P. O. C ബൈബിള്‍
പഴയ നിയമം
1 സാമുവല്‍
അദ്ധ്യായം 9
-
സാവൂള്‍ സാമുവലിന്റെ അടുക്കല്‍
- Verse 1: ബഞ്ചമിന് ഗോത്രജനായ കിഷ് എന്നൊരാളുണ്ടായിരുന്നു. അവന് അബിയേലിന്റെ മകനായിരുന്നു. അബിയേല്‍ സെരോറിന്റെയും സെരോര്‍ ബക്കോറാത്തിന്റെയും ബക്കോറാത്ത് അഫിയായുടെയും പുത്രനായിരുന്നു. അഫിയാ ബഞ്ചമിന് ഗോത്രക്കാരനും ധനികനുമായിരുന്നു.
- Verse 2: കിഷിന് സാവൂള്‍ എന്നൊരു പുത്രനുണ്ടായിരുന്നു. അവനെക്കാള്‍ കോമളനായി ഇസ്രായേലില്‍ മറ്റാരുമില്ലായിരുന്നു. അവന്റെ തോളൊപ്പം ഉയരമുള്ള ആരും ഉണ്ടായിരുന്നില്ല.
- Verse 3: ഒരിക്കല്‍ സാവൂളിന്റെ പിതാവായ കിഷിന്റെ കഴുതകള്‍ കാണാതായി. അവന് സാവൂളിനോടു പറഞ്ഞു: ഒരു ഭൃത്യനെയും കൂട്ടി കഴുതകളെ അന്വേഷിക്കുക.
- Verse 4: അവര്‍ എഫ്രായിം മലനാട്ടിലും ഷലീഷാദേശത്തും അന്വേഷിച്ചു; കണ്ടെണ്ടത്തിയില്ല. ഷാലിം ദേശത്തും തിരക്കി; അവിടെയും ഇല്ലായിരുന്നു. അനന്തരം, ബഞ്ചമിന്റെ നാട്ടില്‍ അന്വേഷിച്ചു; കണ്ടെണ്ടത്തിയില്ല.
- Verse 5: സൂഫിന്റെ ദേശത്തെത്തിയപ്പോള്‍ സാവൂള്‍ ഭൃത്യനോടു പറഞ്ഞു: നമുക്കു തിരികെപ്പോകാം. അല്ലെങ്കില്‍, പിതാവ് കഴുതകളുടെ കാര്യം വിട്ടു നമ്മെപ്പറ്റി ആകുലചിത്തനാകും.
- Verse 6: ഭൃത്യന് പറഞ്ഞു: ഈ പട്ടണത്തില്‍ വളരെ പ്രശസ്തനായ ഒരു ദൈവപുരുഷനുണ്ട്. അവന് പറയുന്നതെല്ലാം അതുപോലെ സംഭവിക്കും. നമുക്ക് അങ്ങോട്ടുപോകാം. ഒരുപക്ഷേ, നമ്മുടെ കാര്യം സാധിക്കുന്നതിനുള്ള മാര്‍ഗം അവന് കാണിച്ചുതരും.
- Verse 7: സാവൂള്‍ അവനോടു ചോദിച്ചു: നമ്മള് ചെല്ലുമ്പോള്‍ എന്താണ് അവനു കൊടുക്കുക. നമ്മുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ തീര്‍ന്നുപോയി.
- Verse 8: അവനുകൊടുക്കാന്‍ ഒന്നും നമ്മുടെ കൈയിലില്ലല്ലോ. ഭൃത്യന് പറഞ്ഞു: എന്റെ കൈയില്‍ കാല് ഷെക്കല്‍ വെള്ളിയുണ്ട്. അത് അവനു കൊടുക്കാം. നമ്മുടെ കഴുതകളെ എവിടെ കണ്ടെണ്ടത്താമെന്ന് അവന് പറഞ്ഞുതരും.
- Verse 9: പണ്ട് ഇസ്രായേലില്‍ ഒരുവന് ദൈവഹിതം ആരായാന്‍ പോകുമ്പോള്‍ നമുക്കു ദീര്‍ഘദര്‍ശിയുടെ അടുത്തു പോകാമെന്നു പറഞ്ഞിരുന്നു. പ്രവാചകന്, അക്കാലത്ത് ദീര്‍ഘദര്‍ശി എന്നാണു വിളിക്കപ്പെട്ടിരുന്നത്.
