P. O. C ബൈബിള്‍
പുതിയ നിയമം
മര്‍ക്കോസ്
അദ്ധ്യായം 14
-
യേശുവിനെ വധിക്കാന്‍ ആലോചന (മത്തായി 26: 126 : 5 ) (ലൂക്കാ 22 : 122 : 2 ) (യോഹന്നാന് 11 : 4511 : 53 )
- Verse 1: പെസഹായ്ക്കും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിനും രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളൂ. യേശുവിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്ന് പ്രധാന പുരോഹിതന്മാരും നിയമജ്ഞരും ആലോചിച്ചുകൊണ്ടിരുന്നു.
- Verse 2: അവര്‍ പറഞ്ഞു: തിരുനാളില്‍ വേണ്ട; ജനങ്ങള്‍ ബഹളമുണ്ടാക്കും.
-
ബഥാനിയായിലെ തൈലാഭിഷേകം (മത്തായി 26: 626 : 13 ) (യോഹന്നാന് 12 : 112 : 8 )
- Verse 3: അവന് ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കവേ, ഒരു വെണ്കല്ഭരണി നിറയെ വിലയേറിയ ശുദ്ധ നാര്‍ദീന്‍ സുഗന്ധതൈലവുമായി ഒരു സ്ത്രീ അവിടെ വന്നു. അവള് ഭരണി തുറന്ന് അത് അവന്റെ ശിരസ്സില്‍ ഒഴിച്ചു.
- Verse 4: അവിടെയുണ്ടായിരുന്ന ചിലര്‍ അമര്‍ഷത്തോടെ പരസ്പരം പറഞ്ഞു:
- Verse 5: ഈ തൈലം പാഴാക്കിക്കളഞ്ഞത് എന്തിന്? ഇതു മുന്നൂറിലധികം ദനാറയ്ക്കു വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നല്ലോ. അവര്‍ അവളെ കുറ്റപ്പെടുത്തി.
- Verse 6: യേശു പറഞ്ഞു: ഇവളെ സൈ്വരമായി വിടുക, എന്തിന് ഇവളെ വിഷമിപ്പിക്കുന്നു? ഇവള് എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു.
- Verse 7: ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. എപ്പോള്‍ വേണമെങ്കിലും അവര്‍ക്കു നന്മചെയ്യാന് സാധിക്കും. ഞാനാകട്ടെ, എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
- Verse 8: ഇവള്‍ക്കു സാധിക്കുന്നത് ഇവള് ചെയ്തു. എന്റെ സംസ് കാരത്തിനുവേണ്ടി ഇവള് എന്റെ ശരീരം മുന്‍കൂട്ടി തൈലം പൂശുകയാണു ചെയ്തത്.
- Verse 9: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ലോകത്തിലെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള് ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.
-
യൂദാസിന്റെ വഞ്ചന (മത്തായി 26: 1426 : 16 ) (ലൂക്കാ 22 : 322 : 6 )
- Verse 10: പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് സ്ക്കറിയോത്താ യേശുവിനെ ഒറ്റിക്കൊടുക്കാന്‍വേണ്ടി പ്രധാനപുരോഹിതന്മാരുടെ അടുത്തു ചെന്നു.
- Verse 11: അവര്‍ ഇതറിഞ്ഞു സന്തോഷിച്ച്, അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. അവനെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്നു വിചാരിച്ച് അവന് അവസരം പാര്‍ത്തിരുന്നു.
-
പെസഹാ ആചരിക്കുന്നു (മത്തായി 26: 1726 : 25 ) (ലൂക്കാ 22 : 722 : 14 ) (ലൂക്കാ 22 : 2122 : 23 ) (യോഹന്നാന് 13 : 2113 : 30 )
- Verse 12: പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, ശിഷ്യന്മാര് യേശുവിനോടു ചോദിച്ചു: നിനക്കു ഞങ്ങള്‍ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?
- Verse 13: അവന് രണ്ടു ശിഷ്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ നഗരത്തിലേക്കുചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന് നിങ്ങള്‍ക്കെതിരേ വരും. അവനെ അനുഗമിക്കുക.
- Verse 14: അവന് എവിടെ ചെന്നു കയറുന്നുവോ അവിടത്തെ ഗൃഹ നാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ ശിഷ്യന്മാരുമൊത്തു പെ സഹാ ഭക്ഷിക്കുന്നതിന് എന്റെ വിരുന്നുശാല എവിടെയാണ്?
- Verse 15: സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവര്‍ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കുക.
- Verse 16: ശിഷ്യന്മാര് പുറപ്പെട്ട് നഗരത്തിലെത്തി, അവന് പറഞ്ഞിരുന്നതുപോലെ കണ്ടു.
