവരുടെ ഇടയിലൂടെ കടന്നുപോയില്ല.
20 : ദുഷ്ടന് ജീവിതകാലം മുഴുവന്‍, അധര്‍മിക്കു വിധിച്ച നാളുകള്‍ തികയുവോളം, വേദനയില്‍ പുളയുന്നു.
21 : ഭീകരശബ്ദങ്ങള്‍ അവന്റെ ചെവിയില്‍ മുഴങ്ങുന്നു; ഐശ്വര്യകാലത്തു വിനാശകന് അവന്റെ മേല്‍ ചാടിവീഴുന്നു.
22 : അന്ധകാരത്തില്‍ നിന്നു മോചനം ലഭിക്കുമെന്ന് അവന് വിശ്വസിക്കുന്നില്ല. വാളിനിരയാകാന്‍ അവന് വിധിക്കപ്പെട്ടിരിക്കുന്നു.
23 : ആഹാരം എവിടെ എന്നു തിരക്കി അവന് അലയുന്നു. അന്ധകാരത്തിന്റെ ദിനം ആസന്നമായെന്ന് അവന് അറിയുന്നു.
24 : ദുഃഖവും തീവ്രവേദനയും അവനെ ഭീതിപ്പെടുത്തുന്നു; യുദ്ധസന്നദ്ധനായ രാജാവിനെപ്പോലെ അവ അവനെ കീഴടക്കുന്നു.
25 : എന്തെന്നാല്‍, അവന് ദൈവത്തിനെതിരേ കൈയുയര്‍ത്തുകയും സര്‍വ്വശക്തനെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു.
26 : കനത്ത പരിചയുമേന്തി ധിക്കാരപൂര്‍വം അവിടുത്തെ നേരെ പാഞ്ഞുചെല്ലുന്നു.
27 : അവന് മുഖവും അരയും മേദസ്സുകൊണ്ടു മൂടിയിരിക്കുന്നു.
28 : വിജനമാക്കപ്പെട്ട നഗരങ്ങളിലും ആളൊഴിഞ്ഞ പാര്‍പ്പിടങ്ങളിലും അവന് വസിച്ചിട്ടുണ്ട്. നാശത്തിന് ഉഴിഞ്ഞിട്ടിരുന്നവയാണ് അവ.
29 : അവന് സമ്പന്നനാവുകയില്ല; അവന്റെ ധനം നിലനില്ക്കുകയില്ല. അവന് ഭൂമിയില്‍ വേരുപിടിക്കുകയില്ല.
30 : അവന് അന്ധകാരത്തില്‍ നിന്നു മോചനമില്ല; അഗ്നിജ്വാലകള്‍ അവന്റെ ശാഖകളെ ഉണക്കിക്കളയും. അവന്റെ പുഷ്പങ്ങള്‍ കാറ്റില്‍ പറത്തിക്കളയും.
31 : തന്നെത്തന്നെ വഞ്ചിച്ച് അവന് ശൂന്യതയില്‍ ആശ്രയിക്കരുത്; ശൂന്യതയായിരിക്കും അവന്റെ പ്രതിഫലം.
32 : അവന്റെ സമയം ആകുന്നതിനുമുന്‍പുതന്നെ അവന് ഇതു ഭവിക്കും. അവന്റെ ശാഖകള്‍ ഒരിക്കലും തളിര്‍ക്കുകയില്ല.
33 : മുന്തിരിച്ചെടിയുടേതുപോലെ അവന്റെ അപക്വഫലങ്ങള്‍ കൊഴിയും. ഒലിവുമരത്തിന്‍േറ തെന്നപോലെ അവന്റെ പൂക്കള്‍ പൊഴിഞ്ഞുപോകും.
34 : എന്തെന്നാല്‍, അധര്‍മികളോടു സംഘംചേരുന്നത് നിഷ്ഫലമായിരിക്കും. കൈക്കൂലിയുടെ കൂടാരങ്ങള്‍ അഗ്നിക്കിരയാകും.
35 : അവര്‍ ദ്രോഹം ഗര്‍ഭംധരിച്ച് തിന്മയെ പ്രസവിക്കുന്നു. അവരുടെ ഹൃദയം വഞ്ചന ഒരുക്കുന്നു.