P. O. C ബൈബിള്‍
പുതിയ നിയമം
മത്തായി
അദ്ധ്യായം 28
പുനരുത്ഥാനം (മര്‍ക്കോസ് 16: 116 : 8 ) (ലൂക്കാ 24 : 124 : 12 ) (യോഹന്നാന് 20 : 120 : 10 )1 : സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു.
2 : അപ്പോള്‍ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കര്‍ത്താവിന്റെ ദൂതന് സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്മേല് ഇരുന്നു.
3 : അവന്റെ രൂപം മിന്നല്‍പ്പിണര്‍പോലെ ആയിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും.
4 : അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്ക്കാര് വിറപൂണ്ട് മരിച്ചവരെപ്പോലെയായി.
5 : ദൂതന് സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം.
6 : അവന് ഇവിടെയില്ല; താന്‍ അരുളിച്ചെയ്തതുപേലെ അവന് ഉയിര്‍പ്പിക്കപ്പെട്ടു.
7 : അവന് കിടന്ന സ്ഥലം വന്നുകാണുവിന്‍. വേഗം പോയി അവന്റെ ശിഷ്യന്മാരോട്, അവന് മരിച്ചവരുടെയിടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടെന്നും നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ച് നിങ്ങള്‍ അവനെ കാണുമെന്നും പറയുവിന്‍. ഇതാ, ഇക്കാര്യം ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
8 : അവര്‍ കല്ലറവിട്ട് ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യന്മാരെ വിവരം അറിയിക്കാന്‍ ഓടി.
9 : അപ്പോള്‍ യേശു എതിരേ വന്ന് അവരെ അഭിവാദനംചെയ്തു. അവര്‍ അവനെ സമീപിച്ച് പാദങ്ങളില്‍ കെട്ടിപ്പിടിച്ച് ആരാധിച്ചു.
10 : യേശു അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങള്‍ ചെന്ന് എന്റെ സഹോദരന്മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക.
11 : അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ ചിലര്‍ പട്ടണത്തില്‍ ചെന്ന് സംഭവിച്ചതെല്ലാംപ്രധാനപുരോഹിതന്‍മാരെ അറിയിച്ചു.
12 : അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്കുവേണ്ടത്ര പണംകൊടുത്തിട്ടു പറഞ്ഞു:
13 : ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍ അവന്റെ ശിഷ്യന്മാര് വന്ന് അവനെ മോഷ്ടിച്ചുകൊണ്ടുപോയി എന്നുപറയുവിന്‍.
14 : ദേശാധിപതി ഇതറിഞ്ഞാല്‍, ഞങ്ങള്‍ അവനെ സ്വാധീനിച്ച് നിങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം.
15 : അവര്‍ പണം വാങ്ങി, നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. ഇത് ഇന്നും യഹൂദരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു.
16 : യേശു നിര്‍ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്കു പോയി.
17 : അവനെക്കണ്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ചു. എന്നാല്‍, ചിലര്‍ സംശയിച്ചു.
18 : യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
19 : ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
20 : പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.