- Verse 17: അവര്‍ പെസഹാ ഒരുക്കി. സന്ധ്യയായപ്പോള്‍ അവന് പന്ത്രണ്ടുപേരുമൊരുമിച്ചു വന്നു.
- Verse 18: അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ യേശു പറഞ്ഞു: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: എന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന നിങ്ങളിലൊരുവന് എന്നെ ഒറ്റിക്കൊടുക്കും. അവര്‍ ദുഃഖിതരായി.
- Verse 19: അതു ഞാനല്ലല്ലോ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍ തുടങ്ങി.
- Verse 20: അവന് പറഞ്ഞു: പന്ത്രണ്ടുപേരില്‍ എന്നോടൊപ്പം പാത്രത്തില്‍ കൈമുക്കുന്നവന്‍ തന്നെ.
- Verse 21: മനുഷ്യപുത്രന് തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനു ദുരിതം! ജനിക്കാതിരുന്നെങ്കില് അവനു നന്നായിരുന്നു.
-
പുതിയ ഉടമ്പടി (മത്തായി 26: 2626 : 30 ) (ലൂക്കാ 22 : 1522 : 20 ) (1 കോറിന്തോസ് 11 : 2311 : 25 )
- Verse 22: അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്.
- Verse 23: അനന്തരം, പാനപാത്രം എടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, അവര്‍ക്കു നല്കി. എല്ലാവരും അതില്‍നിന്നു പാനംചെയ്തു.
- Verse 24: അവന് അവരോട് അരുളിച്ചെയ്തു: ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്.
- Verse 25: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തില്‍ ഞാന്‍ ഇതു നവമായി പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഇനി ഞാന്‍ കുടിക്കുകയില്ല.
- Verse 26: സ്തോത്രഗീതം ആലപിച്ചതിനുശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.
-
പത്രോസ് ഗുരുവിനെ നിഷേധിക്കും (മത്തായി 26: 3126 : 35 ) (ലൂക്കാ 22 : 3122 : 34 ) (യോഹന്നാന് 13 : 3613 : 38 )
- Verse 27: യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടര്‍ച്ചയുണ്ടാകും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോ കും എന്ന് എഴുതപ്പെട്ടിരിക്കുന്നു.
- Verse 28: ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കുപോകും.
- Verse 29: പത്രോസ് പറഞ്ഞു: എല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല.
- Verse 30: യേശു അവനോടു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഇന്ന്, ഈ രാത്രിയില്‍ത്തന്നെ, കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറയും.
- Verse 31: അവന് തറപ്പിച്ചു പറഞ്ഞു: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ നിഷേധിക്കുകയില്ല. അങ്ങനെതന്നെ എല്ലാവരും പറഞ്ഞു.
-
ഗത്സെമനിയില്‍ പ്രാര്‍ഥിക്കുന്നു (മത്തായി 26: 3626 : 46 ) (ലൂക്കാ 22 : 3922 : 46 )
- Verse 32: അവര്‍ ഗത്സെമനി എന്നു വിളിക്ക പ്പെടുന്ന സ്ഥലത്തെത്തി. അവന് ശിഷ്യന്മാരോടു പറഞ്ഞു: ഞാന്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുവിന്‍.
- Verse 33: അവന് പത്രോസിനെയും യാക്കോബി നെയും യോഹന്നാനെയും കൂടെക്കൊണ്ടുപോയി, പര്യാകുലനാകാനും അസ്വസ്ഥനാകാനും തുടങ്ങി.
- Verse 34: അവന് അവരോടു പറഞ്ഞു: എന്റെ ആത്മാവ് മരണത്തോളം ദുഃഖിതമായിരിക്കുന്നു. നിങ്ങള്‍ ഇവിടെ ഉണര്‍ന്നിരിക്കുവിന്‍.
- Verse 35: അവന് അല്പദൂരം മുന്നോട്ടു ചെന്ന്, നിലത്തുവീണ്, സാധ്യമെങ്കില്‍ ആ മണിക്കൂര്‍ തന്നെ കടന്നുപോകട്ടെ എന്നു പ്രാര്‍ഥിച്ചു.
- Verse 36: അവന് പറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം.
- Verse 37: അ നന്തരം അവന് വന്ന്, അവര്‍ ഉറങ്ങുന്നതു കണ്ട്, പത്രോസിനോടു ചോദിച്ചു: ശിമയോനേ, നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിഞ്ഞില്ലേ?
- Verse 38: പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്.
- Verse 39: അവന് വീണ്ടും പോയി, അതേ വചനം പറഞ്ഞുപ്രാര്‍ഥിച്ചു.
- Verse 40: തിരിച്ചു വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതാണ് കണ്ടത്. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു. അവനോട് എന്തു മറുപടി പറയണമെന്ന് അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു.