- Verse 10: കൊള്ളാം, നമുക്കു പോകാം, സാവൂള്‍ പറഞ്ഞു. അവര്‍ ദൈവപുരുഷന് താമസിക്കുന്ന പട്ടണത്തിലേക്കു പോയി.
- Verse 11: അവര്‍ പട്ടണത്തിലേക്കുള്ള കയറ്റം കയറുമ്പോള്‍ വെള്ളം കോരാന്‍ വന്ന യുവതികളോടു ചോദിച്ചു: ദീര്‍ഘദര്‍ശി ഇവിടെയെങ്ങാനും ഉണ്ടോ?
- Verse 12: ഉണ്ട്, അവര്‍ പറഞ്ഞു, അതാ നിങ്ങളുടെ മുന്പില് പോകുന്നു, വേഗം ചെല്ലുവിന്‍. അവനിപ്പോള്‍ പട്ടണത്തില്‍ വന്നതേയുള്ളു. ഇന്നു മലമുകളില്‍ ജനങ്ങള്‍ക്ക് ഒരു ബലിസമര്‍പ്പിക്കാനുണ്ട്.
- Verse 13: പട്ടണത്തില്‍ ചെന്നാലുടനെ, ഭക്ഷണം കഴിക്കാന്‍ മലമുകളിലേക്കു പോകുന്നതിനു മുന്‍പ് അവനെ നിങ്ങള്‍ക്കു കാണാം. അവന് ബലി അര്‍പ്പിക്കുന്നതിനു മുന്‍പ് ജനങ്ങള്‍ ഭക്ഷിക്കുകയില്ല. ക്ഷണിക്കപ്പെട്ടവര്‍ പിന്നീടാണു ഭക്ഷിക്കുന്നത്. ഇപ്പോള്‍ത്തന്നെ പൊയ്ക്കൊള്ളൂ. ഉടനെ അവനെ കാണാം.
- Verse 14: അവര്‍ പട്ടണത്തില്‍ച്ചെന്നു; മലമുകളിലേക്കു പോകുന്ന വഴിക്ക് അവനെ കണ്ടു.
- Verse 15: സാവൂള്‍ വന്നതിന്റെ തലേദിവസം കര്‍ത്താവ് സാമുവലിനു വെളിപ്പെടുത്തിയിരുന്നു:
- Verse 16: നാളെ ഈ സമയത്തു ബഞ്ചമിന്റെ നാട്ടില്‍നിന്ന് ഒരുവനെ ഞാന്‍ നിന്റെയടുക്കല്‍ അയയ്ക്കും. അവനെ നീ എന്റെ ജനത്തിന്റെ രാജാവായി അഭിഷേകം ചെയ്യണം. ഫിലിസ്ത്യരുടെ കരങ്ങളില്‍നിന്ന് അവരെ അവന് രക്ഷിക്കും. എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ കാണുകയും അവരുടെ നിലവിളി ഞാന്‍ ശ്രവിക്കുകയും ചെയ്തിരിക്കുന്നു.
- Verse 17: സാവൂള്‍ സാമുവലിന്റെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: ഞാന്‍ നിന്നോടു പറഞ്ഞത് ഇവനെപ്പറ്റിയാണ്. എന്റെ ജനത്തെ ഭരിക്കുന്നവന് ഇവനാണ്.
- Verse 18: സാവൂള്‍ പട്ടണവാതില്‍ക്കല്‍വച്ച് സാമുവലിനെ സമീപിച്ചു ചോദിച്ചു: ദീര്‍ഘദര്‍ശിയുടെ ഭവനം എവിടെയാണെന്നു കാണിച്ചുതരാമോ?
- Verse 19: സാമുവല്‍ പറഞ്ഞു: ഞാന്‍ തന്നെയാണ് അവന് . മലമുകളിലേക്ക് എന്റെ മുന്‍പേ നടന്നുകൊള്ളുക. ഇന്ന് എന്റെ കൂടെ ഭക്ഷണം കഴിക്കണം. പ്രഭാതത്തില്‍ മടങ്ങിപ്പോകാം. അപ്പോള്‍ നിങ്ങള്‍ക്കാവശ്യമുള്ളതു പറഞ്ഞുതരാം.
