P. O. C ബൈബിള്‍
പഴയ നിയമം
പുറപ്പാടിന്റെ പുസ്തകം
അദ്ധ്യായം 18
-
മോശയും ജത്രോയും
- Verse 1: മോശയ്ക്കും അവന്റെ ജനമായ ഇസ്രായേലിനും വേണ്ടി ദൈവം എന്തെല്ലാം ചെയ്തുവെന്നും അവിടുന്ന് അവരെ ഈജിപ്തില്‍ നിന്ന് എപ്രകാരം മോചിപ്പിച്ചു വെന്നും മിദിയാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമായ ജത്രോ കേട്ടറിഞ്ഞു.
- Verse 2: മോശ തന്റെ ഭാര്യ സിപ്പോറയെ തിരിച്ചയച്ചപ്പോള്‍
- Verse 3: അവന്റെ അമ്മായിയപ്പന് ജത്രോ അവളെയും അവളുടെ രണ്ടു പുത്രന്മാരെയും സ്വീകരിച്ചു. അവരില്‍ ഒരുവന്റെ പേര് ഗര്‍ഷോം എന്നായിരുന്നു. കാരണം, ഞാനൊരു പ്രവാസിയാകുന്നു എന്നു പറഞ്ഞാണ് മോശ അവനു പേരിട്ടത്.
- Verse 4: അപരന്റെ പേര് എലിയേസര്‍ എന്നായിരുന്നു. കാരണം, എന്റെ പിതാവിന്റെ ദൈവമാണ് എന്റെ സഹായം, അവിടുന്നു ഫറവോയുടെ വാളില്‍ നിന്ന് എന്നെ രക്ഷിച്ചു എന്ന് അവന് പറഞ്ഞു.
- Verse 5: മരുഭൂമിയില്‍ ദൈവത്തിന്റെ മലയുടെ സമീപം കൂടാരമടിച്ചിരുന്ന മോശയുടെ അടുക്കലേക്ക് അവന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടിക്കൊണ്ട് അമ്മായിയപ്പന് ജത്രോ വന്നു.
- Verse 6: ഒരുവന് വന്ന് മോശയെ അറിയിച്ചു: നിന്റെ അമ്മായിയപ്പന് ജത്രോ, നിന്റെ ഭാര്യയോടും അവളുടെ രണ്ടു പുത്രന്മാരോടും കൂടെ വന്നിരിക്കുന്നു.
- Verse 7: മോശ ഉടനെ തന്റെ അമ്മായിയപ്പനെ സ്വീകരിക്കാന്‍ പുറത്തേക്കു വന്നു. അവന് ജത്രോയെ നമസ്കരിക്കുകയും ചുംബിക്കുകയും ചെയ്തു. കുശലപ്രശ്നത്തിനു ശേഷം അവര്‍ കൂടാരത്തിനുള്ളിലേക്കു പോയി.
- Verse 8: ഇസ്രായേല്‍ക്കാര്‍ക്കു വേണ്ടി ഫറവോയോടും ഈജിപ്തുകാരോടും കര്‍ത്താവു ചെയ്ത കാര്യങ്ങളും വഴിയില്‍ വച്ചു തങ്ങള്‍ക്കു നേരിട്ട പ്രയാസങ്ങളും കര്‍ത്താവു നല്കിയ സംരക്ഷണവുമെല്ലാം മോശ അമ്മായിയപ്പനോടു വിവരിച്ചുപറഞ്ഞു.
- Verse 9: കര്‍ത്താവ് ഈജിപ്തുകാരില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിച്ച് അവര്‍ക്കു ചെയ്ത നിരവധി നന്മകളെക്കുറിച്ചു ജത്രോ ആഹ്ളാദിച്ചു.
- Verse 10: അവന് പറഞ്ഞു: ഈജിപ്തുകാരില്‍ നിന്നും ഫറവോയില്‍നിന്നും നിങ്ങളെ രക്ഷിച്ച കര്‍ത്താവു വാഴ്ത്തപ്പെട്ടവനാകുന്നു.
- Verse 11: കര്‍ത്താവു സകല ദേവന്മാരെയുംകാള് വലിയവനാണെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. എന്തെന്നാല്‍, ഈജിപ്തുകാര്‍ അവരോട് അഹങ്കാരപൂര്‍വം പെരുമാറിയപ്പോള്‍ അവരുടെ പിടിയില്‍ നിന്ന് അവിടുന്നു തന്റെ ജനത്തെ മോചിപ്പിച്ചു.
- Verse 12: മോശയുടെ അമ്മായിയപ്പനായ ജത്രോ ദൈവത്തിന് ദഹനബലിയും മറ്റു ബലികളും സമര്‍പ്പിച്ചു. ജത്രോയോടൊന്നിച്ചു ദൈവസന്നിധിയില്‍ ഭക്ഷണം കഴിക്കുന്നതിനായി അഹറോനും ഇസ്രായേലിലെ ശ്രേഷ്ഠന്മാരും വന്നു.
-
ന്യായാധിപന്മാര്
- Verse 13: പിറ്റേദിവസം മോശ ജനത്തിന്റെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഉപവിഷ്ടനായി. പ്രഭാതം മുതല്‍ പ്രദോഷംവരെ ജനങ്ങള്‍ മോശയുടെ ചുറ്റും കൂടി നിന്നു.
