P. O. C ബൈബിള്‍
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 23
ലേവ്യഗണങ്ങള്‍1 : ദാവീദ് അതിവൃദ്ധനായപ്പോള്‍ പുത്രന് സോളമനെ ഇസ്രായേലിന്റെ രാജാവാക്കി.
2 : ദാവീദ് ഇസ്രായേലിലെ എല്ലാ നായകന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി.
3 : മുപ്പതും അതില്‍കൂടുതലും വയസ്സുള്ള ലേവ്യരുടെ കണക്കെടുത്തു. ആകെ മുപ്പത്തെണ്ണായിരം പേര് ഉണ്ടായിരുന്നു.
4 : അവരില്‍ ഇരുപത്തിനാലായിരം പേരെ ദേവാലയ ശുശ്രൂഷകരായും ആറായിരം പേരെ കാര്യവിചാരകരും ന്യായാധിപന്മാരുംആയും ദാവീദ് നിയമിച്ചു.
5 : നാലായിരം പേരെ വാതില്‍ കാക്കുന്നതിനും നാലായിരം പേരെ, താന്‍ നിര്‍മിച്ച വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് കര്‍ത്താവിനു സ്തുതി പാടുന്നതിനും നിയോഗിച്ചു.
6 : അനന്തരം, ദാവീദ് അവരെ ഗര്‍ഷോം, കൊഹാത്ത്, മെറാറി എന്നിങ്ങനെ കുലക്രമത്തില്‍ ഗണം തിരിച്ചു.
7 : ഗര്‍ഷോമിന്റെ പുത്രന്മാര്: ലാദാന്, ഷിമെയി.
8 : ലാദാന്റെ പുത്രന്മാര്: പ്രമുഖനായ യഹിയേലും സേഥാം, ജോയേല്‍ എന്നിവരും.
9 : ഷിമെയിയുടെ പുത്രന്മാര്: ഷെലോമോത്, ഹസിയേല്‍, ഹാരാന്‍ എന്നു മൂന്നുപേര്‍. ലാദാന്റെ കുലത്തലവന്മാര് ഇവരായിരുന്നു.
10 : യാഹാത്, സീസാ, യവൂഷ്, ബറിയാ എന്നു നാലുപേരും ഷിമെയിയുടെ പുത്രന്മാര്.
11 : യാഹാത് ഒന്നാമനും സീസാ രണ്ടാമനും ആയിരുന്നു; യവൂഷിനും ബറിയായ്ക്കും അധികം പുത്രന്മാര് ഇല്ലായിരുന്നു. അതുകൊണ്ട് അവര്‍ ഒറ്റവംശമായി കരുതപ്പെട്ടു.
12 : കൊഹാത്തിന്റെ പുത്രന്മാര്: അമ്റാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍ എന്നീ നാലുപേര്‍.
13 : അഹറോനും മോശയും അമ്റാമിന്റെ പുത്രന്മാരാണ്. അതിവിശുദ്ധസ്ഥലത്ത് ശുശ്രൂഷ നടത്താനും കര്‍ത്താവിന്റെ മുന്‍പാകെ ധൂപം അര്‍പ്പിക്കാനും അവിടുത്തെ നാമത്തെ സ്തുതിക്കാനും അഹറോനും പുത്രന്മാരും നിയോഗിക്കപ്പെട്ടു.
14 : ദൈവപുരുഷനായ മോശയുടെ പുത്രന്മാര് ലേവി ഗോത്രത്തില്‍പ്പെടുന്നു.
15 : മോശയുടെ പുത്രന്മാര്: ഗര്‍ഷോം, എലിയേസര്‍,
16 : നഗര്‍ഷോമിന്റെ പുത്രന്മാരില് പ്രമുഖന് ഷെബുവേല്‍.
17 : എലിയേസറിന്റെ പുത്രന് റഹാബിയ. എലിയേസറിനു വേറെപുത്രന്‍മാര്‍ ഇല്ലായിരുന്നു. എന്നാല്‍ റഹാബിയായ്ക്കു ധാരാളം പുത്രന്മാര് ഉണ്ടായിരുന്നു.
18 : ഇസ്ഹാറിന്റെ പുത്രന്മാരില് ഒന്നാമന് ഷെലോമിത്.
