வேதாகமம்
പഴയ നിയമം
എസെക്കിയേല്‍
അദ്ധ്യായം 31
-
ഈജിപ്ത് ഒരു ദേവദാരു
- Verse 1: പതിനൊന്നാംവര്‍ഷം മൂന്നാംമാസം ഒന്നാംദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:
- Verse 2: മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയോടും അവന്റെ ജനത്തോടും പറയുക, പ്രതാപത്തില്‍ നീ ആര്‍ക്കു തുല്യനാണ്?
- Verse 3: മനോഹരമായ ശാഖകള്‍വീശി ഇലതൂര്‍ന്ന് ഉയരമേറിയ ലബനോനിലെ ദേവദാരുപോലെയാണ് നീ. അതിന്റെ അഗ്രം മേഘങ്ങളെ മുട്ടിനിന്നു.
- Verse 4: ജലം അതിനെ പോറ്റി. അതു നട്ടിരുന്ന സ്ഥലത്തിനു ചുറ്റും തന്റെ നദികളെ ഒഴുക്കി. വനത്തിലെ വൃക്ഷങ്ങള്‍ക്കെല്ലാം ജലം പകര്‍ന്ന് ആഴി അതിനെ ഉയരത്തില്‍ വളര്‍ത്തി.
- Verse 5: അങ്ങനെ വനത്തിലെ എല്ലാ വൃക്ഷങ്ങളെക്കാള്‍ അതു വളര്‍ന്നു പൊങ്ങി. ശാഖകളുണ്ടാകുന്ന സമ യത്ത് ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട് അവ വളര്‍ന്നു നീണ്ടു.
- Verse 6: അതിന്റെ ശാഖകളില്‍ ആകാശപ്പറവകള്‍ കൂടുകെട്ടി; കീഴില്‍ വന്യമൃഗങ്ങള്‍ കുഞ്ഞുങ്ങളെ വളര്‍ത്തി; അതിന്റെ തണലില്‍ വലിയരാജ്യങ്ങളെല്ലാം പുലര്‍ന്നു.
- Verse 7: വലിപ്പം കൊണ്ടും ശാഖകളുടെ നീളംകൊണ്ടും അതു മനോഹരമായിരുന്നു. അതിന്റെ വേരുകള്‍ ആഴത്തില്‍ സമൃദ്ധ മായ ജലത്തിനടുത്ത് എത്തി.
- Verse 8: ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കള്‍ അതിന് കിടയായിരുന്നില്ല. സരളവൃക്ഷങ്ങള് അതിന്റെ ശാഖകള്‍ക്കു തുല്യമായിരുന്നില്ല. അരിഞ്ഞില്വൃക്ഷങ്ങള് അതിന്റെ ശാഖകളോട് തുലനംചെയ്യുമ്പോള്‍ ഒന്നുമായിരുന്നില്ല; മനോഹാരിതയില്‍ അതിനു തുല്യമായി ഒരു വൃക്ഷവും ദൈവത്തിന്റെ തോട്ടത്തില്‍ ഇല്ലായിരുന്നു.
- Verse 9: ശാഖാബാഹുല്യത്താല്‍ അതിനെ ഞാന്‍ സുന്ദരമാക്കി. ദൈവത്തിന്റെ തോട്ടമായ ഏദനിലുണ്ടായിരുന്ന സകല വൃക്ഷങ്ങള്‍ക്കും അതിനോട് അസൂയ തോന്നി.
- Verse 10: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അതു വളര്‍ന്നുയര്‍ന്നു മേഘങ്ങളെ ഉരുമ്മുകയും ആ വളര്‍ച്ചയില്‍ അഹങ്കരിക്കുകയും ചെയ്തു.