- Verse 14: മോശ തന്റെ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം കണ്ടപ്പോള്‍ അമ്മായിയപ്പനായ ജത്രോ അവനോടു ചോദിച്ചു: നീ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? രാവിലെ മുതല്‍ വൈകുന്നേരം വരെ ജനമെല്ലാം നിന്റെ ചുറ്റും കൂടിനില്ക്കാന് ഇടയാകത്തക്കവിധം നീ ഇവിടെ ഒറ്റയ്ക്കിരിക്കുന്നതെന്തുകൊണ്ട്?
- Verse 15: മോശ പറഞ്ഞു: ദൈവഹിതം അറിയാനായി ജനം എന്നെ സമീപിക്കുന്നു.
- Verse 16: എന്തെങ്കിലും തര്‍ക്കമുണ്ടാകുമ്പോള്‍ അവര്‍ എന്റെ അടുക്കല്‍ വരുന്നു. ഞാന്‍ അവരുടെ കലഹങ്ങള്‍ തീര്‍ക്കുന്നു; ദൈവത്തിന്റെ ചട്ടങ്ങളും നിയമങ്ങളും അവരെ പഠിപ്പിക്കുകയുംചെയ്യുന്നു.
- Verse 17: അപ്പോള്‍ അവന് പറഞ്ഞു: നീ ചെയ്യുന്നതു ശരിയല്ല.
- Verse 18: നീയും നിന്റെ കൂടെയുള്ള ജനങ്ങളും ക്ഷീണിച്ചു വിവശരാകും. ഇതു ഭാരമേറിയ ജോലിയാണ്. തനിയെ ഇതുചെയ്യാന്‍ നിനക്കു സാധിക്കുകയില്ല.
- Verse 19: ഞാന്‍ പറയുന്നതു കേള്‍ക്കുക, ഞാന്‍ നിനക്കൊരു ഉപദേശം നല്‍കാം. ദൈവം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. നീ ദൈവത്തിന്റെ മുന്പില് ജനങ്ങളുടെ പ്രതിനിധിയായിരിക്കണം; അവരുടെ തര്‍ക്കങ്ങള്‍ അവിടുത്തെ അറിയിക്കണം; അവരെ ചട്ടങ്ങളും നിയമങ്ങളും പഠിപ്പിക്കണം.
- Verse 20: അവര്‍ ചരിക്കേണ്ട മാര്‍ഗവും അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളും അവര്‍ക്കു നിര്‍ദേശിച്ചു കൊടുക്കണം.
- Verse 21: കഴിവും ദൈവഭയമുള്ളവരും സത്യസന്ധരും കൈക്കൂലി വെറുക്കുന്നവരുമായ ആളുകളെ ജനത്തില്‍നിന്നു തിരഞ്ഞെടുത്ത് അവരെ ആയിരവും നൂറും അന്‍പതും പത്തും വീതമുള്ള ഗണങ്ങളുടെ അധിപന്മാരായി നിയമിക്കുക.
- Verse 22: അവര്‍ എല്ലായ്പ്പോഴും ജനങ്ങളുടെ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പു കല്പിക്കട്ടെ. വലിയ കാര്യങ്ങള്‍ നിന്നെ ഏല്പിക്കുകയും ചെറിയവ അവര്‍ തന്നെ തീരുമാനിക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ നിന്നെ സഹായിക്കുമ്പോള്‍ നിന്റെ ജോലി എളുപ്പമാകും.
- Verse 23: ഇതു ദൈവകല്പനയാണെന്നു ഗ്രഹിച്ച് ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ ജോലി നിര്‍വിഘ്നം തുടരാന്‍ നിനക്കു സാധിക്കും. ജനങ്ങള്‍ സംതൃപ്തരായി തങ്ങളുടെ വസതികളിലേക്കു മടങ്ങുകയും ചെയ്യും.
- Verse 24: മോശ അമ്മായിയപ്പന്റെ ഉപദേശം കേട്ട് അതനുസരിച്ചു പ്രവര്‍ത്തിച്ചു.
- Verse 25: മോശ ഇസ്രായേല്ക്കാരില് നിന്നു സമര്‍ഥരായ ആളുകളെ തിരഞ്ഞെടുത്ത്, ആയിരവും നൂറും അന്‍പതും പത്തും വീതമുള്ള ഗണങ്ങളുടെമേല്‍ അവരെ അധിപന്മാരായി നിയമിച്ചു.
- Verse 26: അവര്‍ എല്ലായ്പ്പോഴും ജനങ്ങളുടെയിടയില്‍ നീതി നടത്തി. സുപ്രധാനമായ കാര്യങ്ങള്‍ മോശയെ ഏല്പിച്ചു. ചെറിയ കാര്യങ്ങള്‍ അവര്‍ തന്നെതീരുമാനിച്ചു.
- Verse 27: അനന്തരം, മോശ അമ്മായിയപ്പനെ യാത്രയാക്കി. അവന് സ്വന്തം നാട്ടിലേക്കു മടങ്ങി.