- Verse 41: അവന് മൂന്നാമതും വന്ന് അവരോടു പറഞ്ഞു: ഇനിയും നിങ്ങള്‍ ഉറങ്ങി വിശ്രമിക്കുന്നുവോ? മതി. സമയമായിരിക്കുന്നു. ഇതാ, മനുഷ്യപുത്രന് പാപികളുടെ കൈകളില്‍ ഏല്പിക്കപ്പെടുന്നു.
- Verse 42: എഴുന്നേല്ക്കുവിന്; നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന് അടുത്തെത്തിയിരിക്കുന്നു.
-
യൂദാസ് ഒറ്റിക്കൊടുക്കുന്നു (മത്തായി 26: 4726 : 56 ) (ലൂക്കാ 22 : 4722 : 53 ) (യോഹന്നാന് 13 : 313 : 12 )
- Verse 43: അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാന പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും ജനപ്രമാണികളുടെയും അടുത്തുനിന്നു വാളും വടിയുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു.
- Verse 44: ഒറ്റുകാരന് അവര്‍ക്ക് ഒരടയാളം നല്‍കിയിരുന്നു; ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന് തന്നെ. അവനെ പിടിച്ച് സുരക്ഷിതമായി കൊണ്ടുപൊയ്ക്കൊള്ളുക.
- Verse 45: അവന് യേശുവിനെ സമീപിച്ച്, ഗുരോ! എന്നു വിളിച്ചുകൊണ്ട് അവനെ ഗാഢമായി ചുംബിച്ചു.
- Verse 46: അപ്പോള്‍ അവര്‍ അവനെ പിടിച്ചു ബന്ധിച്ചു.
- Verse 47: സമീപത്തു നിന്നിരുന്ന ഒരുവന് വാള് ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി അവന്റെ ചെവി ഛേദിച്ചുകളഞ്ഞു.
- Verse 48: യേശു അവരോടു പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നതുപോലെ, വാളും വടിയുമായി എന്നെ ബന്ധിക്കാന്‍ നിങ്ങള്‍ വന്നിരിക്കുന്നുവോ?
- Verse 49: ഞാന്‍ ദിവ സവും ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ട് നിങ്ങളോടുകൂടെ ഉണ്ടായിരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍, വിശുദ്ധലിഖിതങ്ങള്‍ പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു.
- Verse 50: അപ്പോള്‍, ശിഷ്യന്മാരെല്ലാവരും അവനെ വിട്ട് ഓടിപ്പോയി.
- Verse 51: എന്നാല്‍, ഒരുയുവാവ് അവനെ അനുഗമിച്ചു. അവന് ഒരു പുതപ്പു മാത്രമേ തന്റെ ശരീരത്തില്‍ ചുറ്റിയിരുന്നുള്ളൂ. അവര്‍ അവനെ പിടിച്ചു.
- Verse 52: അവന് പുതപ്പുപേക്ഷിച്ച് നഗ്നനായി ഓടിപ്പോയി.
-
ന്യായാധിപസംഘത്തിന്റെ മുമ്പില്‍ (മത്തായി 26: 5726 : 68 ) (ലൂക്കാ 22 : 5422 : 71 ) (യോഹന്നാന് 18 : 1318 : 24 )
- Verse 53: അവര്‍ യേശുവിനെ പ്രധാന പുരോഹിതന്റെ അടുത്തേക്കു കൊണ്ടുപോയി. എല്ലാ പുരോഹിതപ്രമുഖന്മാരും ജനപ്രമാണികളും നിയമജ്ഞരും ഒരുമിച്ചുകൂടി.
- Verse 54: പത്രോസ് പ്രധാന പുരോഹിതന്റെ മുറ്റംവരെ അവനെ അല്പം അകലെയായി അനുഗമിച്ചു. പിന്നീട്, അവന് പരിചാരകരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു.
- Verse 55: പുരോഹിതപ്രമുഖന്‍മാരുംന്യായാധിപസംഘം മുഴുവനും യേശുവിനെ വധിക്കുന്നതിന് അവനെതിരേ സാക്ഷ്യം അന്വേഷിച്ചു. പക്ഷേ, അവര്‍ കണ്ടെത്തിയില്ല.
- Verse 56: പലരും അവനെ തിരേ കള്ളസാക്ഷ്യം പറഞ്ഞെങ്കിലും അവ തമ്മില്‍ പൊരുത്തപ്പെട്ടില്ല.
- Verse 57: ചിലര്‍ എഴുന്നേറ്റ് അവനെതിരേ ഇപ്രകാരം കള്ളസാക്ഷ്യം പറഞ്ഞു:
- Verse 58: കൈകൊണ്ടു പണിത ഈ ദേവാലയം ഞാന്‍ നശിപ്പിക്കുകയും കൈകൊണ്ടു പണിയാത്ത മറ്റൊന്ന് മൂന്നു ദിവസംകൊണ്ടു നിര്‍മിക്കുകയും ചെയ്യും എന്ന് ഇവന് പറയുന്നതു ഞങ്ങള്‍ കേട്ടിട്ടുണ്ട്.