19 : ഹെബ്രോണിന്റെ പുത്രന്മാര് പ്രായ ക്രമത്തില്‍: ജറിയാ, അമരിയാ, യഹസിയേല്‍, യക്കാമെയാം.
20 : ഉസിയേലിന്റെ പുത്രന്മാര്: ഒന്നാമന് മിഖാ, രണ്ടാമന് ഇസിയ.
21 : മെറാറിയുടെ പുത്രന്മാര്: മഹ്ലി, മൂഷി. മഹ്ലിയുടെ പുത്രന്മാര്: എലെയാസര്‍, കിഷ്.
22 : എലെയാസറിന് പുത്രന്മാര് ഇല്ലായിരുന്നു. പുത്രിമാരേ ഉണ്ടായിരുന്നുള്ളു. കിഷിന്റെ പുത്രന്മാരായ അവരുടെ ചാര്‍ച്ചക്കാര്‍ അവരെ വിവാഹംചെയ്തു.
23 : മൂഷിയുടെ പുത്രന്മാര്: മഹ്ലി, ഏദെര്‍, യറേമോത് എന്നു മൂന്നുപേര്‍.
24 : ഇവരാണ് കുലവും കുടുംബവും അനുസരിച്ചു വംശാവലിയില്‍ പേരു ചേര്‍ത്ത ലേവി സന്തതികള്‍. ഇരുപതും അതിനുമേലും വയസ്സുള്ള ഇവര്‍ ദേവാലയശുശ്രൂഷയില്‍ പങ്കെടുത്തു.
25 : ദാവീദ് പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് തന്റെ ജനത്തിനു സമാധാനം നല്കി. അവിടുന്നു ജറുസലെമില്‍ നിത്യമായി വസിക്കുന്നു.
26 : ആകയാല്‍, ലേവ്യര്‍ക്ക് ഇനി പേടകവും അതിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളും വഹിക്കേണ്ടതില്ല.
27 : ദാവീദിന്റെ അന്ത്യശാസനമനുസരിച്ച് ലേവിപുത്രന്മാരില് ഇരുപതും അതിനുമേലും വയസ്സുള്ളവര്‍ ദേവാലയശുശ്രൂഷയ്ക്ക് പേരെഴുതിച്ചു.
28 : ഇവര്‍ ദേവാലയ ശുശ്രൂഷയില്‍ - അങ്കണവും അറകളും സൂക്ഷിക്കുക, വിശുദ്ധ വസ്തുക്കള്‍ ശുദ്ധീകരിക്കുക, ദേവാലയത്തിലെ മറ്റു ശുശ്രൂഷകള്‍ ചെയ്യുക എന്നിവയില്‍ - അഹറോന്റെ പുത്രന്മാരെ സഹായിക്കേണ്ടതാണ്.
29 : തിരുസ്സാന്നിധ്യയപ്പം, ധാന്യബലിക്കുള്ള മാവ്, പുളിപ്പില്ലാത്ത അപ്പം, കാഴ്ചയര്‍പ്പിക്കാനുള്ള ചുട്ടെടുത്ത അപ്പം, എണ്ണചേര്‍ത്ത കാഴ്ചയര്‍പ്പിക്കാനുള്ള ചുട്ടെടുത്ത അപ്പം, എണ്ണ ചേര്‍ത്ത കാഴ്ചവസ്തുക്കള്‍ എന്നിവയും അവയുടെ അളവുകളും ഇവരുടെ ചുമതലയിലായിരുന്നു.
30 : പ്രഭാതത്തിലും പ്രദോഷത്തിലും ലേവ്യര്‍ കര്‍ത്താവിനെ പാടിസ്തുതിക്കണം.
31 : സാബത്തിലും അമാവാസിയിലും മറ്റു തിരുനാളുകളിലും ദഹനബലി അര്‍പ്പിക്കുമ്പോഴും ഇവര്‍ നിശ്ചയിക്കപ്പെട്ടിടത്തോളം പേര് അങ്ങനെ ചെയ്യണം.
32 : സമാഗമകൂടാരത്തിന്റെയും വിശുദ്ധസ്ഥലത്തിന്റെയും ചുമതല വഹിക്കുകയും കര്‍ത്താവിന്റെ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്ന തങ്ങളുടെ ചാര്‍ച്ചക്കാരായ അഹറോന്റെ പുത്രന്മാരെ സഹായിക്കുകയും ചെയ്യണം.