P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 40
- Verse 1: കര്‍ത്താവ് തുടര്‍ന്നു:
- Verse 2: ആക്ഷേപം പറയുന്നവന് സര്‍വശക്തനോട് ഇനിയും വാദത്തിനു മുതിരുമോ? ദൈവത്തോടു തര്ക്കിക്കുന്നവന് ഉത്തരം പറയട്ടെ.
-
ജോബ് നിശബ്ദനാകുന്നു
- Verse 3: ജോബ് കര്‍ത്താവിനോടു പറഞ്ഞു:
- Verse 4: ഞാന്‍ നിസ്സാരനാണ്; ഞാന്‍ എന്തുത്തരം പറയാനാണ്! ഞാന്‍ വായ് പൊത്തുന്നു.
- Verse 5: ഒരിക്കല്‍ ഞാന്‍ സംസാരിച്ചു; ഇനി ഞാന്‍ ഉത്തരം പറയുകയില്ല. രണ്ടു തവണ ഞാന്‍ മറുപടി പറഞ്ഞു; ഇനി ഞാന്‍ മിണ്ടുകയില്ല.
-
ദൈവം തുടരുന്നു
- Verse 6: അപ്പോള്‍ ചുഴലിക്കാറ്റില്‍ നിന്ന് കര്‍ത്താവ് ജോബിനോട് അരുളിച്ചെയ്തു:
- Verse 7: പുരുഷനെപ്പോലെ നീ അരമുറുക്കുക, ഞാന്‍ ചോദിക്കാം, ഉത്തരം പറയുക.
- Verse 8: നീ എന്റെ വിധി അനീതിപരമെന്നു പറയുമോ? നിന്നെത്തന്നെ നീതീകരിക്കാന്‍ നീ എന്നെ കുറ്റക്കാരനാക്കുമോ?
- Verse 9: നീ ദൈവത്തെപ്പോലെ ശക്തനാണോ?അവിടുത്തെപ്പോലെ ഗര്‍ജനം മുഴക്കാന്‍ നിനക്കാകുമോ?
- Verse 10: മഹിമയും പ്രതാപവും കൊണ്ട് നിന്നെത്തന്നെ അലങ്കരിക്കുക; മഹത്വവും പ്രാഭവവും ധരിച്ചുകൊള്ളുക.
- Verse 11: നിന്റെ കോപം കവിഞ്ഞൊഴുകട്ടെ. ഓരോ അഹങ്കാരിയെയും ഒറ്റ നോട്ടത്തില്‍ എളിമപ്പെടുത്തുക.
- Verse 12: ഓരോ അഹങ്കാരിയെയും ഒറ്റ നോട്ടത്തില്‍ താഴെയിറക്കുക. ദുഷ്ടനെ നില്ക്കുന്നിടത്തു നിന്ന് വലിച്ചിടുക.
- Verse 13: അവരെ പൊടികൊണ്ടു മൂടുക; അവരെ അധോലോകത്തില്‍ ബന്ധിക്കുക.
- Verse 14: നിന്റെ വലത്തുകരം തന്നെ നിനക്കു വിജയം നല്‍കുന്നുവെന്ന് അപ്പോള്‍ ഞാന്‍ അംഗീകരിക്കാം.
- Verse 15: നീര്‍ക്കുതിരയെ നോക്കുക. നിന്നെ സൃഷ്ടിച്ചതുപോലെ അവനെയും ഞാന്‍ സൃഷ്ടിച്ചു; കാളയെപ്പോലെ അവന് പുല്ലു തിന്നുന്നു.
- Verse 16: അവന്റെ ശക്തി അരയിലും ബലം ഉദരപേശികളിലുമാണ്.
- Verse 17: അവന്റെ വാല് ദേവദാരുപോലെ ദൃഢവും അവന്റെ കാലുകളിലെ സ്നായുക്കള്‍ പിണഞ്ഞു ചേര്‍ന്നതും ആണ്.
- Verse 18: അവന്റെ അസ്ഥികള്‍ ഓട്ടു കുഴല്‍പോലെയും അവയവങ്ങള്‍ ഇരുമ്പഴികള്‍ പോലെയുമാണ്.
- Verse 19: അവന് ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നാമനാണ്; അവനെ സൃഷ്ടിച്ചവനു മാത്രമേ അവനെ തോല്പിക്കാന് കഴിയൂ.
- Verse 20: വന്യമൃഗങ്ങള്‍ വിഹരിക്കുന്ന മലകള്‍ അവനു ഭക്ഷണം നല്‍കും.
- Verse 21: താമരയുടെ തണലിലും, ചതുപ്പുനിലത്തു ഞാങ്ങണയുടെ മറവിലും അവന് കിടക്കുന്നു.
- Verse 22: താമര അവനു തണല്‍ നല്കുന്നു. അരുവിയിലെ അരളികള്‍ അവനെ ചുറ്റി നില്ക്കുന്നു.
- Verse 23: നദി കലങ്ങിമറിഞ്ഞാലും അവന് ഭയപ്പെടുകയില്ല. ജോര്‍ദാന്‍ വായിലേക്കുകുത്തിയൊഴുകിയാലും അവനു കൂസലില്ല.
- Verse 24: ആര്‍ക്കെങ്കിലും അവനെ കൊളുത്തില്‍കുരുക്കാമോ? അവനു മൂക്കുകയര്‍ ഇടാമോ?