- Verse 59: ഇക്കാര്യത്തിലും അവരുടെ സാക്ഷ്യങ്ങള്‍ പൊരുത്തപ്പെട്ടില്ല.
- Verse 60: പ്രധാന പുരോഹിതന്‍മധ്യത്തില്‍ എഴുന്നേറ്റുനിന്ന് യേശുവിനോടു ചോദിച്ചു: ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതിന് നിനക്കു മറുപടിയൊന്നും പറയാനില്ലേ?
- Verse 61: അവന് നിശ്ശ ബ്ദനായിരുന്നു: മറുപടിയൊന്നും പറഞ്ഞില്ല. പ്രധാന പുരോഹിതന് വീണ്ടും ചോദി ച്ചു: നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്തു?
- Verse 62: യേശു പറഞ്ഞു: ഞാന്‍ തന്നെ. മനുഷ്യപുത്രന് ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.
- Verse 63: അപ്പോള്‍ പ്രധാന പുരോഹി തന് വസ്ത്രം വലിച്ചുകീറിക്കൊണ്ടു പറഞ്ഞു: ഇനി സാക്ഷികളെക്കൊണ്ട് നമുക്ക് എന്താവശ്യം?
- Verse 64: ദൈവദൂഷണം നിങ്ങള്‍കേട്ടുവല്ലോ? നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവന് മരണത്തിന് അര്‍ഹനാണെന്ന് അവരെല്ലാവരും വിധിച്ചു.
- Verse 65: ചിലര്‍ അവനെ തുപ്പാനും അവന്റെ മുഖം മൂടിക്കെട്ടി മുഷ്ടികൊണ്ട് ഇടിക്കാനും, നീ പ്രവചിക്കുക എന്ന് അവനോടു പറയാനും തുടങ്ങി. ഭൃത്യന്മാര് അവന്റെ ചെകിട്ടത്തടിച്ചു.
-
പത്രോസ് തള്ളിപ്പറയുന്നു (മത്തായി 26: 6926 : 75 ) (ലൂക്കാ 22 : 5622 : 62 ) (യോഹന്നാന് 18 : 1518 : 18 ) (യോഹന്നാന് 18 : 2518 : 27 )
- Verse 66: പത്രോസ് താഴെ മുറ്റത്തിരിക്കുമ്പോള്‍, പ്രധാനപുരോഹിതന്റെ പരിചാരികമാരില്‍ ഒരുവള്‍ വന്ന്,
- Verse 67: അവന് തീ കാഞ്ഞുകൊണ്ടിരിക്കുന്നതു കണ്ട് അവനെ നോക്കിപ്പറഞ്ഞു: നീയും നസറായനായ യേശുവിന്റെ കൂടെയായിരുന്നല്ലോ.
- Verse 68: അവനാകട്ടെ, നീ പറയുന്നതെന്തെന്നു ഞാന്‍ അറിയുന്നില്ല; എനിക്കു മനസ്സിലാകുന്നുമില്ല എന്നു നിഷേധിച്ചു പറഞ്ഞു. പിന്നെ, അവന് പുറത്ത് പടിവാതില്ക്കലേക്കു പോയി. ആ പരി ചാരിക അവനെ പിന്നെയുംകണ്ടപ്പോള്‍, അടുത്തു നിന്നവരോടു പറഞ്ഞു: ഇവന് അവരില്‍ ഒരുവനാണ്.
- Verse 69: ആ പരിചാരിക അവനെ പിന്നെയും കണ്ടപ്പോള്‍, അടുത്തു നിന്നവരോടു പറഞ്ഞു: ഇവന് അവരില്‍ ഒരുവനാണ്.
- Verse 70: അവന് വീണ്ടും അതു നിഷേധിച്ചു. അല്പം കഴിഞ്ഞപ്പോള്‍, അടുത്തു നിന്നവര്‍ പത്രോസിനോടു പറഞ്ഞു: നിശ്ചയമായും നീ അവരില്‍ ഒരുവനാണ്. നീയും ഗലീലിയക്കാരനാണല്ലോ.
- Verse 71: നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നുപറഞ്ഞ് അവന് ശപിക്കാനും ആണയിടുവാനും തുടങ്ങി.
- Verse 72: ഉടന്‍തന്നെ കോഴി രണ്ടാം പ്രാവശ്യം കൂവി. കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ് നീ മൂന്നു പ്രാവശ്യം എന്നെ നിഷേധിക്കുമെന്ന് യേശു പറഞ്ഞവാക്ക് അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന് ഉള്ളുരുകിക്കരഞ്ഞു.