P. O. C ബൈബിള്‍
പുതിയ നിയമം
മത്തായി
അദ്ധ്യായം 22
വിവാഹവിരുന്നിന്റെ ഉപമ1 : യേശു വീണ്ടും ഉപമകള്‍വഴി അവരോടു സംസാരിച്ചു:
2 : സ്വര്‍ഗരാജ്യം, തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയരാജാവിനു സദൃശം.
3 : വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാന്‍ അവന് ഭൃത്യന്മാരെ അയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു.
4 : വീണ്ടും അവന് വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്ജമായിരിക്കുന്നു; എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോടു ചെന്നു പറയുവിന്‍.
5 : എന്നാല്‍, ക്ഷണിക്കപ്പെട്ടവര്‍ അതു വകവയ്ക്കാതെ ഒരുവന് വയലിലേക്കും, വേറൊരുവന് വ്യാപാരത്തിനും പൊയ്ക്കളഞ്ഞു.
6 : മറ്റുള്ളവര്‍ ആ ഭൃത്യന്മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു.
7 : രാജാവു ക്രുദ്ധനായി, സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി.
8 : അനന്തരം, അവന് ഭൃത്യന്മാരോടു പറഞ്ഞു: വിവാഹ വിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു.
9 : അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍.
10 : ആ ഭൃത്യന്മാര് നിരത്തുകളില്‍ചെന്ന് ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
11 : അതിഥികളെക്കാണാന്‍ രാജാവ് എഴുന്നള്ളിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു.
12 : രാജാവ് അവനോടു ചോദിച്ചു: സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന് മൗനം അവലംബിച്ചു.
13 : അപ്പോള്‍ രാജാവ് പരിചാരകന്മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
14 : എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.
15 : അപ്പോള്‍ ഫരിസേയര്‍ പോയി, യേശുവിനെ എങ്ങനെ വാക്കില്‍ കുടുക്കാം എന്ന് ആലോചന നടത്തി.
16 : അവര്‍ തങ്ങളുടെ അനുയായികളെ ഹേറോദേസ് പക്ഷക്കാരോടൊത്ത് അവന്റെ അടുത്ത് അയച്ചുചോദിച്ചു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖംനോക്കാതെ നിര്‍ഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു.
17 : അതുകൊണ്ടു ഞങ്ങളോടു പറയുക, നിനക്ക് എന്തു തോന്നുന്നു, സീസറിനു നികുതികൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ?
18 : അവരുടെ ദുഷ്ടത മനസ്സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നതെന്ത്?
19 : നികുതിക്കുള്ള നാണയം എന്നെക്കാണിക്കുക. അവര്‍ ഒരു ദനാറ അവനെ കാണിച്ചു.
20 : യേശു ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്?
21 : സീസറിന്‍േറ ത് എന്ന് അവര്‍ പറഞ്ഞു. അവന് അരുളിച്ചെയ്തു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.
22 : ഇതുകേട്ട് അവര്‍ വിസ്മയഭരിതരായി അവനെ വിട്ടുപോയി.
23 : പുനരുത്ഥാനമില്ലെന്നു പറയുന്ന സദുക്കായര്‍ അന്നുതന്നെ അവനെ സമീപിച്ചു ചോദിച്ചു:
24 : ഗുരോ, ഒരുവന് സന്താനമില്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന് ആ വിധവയെ വിവാഹം ചെയ്ത് സഹോദരനു സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്ന് മോശ അനുശാസിച്ചിട്ടുണ്ട്.
25 : ഞങ്ങളുടെയിടയില്‍ ഏഴു സഹോദരന്മാര് ഉണ്ടായിരുന്നു. ഒന്നാമന് വിവാഹം ചെയ്തു. സന്താനമില്ലാതെ ഭാര്യയെ സഹോദരനു വിട്ടുകൊണ്ട് അവന് മരണമടഞ്ഞു.
26 : ഇങ്ങനെതന്നെ രണ്ടാമനും മൂന്നാമനും; അങ്ങനെ ഏഴാമന്‍വരെയും.
27 : അവസാനം ആ സ്ത്രീയും മരിച്ചു.
28 : അതിനാല്‍, പുനരുത്ഥാനത്തില്‍ അവള് ഈ ഏഴുപേരില്‍ ആരുടെ ഭാര്യയായിരിക്കും? അവര്‍ക്കെല്ലാം അവള് ഭാര്യയായിരുന്നിട്ടുണ്ടല്ലോ.
29 : യേശു മറുപടി പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.
30 : പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ സ്വര്ഗദൂതന്മാരെപ്പോലെയായിരിക്കും.
31 : ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാണ് എന്നു മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി ദൈവം നിങ്ങളോട് അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലേ?
32 : അവിടുന്ന് മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ്.
33 : ജനക്കൂട്ടം ഇതു കേട്ടപ്പോള്‍ അവന്റെ പ്രബോധനത്തെപ്പറ്റി ആശ്ചര്യപ്പെട്ടു.
34 : യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നു കേട്ടപ്പോള്‍ ഫരിസേയര്‍ ഒന്നിച്ചുകൂടി.
35 : അവരില്‍ ഒരു നിയമപണ്ഡിതന് അവനെ പരീക്ഷിക്കാന്‍ ചോദിച്ചു:
36 : ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്പന ഏതാണ്?
37 : അവന് പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടുംകൂടെ സ്നേഹിക്കുക.
38 : ഇതാണ് പ്രധാനവും പ്രഥമവുമായ കല്പന.
39 : രണ്ടാമത്തെ കല്പനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക.
40 : ഈ രണ്ടു കല്പനകളില് സമസ്ത നിയമവുംപ്രവാചകന്മാരും അധിഷ്ഠിതമായിരിക്കുന്നു.
41 : ഫരിസേയര്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു:
42 : നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു? അവന് ആരുടെ പുത്രനാണ്? ദാവീദിന്റെ, എന്ന് അവര്‍ പറഞ്ഞു.
43 : അവന് ചോദിച്ചു: അങ്ങനെയെങ്കില്‍ ദാവീദ് ആത്മാവിനാല്‍ പ്രചോദിതനായി അവനെ കര്‍ത്താവ് എന്നു വിളിക്കുന്നതെങ്ങനെ? അവന് പറയുന്നു:
44 : കര്‍ത്താവ് എന്റെ കര്‍ത്താവിനോടരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക.
45 : ദാവീദ് അവനെ കര്‍ത്താവേ എന്നുവിളിക്കുന്നുവെങ്കില്‍ അവന് അവന്റെ പുത്രനാകുന്നതെങ്ങനെ?
46 : അവനോട് ഉത്തരമായി ഒരു വാക്കുപോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നുമുതല്‍ അവനോട് എന്തെങ്കിലും ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടതുമില്ല.