P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 27
- Verse 1: ജോബ് തുടര്‍ന്നു:
- Verse 2: എന്റെ അവകാശം എടുത്തുകളഞ്ഞ ദൈവമാണേ, എനിക്കു മനോവ്യസനം വരുത്തിയ സര്വശക്തനാണേ,
- Verse 3: എന്നില്‍ ശ്വാസം ഉള്ളിടത്തോളം കാലം, ദൈവത്തിന്റെ ചൈതന്യം എന്റെ നാസികയില്‍ ഉള്ളിടത്തോളം കാലം,
- Verse 4: എന്റെ അധരം വ്യാജം പറയുകയില്ല; എന്റെ നാവ് വഞ്ചന ഉച്ചരിക്കുകയില്ല.
- Verse 5: നിങ്ങള്‍ പറയുന്നതു ശരിയാണെന്നു ഞാന്‍ ഒരിക്കലും പറയുകയില്ല. മരിക്കുവോളം ഞാന്‍ നിഷ്കളങ്കത കൈവെടിയുകയില്ല.
- Verse 6: നീതിനിഷ്ഠയെ ഞാന്‍ മുറുകെപ്പിടിക്കും. അതു കൈവിട്ടുപോകാന്‍ സമ്മതിക്കുകയില്ല. എന്റെ ഹൃദയം കഴിഞ്ഞുപോയ ഒരുദിവസത്തെ പ്രതിപോലും എന്നെ കുറ്റപ്പെടുത്തുന്നില്ല.
- Verse 7: എന്റെ ശത്രു ദുഷ്ടനെപ്പോലെയും എതിരാളി അധര്‍മിയെപ്പോലെയും ആയിരിക്കട്ടെ.
- Verse 8: ദൈവം അധര്‍മിയെ വെട്ടിനീക്കുമ്പോള്‍, അവന്റെ ജീവന് എടുത്തുകളയുമ്പോള്‍, അവന്റെ പ്രത്യാശ എന്തായിരിക്കും?
- Verse 9: കഷ്ടത അവന്റെ മേല്‍ വന്നുകൂടുമ്പോള്‍ ദൈവം അവന്റെ നിലവിളി ശ്രവിക്കുമോ?
- Verse 10: അവന് സര്‍വശക്തനില്‍ ആനന്ദം കണ്ടെണ്ടത്തുമോ? അവന് എല്ലായ്പ്പോഴും ദൈവത്തെവിളിച്ചപേക്ഷിക്കുമോ?
- Verse 11: ദൈവത്തിന്റെ കരത്തെക്കുറിച്ചു ഞാന്‍ നിന്നെ പഠിപ്പിക്കും. സര്‍വശക്തന്റെ ഉദ്ദേശ്യം ഞാന്‍ മറച്ചു വയ്ക്കുകയില്ല.
- Verse 12: നിങ്ങളെല്ലാവരും അതു കണ്ടിട്ടുള്ളതാണല്ലോ. എന്നിട്ടും, നിങ്ങള്‍ വ്യര്‍ഥഭാഷണത്തില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ട്?
- Verse 13: ദുഷ്ടനു ദൈവത്തില്‍ നിന്നു ലഭിക്കുന്ന ഓഹരിയും മര്‍ദകര്‍ക്കു സര്‍വശക്തനില്‍ നിന്നു ലഭിക്കുന്ന അവകാശവും ഇതത്രേ.
- Verse 14: അവന്റെ സന്താനങ്ങള്‍ പെരുകുന്നെങ്കില്‍ അവര്‍ വാളിന് ഇരയാകാന്‍ വേണ്ടിയാണ്. അവന്റെ സന്തതികള്‍ക്ക് വേണ്ടുവോളം ആഹാരം ലഭിക്കുകയില്ല.
- Verse 15: അവനെ അതിജീവിക്കുന്നവരെ മഹാമാരി പിടികൂടും. അവരുടെ വിധവകള്‍ വിലപിക്കുകയുമില്ല.
- Verse 16: അവന് പൊടിപോലെ വെള്ളി കുന്നുകൂട്ടിയാലും കളിമണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
- Verse 17: അവന് കുന്നുകൂട്ടാമെന്നേയുള്ളു. നീതിമാന്മാര് അതു ധരിക്കും; നിഷ്കളങ്കര്‍ വെള്ളി പങ്കിടും.
- Verse 18: അവന്റെ ഭവനം ചിലന്തിവല പോലെയും കാവല്‍ക്കാരന്റെ മാടം പോലെയും ആണ്.
- Verse 19: ഇപ്പോള്‍ അവന് സമ്പന്നനായി ഉറങ്ങാന്‍ പോകുന്നു; എന്നാല്‍ ഇനിയൊരിക്കലും അവന് അങ്ങനെ കഴിയുകയില്ല. ഉണരുമ്പോഴേക്കും അവന്റെ ധനം നഷ്ടപ്പെട്ടിരിക്കും.
- Verse 20: വെള്ളപ്പൊക്കം പോലെ ഭീതി അവനെ കീഴ്പ്പെടുത്തും. രാത്രിയില്‍ ചുഴലിക്കാറ്റ് അവനെ വഹിച്ചു കൊണ്ടു പോകുന്നു.
- Verse 21: കിഴക്കന്‍കാറ്റ് അവനെ പൊക്കിയെടുത്തു; അവന് പൊയ്പ്പോയി. സ്വസ്ഥാനത്തു നിന്ന് അവനെ അതു നീക്കിക്കളയുന്നു.
- Verse 22: അത് നിര്‍ദയം അവന്റെ മേല്‍ ചുഴറ്റി അടിക്കുന്നു; അതിന്റെ ശക്തിയില്‍ നിന്ന് അവന് പ്രാണഭയത്തോടെ ഓടുന്നു.
- Verse 23: അത് അവന്റെ നേരേ കൈകൊട്ടുകയും അവന്റെ നേരേ സീല്‍ക്കാരം പുറപ്പെടുവിക്കുകയും ചെയ്യുന്നു.