P. O. C ബൈബിള്‍
പഴയ നിയമം
ലേവ്യരുടെ പുസ്തകം
അദ്ധ്യായം 11
-
ശുദ്ധവും അശുദ്ധവുമായ ജീവികള്‍
- Verse 1: കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:
- Verse 2: ഇസ്രായേല്‍ ജനത്തോടു പറയുക, ഭൂമുഖത്തെ മൃഗങ്ങളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്:
- Verse 3: പാദം വിഭജിച്ചിരിക്കുന്നതും ഇരട്ടക്കുളമ്പുള്ളതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷിക്കാം.
- Verse 4: എന്നാല്‍, അയവിറക്കുന്നതോ ഇരട്ടക്കുളമ്പുള്ളതോ ആയ മൃഗങ്ങളില്‍ ഇവയെ നിങ്ങള്‍ ഭക്ഷിക്കരുത്: ഒട്ടകം അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്.
- Verse 5: കുഴിമുയല്‍ അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്.
- Verse 6: മുയല് അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്.
- Verse 7: പന്നി ഇരട്ടക്കുളമ്പുള്ളതെങ്കിലും അത് അയവിറക്കുന്നതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്.
- Verse 8: ഇവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. പിണം തൊടുകയുമരുത്. ഇവനിങ്ങള്‍ക്ക് അശുദ്ധമാണ്.
- Verse 9: ജലജീവികളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്. കടലിലും നദിയിലും ജീവിക്കുന്ന, ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം.
- Verse 10: എന്നാല്‍ കടലിലും നദികളിലും പറ്റം ചേര്‍ന്നു ചരിക്കുന്നവയും അല്ലാത്തവയുമായ ജലജീവികളില്‍ ചിറകും ചെതുമ്പലുമില്ലാത്തവ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കട്ടെ.
- Verse 11: അവ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കണം. അവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അവയുടെ പിണം നിങ്ങള്‍ക്കു നിന്ദ്യമായിരിക്കട്ടെ.
- Verse 12: ചിറകും ചെതുമ്പലുമില്ലാത്ത ജലജീവികളെല്ലാം നിങ്ങള്‍ക്കു നിന്ദ്യമായിരിക്കണം.
- Verse 13: പക്ഷികളില്‍ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കേണ്ടവ ഇവയാണ്. ഇവ നിങ്ങള്‍ ഭക്ഷിക്കരുത്. ഇവയെല്ലാം നിന്ദ്യമാണ്. എല്ലാത്തരത്തിലും പെട്ട കഴുകന്, ചെമ്പരുന്ത്, കരിംപരുന്ത്,
- Verse 14: പരുന്ത്, പ്രാപ്പിടിയന്‍,
- Verse 15: കാക്ക,
- Verse 16: ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പ്പാത്ത, ചെങ്ങാലിപ്പരുന്ത്,
- Verse 17: മൂങ്ങ, നീര്‍കാക്ക, കൂമന്,
- Verse 18: അരയന്നം, ഞാറപ്പക്ഷി, കരിങ്കഴുകന്‍,
- Verse 19: കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍.
- Verse 20: ചിറകുള്ള കീടങ്ങളില്‍ നാലുകാലില്‍ ചരിക്കുന്നവയെല്ലാം നിന്ദ്യമാണ്.
- Verse 21: എന്നാല്‍, ചിറകും നാലുകാലുമുള്ള കീടങ്ങളില്‍ നിലത്തു കുതിച്ചുചാടുന്നവയെ ഭക്ഷിക്കാം.
- Verse 22: അവയില്‍ വെട്ടുകിളി, പച്ചക്കുതിര, വണ്ട്, വിട്ടില്‍ ഇവയുടെ എല്ലാ വര്‍ഗങ്ങളും നിങ്ങള്‍ക്കു ഭക്ഷിക്കാം.
- Verse 23: എന്നാല്‍, നാലു കാലും ചിറകുമുള്ള മറ്റെല്ലാ കീടങ്ങളും നിങ്ങള്‍ക്കു നിന്ദ്യമാണ്. ഇവനിങ്ങളെ അശുദ്ധരാക്കും.
- Verse 24: ഇവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
- Verse 25: ഇവയുടെ പിണം വഹിക്കുന്നവന് തന്റെ വസ്ത്രം കഴുകട്ടെ. അവന് വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
- Verse 26: പാദം വിഭക്തമെങ്കിലും ഇരട്ടക്കുളമ്പില്ലാത്തതും അയവിറക്കാത്തതുമായ സകല മൃഗങ്ങളും നിങ്ങള്‍ക്ക് അശുദ്ധമാണ്. അവയെ സ്പര്‍ശിക്കുന്നവരും അശുദ്ധരായിരിക്കും.
- Verse 27: നാല്ക്കാലികളില് നഖമുള്ള പാദങ്ങളോടുകൂടിയവ നിങ്ങള്‍ക്ക് അശുദ്ധമാണ്. അവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
- Verse 28: അവയുടെ പിണം വഹിക്കുന്നവന് തന്റെ വസ്ത്രം കഴുകണം. വൈകുന്നേരം വരെ അവന് അശുദ്ധനായിരിക്കും. അവനിങ്ങള്‍ക്ക് അശുദ്ധമാണ്.
