P. O. C ബൈബിള്‍
പഴയ നിയമം
ഉല്പത്തി പുസ്തകം
അദ്ധ്യായം 36
-
ഏസാവ് ഏദോമ്യരുടെ പിതാവ്
- Verse 1: ഏദോം എന്നുകൂടി പേരുള്ള ഏസാവിന്റെ സന്താനപരമ്പര ഇതാണ്.
- Verse 2: കാനാന്യ സ്ത്രീകളായിരുന്നു ഏസാവിന്റെ ഭാര്യമാര്‍. ഹിത്യനായ ഏലോന്റെ മകളാണ് ആദാ. ഹിവ്യനായ സിബയോന്റെ മകളായ ആനായുടെ പുത്രിയാണ് ഒഹോലിബാമാ.
- Verse 3: ഇസ്മായേലിന്റെ മകളും നെബായോത്തിന്റെ സാഹോദരിയുമാണ് ബസ്മത്ത്.
- Verse 4: ഏസാവിന് ആദായില്‍ എലിഫാസും ബസ്മത്തില്‍ റവുവേലും ജനിച്ചു.
- Verse 5: ഒഹോലിബാമായില്‍നിന്ന് അവന്യവുഷുവുംയാലാമും കോറഹും ജനിച്ചു. കാനാന്‍ദേശത്തുവച്ച് ഏസാവിനുണ്ടായ മക്കളാണ് ഇവര്‍.
- Verse 6: ഏസാവ്, ഭാര്യമാരും പുത്രന്മാരും പുത്രിമാരും വീട്ടിലുള്ള എല്ലാവരുമൊത്ത്, തന്റെ കാലികളും മൃഗങ്ങളും കാനാന്‍ദേശത്തു താന്‍ നേടിയ സ്വത്തുമായി സഹോദരനായ യാക്കോബിനെ വിട്ട് അകലെയുള്ള ഒരു ദേശത്തേക്കു പോയി. കാരണം, ഒന്നിച്ചു പാര്‍ക്കാന്‍ വയ്യാത്തവിധം ഇരുവര്‍ക്കും അത്രയേറെ സമ്പത്തുണ്ടായിരുന്നു.
- Verse 7: അവരുടെ അധിവാസഭൂമിക്കു സംരക്ഷിക്കുവാനാവാത്തവണ്ണം അത്രയധികമായിരുന്നു ആടുമാടുകള്‍.
- Verse 8: അതുകൊണ്ട് ഏസാവ് സെയിര്‍ എന്ന മലനാട്ടില്‍ പാര്‍ത്തു. ഏസാവും ഏദോമും ഒരാള്‍തന്നെ.
- Verse 9: സെയിര്‍മലയിലെ ഏദോമ്യരുടെ പിതാവായ ഏസാവിന്റെ സന്തതിപരമ്പര:
- Verse 10: ഏസാവിന്റെ പുത്രന്മാരുടെ പേരുകള്‍: ഏസാവിന് ഭാര്യയായ ആദായിലുണ്ടായ മകന് എലിഫാസ്. ഭാര്യയായ ബസ്മത്തിലുണ്ടായ മകന് റവുവേല്‍.
- Verse 11: എലിഫാസിന്റെ പുത്രന്മാര് തേമാന്‍, ഓമര്‍, സെഫോ, ഗത്താം, കെനസ്.
- Verse 12: ഏസാവിന്റെ മകന് എലിഫാസിനു തിമ്നാ എന്നൊരു ഉപനാരിയുണ്ടായിരുന്നു. എലിഫാസിന് അവളില്‍ അമലേക്ക് എന്നൊരു പുത്രന് ജനിച്ചു. ഏസാവിന് ഭാര്യയായ ആദായിലുണ്ടായ സന്തതികളാണ് ഇവര്‍.
- Verse 13: റവുവേലിന്റെ പുത്രന്മാരാണ് നഹത്ത്, സേറഹ്, ഷമ്മാ, മിസ്സാം എന്നിവര്‍. ഏസാവിനു ഭാര്യ ബസ്മത്തിലുണ്ടായ സന്തതികളാണ് ഇവര്‍.
