P. O. C ബൈബിള്‍
പഴയ നിയമം
എസെക്കിയേല്‍
അദ്ധ്യായം 26
ടയിറിനെതിരേ1 : പതിനൊന്നാംവര്‍ഷം മാസത്തിന്റെ ആദ്യദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:
2 : മനുഷ്യപുത്രാ, ജറുസലെമിനെക്കുറിച്ച് ടയിര്‍ പറഞ്ഞു: ജനതകളുടെ കവാടമായ അവള് തകര്‍ന്നിരിക്കുന്നു. അത് എനിക്കായി തുറന്നിരിക്കുന്നു. അവള് നശിച്ചിരിക്കുന്നു. അങ്ങനെ ഞാന്‍ സമ്പന്നയാകും.
3 : അതിനാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ടയിര്‍, ഇതാ ഞാന്‍ നിനക്കെതിരാണ്. കടല്‍ തിരമാലകളെയെന്നപോലെ ഞാന്‍ അനേകം ജനതകളെ നിനക്കെതിരേ അണിനിരത്തും.
4 : അവര്‍ ടയിറിന്റെ കോട്ടകള്‍ ഇടിച്ചുനിരത്തി ഗോപുരങ്ങള്‍ തകര്‍ക്കും. മണ്ണെല്ലാം വടിച്ചുകോരി ഞാന്‍ അവളെ വെറും പാറപോലെയാക്കും.
5 : സമുദ്രമധ്യത്തില്‍ വല വിരിച്ചുണക്കാനുള്ള സ്ഥലമായി അവള് പരിണമിക്കും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണ് ഇതു പറയുന്നത്; അവള് ജനതകള്‍ക്കൊരു കവര്‍ച്ചവസ്തുവായിത്തീരും.
6 : സമതലത്തിലുള്ള അവളുടെ പുത്രിമാര്‍ വാളിന് ഇരയാകും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.
7 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ വടക്കുനിന്ന് ബാബിലോണിലെ രാജാവും രാജാധിരാജനുമായ നബുക്കദ്നേ സറിനെ കുതിരകളോടും രഥങ്ങളോടും കുതിരപ്പടയാളികളോടും സൈന്യവ്യൂഹങ്ങളോടുംകൂടെ ടയിറിനെതിരേ കൊണ്ടുവരും.
8 : സമ തലത്തിലുള്ള നിന്റെ പുത്രിമാരെ അവന് വാളിനിരയാക്കുകയും നിനക്കെതിരേ ഉപരോധസങ്കേതം ഉയര്‍ത്തി പരിചകള്‍കൊണ്ട് മറയുണ്ടാക്കുകയും ചെയ്യും.
9 : നിന്റെ മതിലുകള്‍ അവന് യന്ത്രമുട്ടികള്‍കൊണ്ട് ഇടിച്ചു തകര്‍ക്കും; കോടാലികൊണ്ട് ഗോപുരങ്ങള്‍ തകര്‍ക്കും.
10 : അവന്റെ അശ്വബാഹുല്യത്താല്‍ ഉയരുന്ന പൊടി നിന്നെ മൂടിക്കളയും. കോട്ടയിടിഞ്ഞപട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന് നിന്റെ കവാടങ്ങളിലൂടെ പ്രവേശിക്കുമ്പോള്‍ കുതിരക്കാരുടെയും വണ്ടികളുടെയും രഥങ്ങളുടെയും ശബ്ദംകൊണ്ട് നിന്റെ മതിലുകള്‍ നടുങ്ങും.
11 : കുതിരകളുടെ കുളമ്പുകള്‍കൊണ്ട് നിന്റെ തെരുവീഥികള്‍ അവന് ചവിട്ടിമെതിക്കും; നിന്റെ ജനത്തെ വാളിനിരയാക്കും; നിന്റെ ഉറപ്പുള്ള തൂണുകള്‍ നിലംപതിക്കും.
12 : അവര്‍ നിന്റെ ധനം കവര്‍ച്ചചെയ്യുകയും വ്യാപാരച്ചരക്കുകള്‍ കൊള്ളയടിക്കുകയും ചെയ്യും. നിന്റെ മതിലുകളും നിന്റെ മനോഹരങ്ങളായ ഭവനങ്ങളും അവര്‍ നശിപ്പിക്കുകയും കല്ലും മണ്ണും മരവും സമുദ്രമധ്യത്തിലേക്കു വലിച്ചെറിയുകയും ചെയ്യും.