- Verse 29: ഭൂമിയിലെ ഇഴജന്തുക്കളില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ കീരി, എലി, വിവിധതരം ഉടുമ്പുകള്‍,
- Verse 30: പല്ലി, ചുമര്‍പ്പല്ലി, മണല്‍പ്പല്ലി, അരണ, ഓന്ത് എന്നിവയാണ്.
- Verse 31: ഇഴജന്തുക്കളില്‍ അശുദ്ധമായ ഇവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരം വരെ അശുദ്ധ നായിരിക്കും.
- Verse 32: ഇവയുടെ പിണം ഏതെങ്കിലും വസ്തുവിന്മേല് വീണാല്‍ അതും അശുദ്ധമാകും. അതു മരംകൊണ്ടുണ്ടാക്കിയ ഉപകരണമോ വസ്ത്രമോ തോലോ ചാക്കോ ഉപയോഗയോഗ്യമായ ഏതെങ്കിലും പാത്രമോ ആകട്ടെ, അതു വെള്ളത്തിലിടണം. വൈകുന്നേരം വരെ അത് അശുദ്ധമായിരിക്കും. അനന്തരം ശുദ്ധമാകും.
- Verse 33: പിണം മണ്‍പാത്രത്തില്‍ വീണാല്‍ അതിലുള്ളവയും അശുദ്ധമായിത്തീരും. അത് ഉടച്ചുകളയണം.
- Verse 34: അതിലെ വെള്ളം ഏതെങ്കിലും ഭക്ഷണ പദാര്‍ത്ഥത്തില്‍ വീണാല്‍ അത് അശുദ്ധമാകും. അതിലുള്ള ഏതു പാനീയവും അശുദ്ധമായിരിക്കും.
- Verse 35: പിണത്തിന്റെ അംശം എന്തിലെങ്കിലും വീണാല്‍ അത് അശുദ്ധമാകും. അടുപ്പോ അഗ്നികലശമോ ആകട്ടെ അത് ഉടച്ചുകളയണം. അത് അശുദ്ധമാണ്; അശുദ്ധമായി നിങ്ങള്‍ കരുതുകയും വേണം.
- Verse 36: പിണം സ്പര്‍ശിക്കുന്ന എന്തും അശുദ്ധമാകുമെങ്കിലും ജലസമൃദ്ധമായ അരുവികള്‍ക്കും ഉറവകള്‍ക്കും അതു ബാധകമല്ല.
- Verse 37: വിതയ്ക്കാനുള്ള വിത്തില്‍ പിണത്തിന്റെ അംശം വീണാലും അത് ശുദ്ധമായിരിക്കും.
- Verse 38: എന്നാല്‍ നനച്ച വിത്തില്‍ പിണത്തിന്റെ അംശം വീണാല്‍ അതു നിങ്ങള്‍ക്ക് അശുദ്ധമായിരിക്കും.
- Verse 39: മൃഗം നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നതാണെങ്കിലും ചത്തു പോയാല്‍ അതിന്റെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
- Verse 40: അതിന്റെ മാംസം ഭക്ഷിക്കുന്നവന് തന്റെ വസ്ത്രം കഴുകണം. അവന് വൈകുന്നേരം വരെ അശുദ്ധനായിരിക്കും. അതു വഹിക്കുന്നവനും തന്റെ വസ്ത്രം കഴുകണം. അവനും വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
- Verse 41: ഇഴജന്തുക്കളെല്ലാം നിന്ദ്യമാണ്. അവയെ ഭക്ഷിക്കരുത്.
- Verse 42: ഉരസ്സുകൊണ്ടോ നാലോ അതില്‍ക്കൂടുതലോ കാലുകള്‍ കൊണ്ടോ ഇഴയുന്ന ജന്തുക്കളെ നിങ്ങള്‍ ഭക്ഷിക്കരുത്; അവനിന്ദ്യമാണ്.
- Verse 43: ഇഴജന്തുക്കള്‍ നിമിത്തം നിങ്ങള്‍ അശുദ്ധരാകരുത്. അശുദ്ധരാകാതിരിക്കാന്‍ അവകൊണ്ടുള്ള മാലിന്യത്തില്‍നിന്ന് അകലുവിന്‍.
- Verse 44: ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാകുന്നു. നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരായിരിക്കുകയും ചെയ്യുവിന്‍. കാരണം, ഞാന്‍ പരിശുദ്ധനാകുന്നു. ഭൂമിയിലെ ഇഴജന്തുക്കള്‍ നിമിത്തം നിങ്ങള്‍ മലിനരാകരുത്.
- Verse 45: നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് ഈജിപ്തില്‍നിന്നു നിങ്ങളെ ആനയിച്ച കര്‍ത്താവു ഞാനാകുന്നു. നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, ഞാന്‍ പരിശുദ്ധനാണ്.
- Verse 46: പക്ഷികള്‍, മൃഗങ്ങള്‍, ജലജീവികള്‍, ഭൂമിയിലെ ഇഴജന്തുക്കള്‍ എന്നിവയെ സംബന്ധിച്ചുള്ള നിയമമാണിത്.
- Verse 47: ജീവികളെ ശുദ്ധിയുള്ളവയും ശുദ്ധിയില്ലാത്തവയും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയും തമ്മില്‍ വേര്‍തിരിക്കാനാണിത്.