P. O. C ബൈബിള്‍
പഴയ നിയമം
നിയമാവര്‍ത്തനം
അദ്ധ്യായം 21
-
ഘാതകനെക്കുറിച്ച് അറിവില്ലാത്തപ്പോള്‍
- Verse 1: നിന്റെ ദൈവമായ കര്‍ത്താവു നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് വധിക്കപ്പെട്ട ഒരുവന്റെ ശരീരം തുറസ്സായ സ്ഥലത്തു കാണപ്പെടുകയും ഘാതകന് ആരെന്ന് അറിയാതിരിക്കുകയും ചെയ്താല്‍,
- Verse 2: നിന്റെ ശ്രേഷ്ഠന്മാരും ന്യായാധിപന്മാരും വന്ന് മൃതശരീരം കിടക്കുന്ന സ്ഥലത്തുനിന്നു ചുറ്റുമുള്ള ഓരോ പട്ടണത്തിലേക്കുമുള്ള ദൂരം അളക്കണം.
- Verse 3: മൃതദേഹം കിടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്ത പട്ടണത്തില്‍ നിന്ന്, ഒരിക്കലും പണിയെടുപ്പിക്കുകയോ നുകം വയ്ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു പശുക്കുട്ടിയെ പിടിച്ചു കൊണ്ടുവരണം.
- Verse 4: നീരൊഴുക്കുള്ള ഒരു അരുവിയുടെ തീരത്ത് ഒരിക്കലും ഉഴുകയോ വിതയ്ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു സ്ഥലത്ത് ആ പശുക്കുട്ടിയെ കൊണ്ടുവന്ന് അതിന്റെ കഴുത്തൊടിക്കണം.
- Verse 5: നിന്റെ ദൈവമായ കര്‍ത്താവ് തനിക്കു ശുശ്രൂഷ ചെയ്യാനും തന്റെ നാമത്തില്‍ ആശീര്‍വദിക്കാനും തിരഞ്ഞെടുത്തിരിക്കുന്ന ലേവ്യപുരോഹിതന്മാര് അടുത്തുവന്നു തര്‍ക്കങ്ങള്‍ക്കും അക്രമങ്ങള്‍ക്കും തീര്‍പ്പു കല്പിക്കട്ടെ.
- Verse 6: മൃതദേഹം കിടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്തുള്ള നഗരത്തിലെ എല്ലാ ശ്രേഷ്ഠന്മാരും താഴ്വരയില്‍വന്ന് കഴുത്തൊടിച്ച പശുക്കിടാവിന്റെ മേല്‍ കൈ കഴുകണം.
- Verse 7: അനന്തരം, ഇങ്ങനെ പറയട്ടെ: ഞങ്ങളുടെ കരങ്ങള്‍ ഈ രക്തം ചൊരിയുകയോ ഞങ്ങളുടെ കണ്ണുകള്‍ ഇതു കാണുകയോ ചെയ്തിട്ടില്ല.
- Verse 8: കര്‍ത്താവേ, അങ്ങു വീണ്ടെടുത്ത അങ്ങയുടെ ജനമായ ഇസ്രായേലിനോടു ക്ഷമിച്ചാലും. നിര്‍ദോഷന്റെ രക്തം ചിന്തിയെന്ന കുറ്റം അവരുടെമേല്‍ ആരോപിക്കരുതേ! നിഷ്കളങ്കരക്തം ചിന്തിയ കുറ്റം അവരോടു പൊറുക്കണമേ!
- Verse 9: കര്ത്താവിന് ഇഷ്ടമായതു ചെയ്തു കഴിയുമ്പോള്‍ നിര്‍ദോഷന്റെ രക്തം ചിന്തിയ കുറ്റത്തില്‍നിന്നു നീ വിമുക്തനാകും.
-
യുദ്ധത്തടവുകാര്‍
- Verse 10: ശത്രുക്കള്‍ക്കെതിരായി യുദ്ധത്തിനു പോകുമ്പോള്‍ നിന്റെ ദൈവമായ കര്‍ത്താവ് അവരെ നിന്റെ കൈകളില്‍ ഏല്പിക്കുകയും നീ അവരെ അടിമകളാക്കുകയും ചെയ്യും.