- Verse 14: സിബയോന്റെ പുത്രിയായ ആനായുടെ മകള്‍ ഒഹോലിബാമായില്‍ ഏസാവിനുണ്ടായ പുത്രന്മാരാണ് യവൂഷും, യാലാമും, കോറഹും.
- Verse 15: ഏസാവിന്റെ മക്കളില്‍ പ്രധാനര്‍ ഇവരായിരുന്നു: ഏസാവിന്റെ കടിഞ്ഞൂല്‍പുത്രനായ എലിഫാസിന്റെ മക്കള്‍ തേമാന്‍, ഓമര്‍, സെഫോ, കെനസ്,
- Verse 16: കോറഹ്, ഗത്താം, അമലേക്ക് എന്നിവര്‍ ഏദോം നാട്ടില്‍ എലിഫാസില്‍നിന്നുണ്ടായ നായകന്മാരാണ്. ഇവരെല്ലാം ആദായുടെ പുത്രന്മാരാണ്.
- Verse 17: ഏസാവിന്റെ മകനായ റവുവേലിന്റെ പുത്രന്മാര്: പ്രമുഖരായ നഹത്ത്, സേറഹ്, ഷമ്മാ, മിസ്സാ. ഏദോംനാട്ടില്‍ റവുവേലില്‍ നിന്നുണ്ടായ പ്രധാനപ്പെട്ടവരാണ് ഇവര്‍. ഇവര്‍ ഏസാവിന്റെ ഭാര്യ ബസ്മത്തിന്റെ സന്തതികളാണ്.
- Verse 18: ഏസാവിന്റെ ഭാര്യ ഒഹോലിബാമായുടെ പുത്രന്മാര്: പ്രമുഖരായ യവൂഷ്, യലാം, കോറഹ്. ഇവര്‍ ഏസാവിന്റെ ഭാര്യയും ആനായുടെ മകളുമായ ഒഹോലിബാമായില്‍ നിന്നുള്ള നായകന്മാരാണ്.
- Verse 19: ഇവര്‍ ഏസാവിന്റെ സന്തതികളും ഏദോമിലെ പ്രമുഖന്മാരുമാണ്.
- Verse 20: അന്നാട്ടില്‍ പാര്‍ത്തിരുന്നവരും സെയിര്‍ എന്ന ഹോര്യന്റെ പുത്രന്മാരുമാണ് ലോത്താന്‍, ഷോബാല്‍, സിബയോന്‍, ആനാ,
- Verse 21: ദീഷോന്‍, ഏസെര്‍, ദീഷാന്‍. ഇവര്‍ ഏദോം നാട്ടിലെ സെയിറിന്റെ പുത്രന്മാരും ഹോര്യയിലെ പ്രമാണികളുമാണ്.
- Verse 22: ലോത്താന്റെ പുത്രന്മാര് ഹോറി, ഹേമാ. ലോത്താന്റെ സഹോദരിയായിരുന്നു തിമ്നാ.
- Verse 23: ഷോബാലിന്റെ പുത്രന്മാര് അല്വാന്, മനഹത്ത്, ഏബാല്‍, ഷെഫോ, ഓനാം.
- Verse 24: സിബയോന്റെ പുത്രന്മാര്: ആയ്യാ, ആനാ. തന്റെ പിതാവായ സിബയോന്റെ കഴുതകളെ മേയ്ക്കുമ്പോള്‍ മരുഭൂമിയില്‍ ചൂടുറവകള്‍ കണ്ടെണ്ടത്തിയ ആനാ ഇവന്‍തന്നെയാണ്.
- Verse 25: ദീഷോന്‍ ആനായുടെ പുത്രനും ഒഹോലിബാമാ പുത്രിയുമായിരുന്നു.
- Verse 26: ഹെമ്ദാന്‍, എഷ്ബാന്‍, ഇത്രാന്‍, കെറാന്‍ എന്നിവരായിരുന്നു ദീഷോന്റെ പുത്രന്മാര്.
