P. O. C ബൈബിള്‍
പുതിയ നിയമം
2 പത്രോസ്
അദ്ധ്യായം 2
വ്യാജപ്രവാചകന്മാര്1 : ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശ കരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും.
2 : പലരും അവരുടെ ദുഷിച്ച മാര്‍ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗം നിന്ദിക്കപ്പെടും.
3 : അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞു നിങ്ങളെ അവര്‍ ചൂഷണം ചെയ്യും. നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന് അവരെ കാത്തിരിക്കുകയും ചെയ്യുന്നു.
4 : പാപം ചെയ്ത ദൂതന്മാരെ ദൈവം വെ റുതേവിട്ടില്ല. വിധിദിനംവരെ സൂക്ഷിക്കുന്നതിനായി അവരെ അവിടുന്ന് നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു.
5 : ദുഷ്ടരുടെമേല്‍ ജലപ്രളയം അയച്ചപ്പോള്‍ പഴയ ലോകത്തോട് അവിടുന്നു കാരുണ്യം കാണിച്ചില്ല. എന്നാല്‍, നീതിയുടെ മുന്നോടിയായ നോഹയെ മറ്റ് ഏഴുപേരോടുകൂടി അവിടുന്നു കാത്തുരക്ഷിച്ചു.
6 : സോദോം, ഗൊമോറാ നഗരങ്ങളെ ചാമ്പലാക്കിക്കൊണ്ട്, അവിടുന്ന് അവയിലെ ജനങ്ങളെ ശിക്ഷിച്ചു. അങ്ങനെ ദൈവഭയമില്ലാതെ ജീവിക്കാനിരിക്കുന്നവര്‍ക്ക് അവിടുന്ന് ഒരു ഗുണപാഠം നല്കി.
7 : ദുഷ്ടരുടെ ദുര്‍വൃത്തിമൂലം വളരെ വേദനസഹിച്ച നീതിമാനായ ലോത്തിനെ അവിടുന്ന് അവരുടെയിടയില്‍ നിന്നു രക്ഷിച്ചു.
8 : അവരുടെ മധ്യേ ജീവിച്ച ആ നീതിമാന് അവരുടെ ദുഷ്പ്രവൃത്തികള്‍ അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്തു. അത് അവന്റെ നീതിബോധമുള്ള മനസ്സിനെ പീഡിപ്പിച്ചു.
9 : ദൈവഭയമുള്ളവരെ പരീക്ഷകളില്‍നിന്ന് എങ്ങനെ രക്ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്ഷാവിധേയരാക്കി സൂക്ഷിക്കണമെന്നും കര്‍ത്താവ് അറിയുന്നു-
10 : പ്രത്യേകിച്ച്, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്ക് അടിമപ്പെടുന്നവരെയും അധികാരത്തെനിന്ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണ് അവര്‍.
11 : ബലത്തിലും ശക്തിയിലും അവരെക്കാള്‍ വലിയവരായ ദൂതന്മാര്പോലും, കര്‍ത്താവിന്റെ സന്നിധിയില്‍ അവര്‍ക്ക് എതിരായി അവമാനകര മായ വിധിപറയുന്നില്ല.
12 : കൊല്ലപ്പെടുന്നതിനുമാത്രമായി സൃഷ്ടിക്കപ്പെട്ട, സഹജവാസനയാല്‍ നയിക്കപ്പെടുന്ന, വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണവര്‍. തങ്ങള്‍ക്കജ്ഞാതമായ കാര്യങ്ങളെക്കുറിച്ച് അവര്‍ ദൂഷണം പറയുന്നു. മൃഗങ്ങളുടെ നാ ശം തന്നെ അവര്‍ക്കും വന്നുകൂടും.
13 : അവര്‍ക്കു തിന്മയ്ക്കു തിന്മ പ്രതിഫലമായി ലഭിക്കും. പട്ടാപ്പകല്‍ മദിരോത്സവത്തില്‍ മുഴുകുന്നത് അവര്‍ ആനന്ദപ്രദമായെണ്ണുന്നു. നിങ്ങളോടൊത്തു ഭക്ഷണം കഴിക്കുമ്പോള്‍, അവര്‍ കുടിച്ചുമദിച്ചുകൊണ്ടു വഞ്ചന പ്രവര്‍ത്തിക്കുന്നു. അവര്‍ കളങ്കവും വൈകല്യവും നിറഞ്ഞവരാണ്.
14 : വ്യഭിചാരാസക്തി നിറഞ്ഞതും പാപത്തില്‍നിന്നു വിരമിക്കാത്തതുമാണ് അവരുടെ കണ്ണുകള്‍. അവര്‍ ചഞ്ചല മനസ്കരെ വശീകരിക്കുന്നു. അവര്‍ അത്യാഗ്രഹത്തില്‍ തഴക്കം നേടിയ ഹൃദയമുള്ള വരും ശാപത്തിന്റെ സന്തതികളുമാണ്.
15 : നേര്‍വഴിയില്‍നിന്നു മാറി അവര്‍ തിന്മചെയ്തു. ബേവോറിന്റെ പുത്രനായ ബാലാമിന്റെ മാര്‍ഗമാണ് അവര്‍ പിന്തുടര്ന്നത്. അവനാകട്ടെ, തിന്മയുടെ പ്രതിഫലത്തെ സ്നേഹിച്ചവനാണ്.
16 : അവന്റെ തെറ്റിനുള്ള ശാസനം അവനു ലഭിച്ചു. ഒരു ഊമക്കഴുത മനുഷ്യസ്വരത്തില്‍ സംസാരിച്ചുകൊണ്ട് ആ പ്രവാചകന്റെ ഭ്രാന്തിന് അറുതിവരുത്തി.
17 : അവര്‍ വെള്ളമില്ലാത്ത അരുവികളും കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞുമാണ്. അവര്‍ക്കായി അന്ധകാരത്തിന്റെ അധോലോകം കരുതിവയ്ക്കപ്പെട്ടിരിക്കുന്നു.
18 : എന്തെന്നാല്‍, തെറ്റില്‍ ജീവിക്കുന്നവരില്‍നിന്നു കഷ്ടിച്ചു രക്ഷപ്രാപിച്ചവരെ, വ്യര്‍ഥമായ വാഗ്ധോരണി കൊണ്ടു വിഷയാസക്തമായ ദുര്‍വിചാരങ്ങളിലേക്ക് അവര്‍ പ്രലോഭിപ്പിക്കുന്നു.
19 : മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന അവര്‍ തന്നെ നാശത്തിന്റെ അടിമകളാണ്. കാരണം, ഏതിനാല്‍ ഒരുവന് തോല്പിക്കപ്പെടുന്നുവോ അതിന്റെ അടിമയാണവന്‍.
20 : നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്റെ മാലിന്യങ്ങളില്‍നിന്നു രക്ഷപ്രാപിച്ചതിനുശേഷം, വീണ്ടും അവയില്‍ കുരുങ്ങുകയും അവയാല്‍ തോല്പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും.
21 : കാരണം, തങ്ങള്‍ക്കു ലഭിച്ചവിശു ദ്ധകല്‍പനയെക്കുറിച്ച് അറിഞ്ഞിട്ട് അതില്‍ നിന്നു പിന്മാറുന്നതിനെക്കാള് അവര്‍ക്കു നല്ലത് നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു.
22 : നായ് ഛര്‍ദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ചു ശരിയാണ്.