13 : നിന്റെ സംഗീതത്തിന്റെ സ്വരം ഞാന്‍ നിര്‍ത്തും; വീണാനാദം മേലില്‍ കേള്‍ക്കുകയില്ല.
14 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഞാന്‍ വെറും പാറപോലെയാക്കും. വലവിരിച്ചുണക്കുന്നതിനുള്ള സ്ഥലമായി നീ തീരും. ഒരിക്കലും നീ പുനരുദ്ധരിക്കപ്പെടുകയില്ല. കര്‍ത്താവായ ഞാനാണ് ഇതു പറയുന്നത്.
15 : ദൈവമായ കര്‍ത്താവ് ടയിറിനോട് അരുളിച്ചെയ്യുന്നു: നിന്റെ മധ്യത്തില്‍ സംഹാരം നടക്കുമ്പോള്‍, മുറിവേറ്റവര്‍ ഞരങ്ങുമ്പോള്‍, നിന്റെ പതനത്തിന്റെ ശബ്ദത്താല്‍ദ്വീപുകള്‍ നടുങ്ങുകയില്ലേ?
16 : അപ്പോള്‍ സമുദ്രത്തിലെ എല്ലാ രാജാക്കന്മാരും സിംഹാ സനം വിട്ടിറങ്ങി മേലങ്കികള്‍ മാറ്റി അലംകൃതവസ്ത്രങ്ങള്‍ ഉരിഞ്ഞുകളയും. അവരെ വിറയല്‍ പൊതിയും, അവര്‍ നിലത്തിരിക്കുകയും ഓരോ നിമിഷവും ഞെട്ടുകയും നിന്നെയോര്‍ത്ത് ഭയചകിതരാവുകയും ചെയ്യും.
17 : നിന്നെക്കുറിച്ച് അവര്‍ ഉച്ചത്തില്‍ വിലപിച്ചുപറയും; സമുദ്രമധ്യത്തില്‍ ശക്തിയും കീര്‍ത്തിയും പരത്തിയ നഗരമേ, കരയില്‍ ഭയമുളവാക്കിയ നീയും നിന്നില്‍ വസിക്കുന്നവരും സമുദ്രത്തില്‍നിന്നു മാഞ്ഞുപോയതെങ്ങിനെ?
18 : നിന്റെ പതനദിവസം ദ്വീപുകള്‍ വിറയ്ക്കുകയും നിന്റെ തിരോധാനത്തില്‍ സമുദ്രത്തിലെ ദ്വീപുകള്‍ സംഭ്രമിക്കുകയും ചെയ്യുന്നു.
19 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിര്‍ജന നഗരംപോലെ നിന്നെ ഞാന്‍ ശൂന്യമാക്കുമ്പോള്‍, ആഴിയെ നിന്റെ മേല്‍ ഒഴുക്കി പെരുവെള്ളംകൊണ്ടു നിന്നെ മൂടുമ്പോള്‍,
20 : പാതാളത്തില്‍ പതിക്കുന്ന പുരാതന ജനങ്ങളോടൊപ്പം നിന്നെ ഞാന്‍ തള്ളിയിടും. നിന്നില്‍ ആരും വസിക്കാതിരിക്കാനും ജീവനുള്ളവരുടെ നാട്ടില്‍ നിനക്കു സ്ഥലം ലഭിക്കാതിരിക്കാനുമായി, പാതാളത്തില്‍ താഴ്ന്നവരുടെകൂടെ പുരാതനാവശിഷ്ടങ്ങള്‍ക്കിടയില്‍ അധോലോകത്തില്‍ നിന്നെ ഞാന്‍ പാര്‍പ്പിക്കും.
21 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഭീതിജനകമായ അവസാനം ഞാന്‍ നിനക്കു വരുത്തും. നീ എന്നേക്കുമായി ഇല്ലാതാകും; നിന്നെ അന്വേഷിക്കുന്നവര്‍ ഒരിക്കലും കണ്ടെണ്ടത്തുകയില്ല.