- Verse 27: ഏസെറിന്റെ പുത്രന്മാരായിരുന്നു ബില്‍ഹാനും സാവാനും അക്കാനും.
- Verse 28: ദീഷാന്റെ പുത്രന്മാരായിരുന്നു ഊസും അരാനും.
- Verse 29: ഹോര്യരിലെ പ്രമുഖരായിരുന്നു ലോത്താന്‍, ഷോബാന്‍, സിബയോന്‍, ആനാ എന്നിവര്‍.
- Verse 30: ദീഷോന്‍, ഏസെര്‍, ദീഷാന്‍ എന്നിവര്‍ സെയിര്‍നാട്ടില്‍ ഹോര്യരിലെ പ്രമുഖരായിരുന്നു.
- Verse 31: ഇസ്രായേല്‍ക്കാരുടെയിടയില്‍ രാജഭരണം ആരംഭിക്കുന്നതിനുമുന്പ് ഏദോം നാട്ടിലെ ഭരണാധികാരികള്‍ ഇവരായിരുന്നു;
- Verse 32: ബേയോറിന്റെ മകനായ ബേല ഏദോമില്‍ ഭരിച്ചു. അവന്റെ പട്ടണത്തിന്റെ പേര് ദിന്‍ഹാബാ എന്നായിരുന്നു.
- Verse 33: ബേല മരിച്ചപ്പോള്‍ ബൊസ്രായിലെ സേറഹിന്റെ മകനായ യോബാബ് രാജാവായി.
- Verse 34: യോബാബ് മരിച്ചപ്പോള്‍ തേമാന്യനായ ഹൂഷാം രാജാവായി.
- Verse 35: ഹൂഷാം മരിച്ചപ്പോള്‍ ബദാദിന്റെ പുത്രനായ ഹദാദ് രാജാവായി. അവന് മൊവാബുദേശത്തുവച്ച് മിദിയാനെ തോല്പിച്ചു. അവന്റെ പട്ടണത്തിന്റെ പേര് അവിത് എന്നായിരുന്നു.
- Verse 36: ഹദാദ് മരിച്ചപ്പോള്‍ മസ്റേക്കായിലെ സമ്ലാ രാജാവായി.
- Verse 37: സമ്ലാ മരിച്ചപ്പോള്‍ നദീതീരത്തുള്ള റഹോബോത്തിലെ സാവൂള്‍ രാജാവായി.
- Verse 38: സാവൂള്‍ മരിച്ചപ്പോള്‍ അക്ബോറിന്റെ മകനായ ബാല്‍ഹാനാന്‍ രാജാവായി.
- Verse 39: അക്ബോറിന്റെ മകനായ ബാല്‍ഹാനാന്‍മരിച്ചപ്പോള്‍ ഹദാറാണു തല്‍സ്ഥാനത്തു ഭരിച്ചത്. അവന്റെ പട്ടണത്തിന്റെ പേര് പാവൂ എന്നായിരുന്നു. മെസാഹാബിന്റെ പൗത്രിയും മത്രെദിന്റെ പുത്രിയുമായ മെഹേത്തബേല്‍ ആയിരുന്നു അവന്റെ ഭാര്യ.
- Verse 40: കുടുംബവും വാസസ്ഥലവും പേരുമനുസരിച്ച്, ഏസാവില്‍നിന്നുദ്ഭവിച്ച പ്രമുഖര്‍ തിമ്ന, അല്വാ, യത്തത്ത്,
- Verse 41: ഒഹോലിബാമാ, ഏലാ, പിനോന്‍,
- Verse 42: കെനസ്, തേമാന്‍, മിബ്സാര്‍,
- Verse 43: മഗ്ദിയേല്‍, ഈറാം എന്നിവരായിരുന്നു. തങ്ങള്‍ കൈയടക്കിയ നാട്ടിലെ താമസസ്ഥലമനുസരിച്ച് ഏദോംകാരുടെ പ്രമാണികള്‍ ഇവരായിരുന്നു. ഏസാവാണ് ഏദോംകാരുടെ പിതാവ്.