- Verse 11: അതുകൊണ്ട് ജനതകളില്‍ ശക്തനായവന്റെ കരങ്ങളില്‍ ഞാന്‍ അതിനെ ഏല്‍പ്പിക്കും. അതിന്റെ ദുഷ്ടതയ്ക്കര്‍ഹമായവിധം അവന് അതിനോടു പ്രവര്‍ത്തിക്കും. ഞാന്‍ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
- Verse 12: ജനതകളില്‍വച്ച് ഏറ്റവും ക്രൂരന്മാരായ വിദേശികള്‍ അതു വെട്ടിനശിപ്പിക്കും. എല്ലാ മലകളിലും താഴ്വരകളിലും അതിന്റെ ശാഖകള്‍ വീഴും. അതിന്റെ കൊമ്പുകള്‍ രാജ്യത്തെ എല്ലാ നദിയുടെയും കരയില്‍ ഒടിഞ്ഞുകിടക്കും; ഭൂമിയിലെ എല്ലാ ജനതകളും അതിന്റെ തണല്‍ വിട്ടുപോകും.
- Verse 13: അതിന്റെ അവശിഷ്ടങ്ങളില്‍ ആകാശപ്പറവകള്‍ കൂടുകെട്ടും. വന്യമൃഗങ്ങള്‍ അതിന്റെ ശാഖകള്‍ക്കിടയില്‍ പാര്‍ക്കും.
- Verse 14: ജലത്തിനരികേ നില്ക്കുന്ന ഒരു വൃക്ഷവും തന്റെ ഉയര്‍ച്ചയില്‍ അഹങ്കരിക്കാതിരിക്കുന്നതിനും തന്റെ അഗ്രം മേഘങ്ങള്‍വരെ ഉയര്‍ത്താതിരിക്കുന്നതിനും ജലം സുഭിക്ഷമായി വലിച്ചെടുക്കുന്ന ഒരു വൃക്ഷവും അത്രയ്ക്ക് ഉയരത്തില്‍ എത്താതിരിക്കുന്നതിനും വേണ്ടിയാണ് ഇത്. എന്തെന്നാല്‍ പാതാളത്തില്‍ പതിക്കുന്ന മര്‍ത്യരോടൊപ്പം ഭൂമിയുടെ അധോഭാഗത്തിന്, മരണത്തിന്, അത് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നു.
- Verse 15: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അതു പാതാളത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍, ആഴം അതിനെച്ചൊല്ലി വിലപിക്കാന്‍ ഞാന്‍ ഇടയാക്കും. അതിന്റെ നദികളെ ഞാന്‍ തടഞ്ഞുനിര്‍ത്തും. ജലപ്രവാഹങ്ങള്‍ നിലയ്ക്കും. അതിനെക്കുറിച്ചുള്ള ദുഃഖം ലബനോനെ ആവരണം ചെയ്യും. തന്മൂലം വയലിലെ വൃക്ഷങ്ങളെല്ലാം വാടിപ്പോകും.
- Verse 16: പാതാളത്തില്‍ പതിക്കുന്നവരോടൊപ്പം ഞാന്‍ അതിനെ അധോലോകത്തേക്ക് വലിച്ചെറിയുമ്പോള്‍ അതിന്റെ പതനത്തിന്റെ മുഴ ക്കത്തില് ജനതകള്‍ നടുങ്ങിപ്പോകും. ഏദനിലെ വൃക്ഷങ്ങള്‍ക്ക്, ലബനോനിലെ ശ്രേഷ്ഠമായ മരങ്ങള്‍ക്ക്, സുഭിക്ഷമായി ജലം വലിച്ചെടുത്തു വളര്‍ന്ന വൃക്ഷങ്ങള്‍ക്ക്, അധോലോകത്തില്‍ ആശ്വാസം ലഭിക്കും.
- Verse 17: അതിനോടൊപ്പം, അതിന്റെ തണലില്‍ വസിച്ചിരുന്ന ജനതകളും പാതാളത്തിലേക്ക്, വാളിനിരയായവരുടെ അടുത്തേക്കു പോകും.
- Verse 18: ഏദനിലെ ഏതു വൃക്ഷത്തോടാണ് മഹത്വത്തിലും പ്രതാപത്തിലും നിനക്കു തുല്യത? അവിടത്തെ വൃക്ഷങ്ങളോടൊപ്പം നീയും അധോലോകത്തിലേക്ക് എറിയപ്പെടും. വാളിനിരയായവരോടുകൂടെ, അപരിച്ഛേദിതരുടെ ഇടയില്‍ നീ കിടക്കും. ഇതാണ് ഫറവോയ്ക്കും അവന്റെ ജനത്തിനും സംഭവിക്കുക - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.