పరిశుద్ధ గ్రంథము
പുതിയ നിയമം
മര്‍ക്കോസ്
അദ്ധ്യായം 10
-
വിവാഹമോചനത്തെ സംബന്ധിച്ച പ്രബോധനം (മത്തായി 19: 119 : 12 )
- Verse 1: അവന് അവിടംവിട്ട്യൂദയായിലേക്കും ജോര്‍ദാനു മറുകരയിലേക്കും പോയി. വീണ്ടും ജനങ്ങള്‍ അവന്റെ യടുക്കല്‍ ഒരുമിച്ചുകൂടി. പതിവുപോലെ അവന് അവരെ പഠിപ്പിച്ചു.
- Verse 2: ഫരിസേയര്‍ വന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ?
- Verse 3: അവന് മറുപടി പറഞ്ഞു: മോശ എന്താണു നിങ്ങളോടു കല്പിച്ചത്?
- Verse 4: അവര്‍ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട്.
- Verse 5: യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യംകൊണ്ടാണ് മോശ ഈ നിയമം നിങ്ങള്‍ക്കുവേണ്ടി എഴുതിയത്.
- Verse 6: എന്നാല്‍, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.
- Verse 7: ഇക്കാരണത്താല്‍, പുരുഷന് പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും.
- Verse 8: പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും.
- Verse 9: അതിനാല്‍, ദൈവം സംയോജിപ്പിച്ചത് മനുഷ്യന് വേര്പെടുത്താതിരിക്കട്ടെ.
- Verse 10: ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്മാര് വീട്ടില്‍വച്ച് വീണ്ടും അവനോടുചോദിച്ചു.
- Verse 11: അവന് പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന് വ്യഭിചാരം ചെയ്യുന്നു.
- Verse 12: ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.
-
ശിശുക്കളെ അനുഗ്രഹിക്കുന്നു (മത്തായി 19: 1319 : 15 ) (ലൂക്കാ 18 : 1518 : 17 )
- Verse 13: അവന് തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ശിശുക്കളെ അവന്റെ അടുക്കല്‍ അവര്‍ കൊണ്ടുവന്നു. ശിഷ്യന്മാരാകട്ടെ അവരെ ശകാരിച്ചു.
- Verse 14: ഇതു കണ്ടപ്പോള്‍ യേശു കോപിച്ച് അവരോടു പറഞ്ഞു: ശിശുക്കള്‍ എന്റെ യടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്.
- Verse 15: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.
- Verse 16: അവന് ശിശുക്കളെ എടുത്ത്, അവരുടെമേല്‍ കൈകള്‍ വച്ച് അനുഗ്രഹിച്ചു.
-
ധനികനും ദൈവരാജ്യവും (മത്തായി 19: 1619 : 30 ) (ലൂക്കാ 18 : 1818 : 30 )
- Verse 17: യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന് ഓടിവന്ന് അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന് അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?
- Verse 18: യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല.
- Verse 19: പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
- Verse 20: അവന് പറഞ്ഞു: ഗുരോ, ചെറുപ്പം മുതല്‍ ഞാന്‍ ഇവയെല്ലാം പാലിക്കുന്നുണ്ട്.
- Verse 21: യേശു സ്നേഹപൂര്‍വം അവനെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.
- Verse 22: ഈ വചനം കേട്ട് അവന് വിഷാദിച്ച് സങ്കടത്തോടെ തിരിച്ചുപോയി. കാരണം, അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.
- Verse 23: യേശു ചുറ്റും നോക്കി ശിഷ്യരോടു പറഞ്ഞു: സമ്പന്നന് ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്രപ്രയാസം!
- Verse 24: അവന്റെ വാക്കു കേട്ടു ശിഷ്യന്മാര് വിസ്മയിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു: മക്കളേ, ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം!
- Verse 25: ധനവാന് ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.
- Verse 26: അവര്‍ അത്യന്തം വിസ്മയഭരിതരായി ചോദിച്ചു: അങ്ങനെയെങ്കില്‍, രക്ഷപെടാന്‍ ആര്‍ക്കു കഴിയും?
- Verse 27: യേശു അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന് ഇത് അസാധ്യമാണ്; ദൈവത്തിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും.
- Verse 28: പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു.
- Verse 29: യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും
- Verse 30: ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല - ഭവനങ്ങളും സഹോദരന്മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു നിത്യജീവനും.
- Verse 31: എന്നാല്‍, മുമ്പന്മാരില് പലരും പിമ്പന്മാരും പിമ്പന്മാരില് പലരും മുമ്പന്മാരുമാകും.