- Verse 11: അപ്പോള്‍, അവരുടെയിടയില്‍ സുന്ദരിയായ ഒരു സ്ത്രീയെ കാണുകയും അവളില്‍ നിനക്കു താത്പര്യം ജനിക്കുകയും അവളെ ഭാര്യയായി സ്വീകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍,
- Verse 12: അവളെ നിന്റെ വീട്ടിലേക്കു കൊണ്ടുവരണം. അവള് തല മുണ്ഡനം ചെയ്യുകയും നഖം വെട്ടുകയും ചെയ്തതിനുശേഷം,
- Verse 13: അടിമത്തത്തിന്റെ വസ്ത്രം മാറ്റി ഒരു മാസത്തേക്ക് നിന്റെ വീട്ടില്‍ ഇരുന്ന് സ്വന്തം മാതാപിതാക്കളെ ഓര്‍ത്ത് വിലപിക്കട്ടെ. അതിനുശേഷം നിനക്ക് അവളെ പ്രാപിക്കാം; നിങ്ങള്‍ ഭാര്യാഭര്ത്താക്കന്മാരായിരിക്കും.
- Verse 14: പിന്നീട്, നിനക്കവളില്‍ പ്രീതിയില്ലെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയയ്ക്കുക. നീ അവളെ അപകൃഷ്ടയാക്കിയതിനാല്‍ ഒരിക്കലും അവളെ വില്ക്കുകയോ അടിമയായി പരിഗണിക്കുകയോ അരുത്.
-
ആദ്യജാതന്റെ അവകാശം
- Verse 15: ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടായിരിക്കുകയും, അവന് ഒരുവളെ സ്നേഹിക്കുകയും മറ്റവളെ ദ്വേഷിക്കുകയും ഇരുവരിലും അവനു സന്താനങ്ങളുണ്ടാവുകയും ആദ്യജാതന് ദ്വേഷിക്കുന്നവളില്‍ നിന്നുള്ളവനായിരിക്കുകയും ചെയ്താല്‍
- Verse 16: അവന് തന്റെ വസ്തുവകകള്‍ പുത്രന്മാര്ക്കു ഭാഗിച്ചുകൊടുക്കുമ്പോള്‍ താന്‍ വെറുക്കുന്നവളുടെ മകനും ആദ്യജാതനുമായവനെ മാറ്റി നിര്‍ത്തിയിട്ട് പകരം താന്‍ സ്നേഹിക്കുന്നവളുടെ മകനെ ആദ്യജാതനായി കണക്കാക്കരുത്.
- Verse 17: അവന് തന്റെ സകല സമ്പത്തുകളുടെയും രണ്ടോഹരി വെറുക്കുന്നവളുടെ മകനു കൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് തന്റെ പുരുഷത്വത്തിന്റെ ആദ്യഫലം. ആദ്യജാതന്റെ അവകാശം അവനുള്ളതാണ്.
-
ധിക്കാരിയായ മകന്
- Verse 18: ഒരുവനു ദുര്‍വാശിക്കാരനും ധിക്കാരിയും മാതാപിതാക്കന്മാരുടെ വാക്കു കേള്‍ക്കുകയോ ശിക്ഷിച്ചാല്‍പ്പോലും അവരെ അനുസരിക്കുകയോ ചെയ്യാത്തവനും ആയ ഒരു മകന് ഉണ്ടെന്നിരിക്കട്ടെ.
- Verse 19: മാതാപിതാക്കന്മാര് അവനെ പട്ടണവാതില്ക്കല് ശ്രേഷ്ഠന്മാരുടെ അടുക്കല്‍ കൊണ്ടുചെന്ന്,
- Verse 20: അവരോടു പറയണം: ഞങ്ങളുടെ ഈ മകന് ദുര്‍വാശിക്കാരനും ധിക്കാരിയുമാണ്; അവന് ഞങ്ങളെ അനുസരിക്കുന്നില്ല. ഭോജനപ്രിയനും മദ്യപനുമാണ്.
- Verse 21: അപ്പോള്‍ പട്ടണവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം. അങ്ങനെ ആ തിന്മ നിങ്ങളുടെയിടയില്‍നിന്ന് നീക്കിക്കളയണം. ഇസ്രായേല്‍ മുഴുവന്‍ ഇതു കേട്ടു ഭയപ്പെടട്ടെ.
- Verse 22: ഒരുവന് മരണശിക്ഷയ്ക്കര്‍ഹമായ കുറ്റം ചെയ്യുകയും മരണത്തിനു വിധിക്കപ്പെടുകയും ചെയ്താല്‍ അവനെ നീ മരത്തില്‍ തൂക്കുക.
- Verse 23: ശവം രാത്രി മുഴുവന്‍ മരത്തില്‍ തൂങ്ങിക്കിടക്കരുത്. നിന്റെ ദൈവമായ കര്‍ത്താവു നിനക്കവകാശമായിത്തരുന്ന സ്ഥലം അശുദ്ധമാകാതിരിക്കാന്‍ അന്നുതന്നെ അതു മറവുചെയ്യണം. മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്.