- Verse 20: മൂന്നുദിവസം മുന്‍പ് കാണാതായ കഴുതകളെക്കുറിച്ച് ആകുലചിത്തനാകേണ്ടാ. അവയെ കണ്ടുകിട്ടിയിരിക്കുന്നു. ഇസ്രായേലില്‍ അഭികാമ്യമായതെല്ലാം ആര്‍ക്കുള്ളതാണ്? നിനക്കും നിന്റെ പിതൃഭവനത്തിലുള്ളവര്‍ക്കും അല്ലയോ?
- Verse 21: സാവൂള്‍ പ്രതിവചിച്ചു: ഇസ്രായേല്‍ ഗോത്രങ്ങളില്‍ ഏറ്റവും ചെറിയ ബഞ്ചമിന് ഗോത്രത്തില്പ്പെട്ടവനല്ലേ ഞാന്‍ ? അതില്‍ത്തന്നെ ഏറ്റവും എളിയ കുടുംബമല്ലേ എന്റേത്? പിന്നെ എന്തുകൊണ്ടാണ് എന്നോടിങ്ങനെ അങ്ങു സംസാരിക്കുന്നത്?
- Verse 22: അനന്തരം, സാമുവല്‍ അവരെ ഭക്ഷണ ശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി. മുപ്പതോളം വരുന്ന അതിഥികളുടെയിടയില്‍ പ്രമുഖസ്ഥാനത്തിരുത്തി.
- Verse 23: പാചകനോട് അവന് പറഞ്ഞു: ഞാന്‍ നിന്നോട് എടുത്തുവയ്ക്കാന്‍ പറഞ്ഞഭാഗം കൊണ്ടുവരുക.
- Verse 24: പാചകന് കാല്‍ക്കുറക് കൊണ്ടുവന്നു സാവൂളിനു വിളമ്പി. സാമുവല്‍ പറഞ്ഞു: നിനക്കുവേണ്ടി മാറ്റിവച്ചിരുന്നതാണിത്; ഭക്ഷിച്ചാലും; വിരുന്നുകാരോടൊത്തു ഭക്ഷിക്കുന്നതിനു നിനക്കുവേണ്ടി സൂക്ഷിച്ചുവച്ചിരുന്നതാണ്. അന്നു സാവൂള്‍ സാമുവലിനോടൊത്തു ഭക്ഷിച്ചു.
- Verse 25: അവര്‍ മലമുകളില്‍ നിന്നിറങ്ങി പട്ടണത്തിലെത്തി. വീടിന്റെ മുകള്‍ത്തട്ടില്‍ കിടക്ക തയ്യാറാക്കിയിരുന്നു. സാവൂള്‍ അവിടെ കിടന്നുറങ്ങി.
-
സാവൂള്‍ അഭിഷിക്തനാകുന്നു
- Verse 26: പ്രഭാതമായപ്പോള്‍ സാമുവല്‍ വീടിന്റെ മുകള്‍ത്തട്ടില്‍ച്ചെന്നു സാവൂളിനെ വിളിച്ചു. എഴുന്നേല്ക്കുക; നീ പോകേണ്ട വഴി ഞാന്‍ കാണിച്ചുതരാം. സാവൂള്‍ എഴുന്നേറ്റ് അവനോടുകൂടെ വഴിയിലേക്കിറങ്ങി.
- Verse 27: നഗരപ്രാന്തത്തിലെത്തിയപ്പോള്‍ സാമുവല്‍ സാവൂളിനോടു പറഞ്ഞു: ഭൃത്യനോട് മുന്‍പേ പൊയ്ക്കൊള്ളാന്‍ പറയുക. അവന് പൊയ്ക്കഴിയുമ്പോള്‍ ഒരു നിമിഷം ഇവിടെ നില്ക്കുക. അപ്പോള്‍ ദൈവത്തിന്റെ വചനം ഞാന്‍ നിന്നോടു പറയാം.