-
പീഡാനുഭവവും ഉത്ഥാനവും -മൂന്നാം പ്രവചനം (മത്തായി 20: 1720 : 19 ) (ലൂക്കാ 18 : 3118 : 34 )
- Verse 32: അവര്‍ ജറുസലെമിലേക്കുള്ള വഴിയെ നടന്നുപോവുകയായിരുന്നു. യേശു അവരുടെ മുമ്പില്‍ നടന്നിരുന്നു. അവര്‍ വിസ്മയി ച്ചു. അനുയാത്ര ചെയ്തിരുന്നവര്‍ ഭയപ്പെടുകയും ചെയ്തു. അവന് പന്ത്രണ്ടുപേരെയും അടുത്തു വിളിച്ച്, തനിക്കു സംഭവിക്കുവാ നിരിക്കുന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.
- Verse 33: ഇതാ, നമ്മള് ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രന് പ്രധാന പുരോഹിതന്മാര്ക്കും നിയമജ്ഞന്മാര്ക്കും ഏല്പിക്കപ്പെടും.
- Verse 34: അവര്‍ അവനെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും അവന്റെ മേല്‍ തുപ്പുകയും അവനെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. മൂന്നു ദിവസത്തിനുശേഷം അവന് ഉയിര്ത്തെഴുന്നേല്ക്കും.
-
സെബദീപുത്രന്മാരുടെ അഭ്യര്‍ഥന (മത്തായി 20: 2020 : 28 )
- Verse 35: സെബദീപുത്രന്മാരായ യാക്കോബും യോഹന്നാനും അവനെ സമീപിച്ച് അപേക്ഷിച്ചു: ഗുരോ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നതെന്തും ഞങ്ങള്‍ക്കു ചെയ്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
- Verse 36: അവന് ചോദിച്ചു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?
- Verse 37: അവര്‍ പറഞ്ഞു: അങ്ങയുടെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ വലത്തുവശത്തും മറ്റെയാള്‍ ഇടത്തുവശത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കണമേ!
- Verse 38: യേശു പ്രതിവചിച്ചു: നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ?
- Verse 39: ഞങ്ങള്‍ക്കു കഴിയും എന്ന് അവര്‍ മറുപടി പറഞ്ഞു. യേശു അവരോടു പറഞ്ഞു: ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കും; ഞാന്‍ സ്വീകരിക്കുന്ന സ്നാനം നിങ്ങള്‍ സ്വീകരിക്കും.
- Verse 40: എന്നാല്‍, എന്റെ വലത്തുവശത്തോ ഇടത്തുവശത്തോ ഇരിക്കാനുള്ള വരം തരേണ്ട തു ഞാനല്ല. അത് ആര്‍ക്കുവേണ്ടി സജ്ജ മാക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്.
- Verse 41: ഇതുകേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്ക് യാക്കോബിനോടും യോഹന്നാനോടും അമര്‍ഷം തോന്നി.
- Verse 42: യേശു അവരെ അടുത്തു വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ.
- Verse 43: എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന് നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
- Verse 44: നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന് എല്ലാവരുടെയും ദാസനുമായിരിക്കണം.
- Verse 45: മനുഷ്യപുത്രന് വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന് അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്കാനുമത്രേ.
-
ബര്‍തിമേയൂസിനുകാഴ്ച നല്കുന്നു (മത്തായി 20: 2920 : 34 ) (ലൂക്കാ 18 : 3518 : 43 )
- Verse 46: അവര്‍ ജറീക്കൊയിലെത്തി. അവന് ശിഷ്യരോടും വലിയ ഒരു ജനാവലിയോടും കൂടെ ജറീക്കോ വിട്ടു പോകുമ്പോള്‍ തിമേയൂസിന്റെ പുത്രനായ ബര്‍തിമേയൂസ് എന്ന അന്ധയാചകന് വഴിയരികില്‍ ഇരിപ്പുണ്ടായിരുന്നു.
- Verse 47: നസറായനായ യേശുവാണു പോകുന്നതെന്നറിഞ്ഞപ്പോള്‍ അവന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!
- Verse 48: നിശ്ശബ്ദനായിരിക്കുവാന്‍ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന് കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ!
- Verse 49: യേശു പെട്ടെന്ന് നിന്നിട്ടു പറഞ്ഞു: അവനെ വിളിക്കുക. അവര്‍ അന്ധനെ വിളിച്ച് അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേല്ക്കുക; യേശു നിന്നെ വിളിക്കുന്നു.
- Verse 50: അവന് പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചുചാടി യേശുവിന്റെ അടുത്തെത്തി.
- Verse 51: യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടിഎന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധന് അവനോടു പറഞ്ഞു: ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം.
- Verse 52: യേശു പറഞ്ഞു: നീ പൊയ്ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന് യേശുവിനെ അനുഗമിച്ചു.