ಕನ್ನಡ ಸತ್ಯವೇದವು
പഴയ നിയമം
എസെക്കിയേല്‍
അദ്ധ്യായം 32
-
ഈജിപ്ത് ഒരു ഘോരസത്വം
- Verse 1: പന്ത്രണ്ടാംവര്‍ഷം പന്ത്രണ്ടാംമാസം ഒന്നാം ദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:
- Verse 2: മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയ്ക്കുവേണ്ടി നീ ഒരു വിലാപ ഗാനം ആലപിക്കുക. അവനോടു പറയുക: ജനതകളുടെ ഇടയില്‍ ഒരു സിംഹമായി നീ നിന്നെ കണക്കാക്കുന്നു. എന്നാല്‍, നീ കടലിലെ ഘോരസത്വം പോലെയാണ്. നീ നിന്റെ നദികളില്‍ ചാടി വെള്ളം ചവിട്ടിക്കലക്കി അവരുടെ നദികള്‍ മലിനമാക്കുന്നു.
- Verse 3: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അനേകം ജനതകളുമായി വന്ന് ഞാന്‍ നിന്റെ മേല്‍ വലവീശും; അവര്‍ നിന്നെ വലിച്ചു പുറത്തിടും.
- Verse 4: നിന്നെ ഞാന്‍ നിലത്തെറിയും. തുറസ്സായ സ്ഥലത്തേക്കു നിന്നെ ഞാന്‍ ചുഴറ്റി എറിയും. ആകാശത്തിലെ എല്ലാ പറവ കളും നിന്റെ മേല്‍ പറന്നുവീഴുന്നതിനും ഭൂമിയിലെ എല്ലാ മൃഗങ്ങളും നിന്നെതിന്ന് തൃപ്തരാകുന്നതിനും ഞാന്‍ ഇട വരുത്തും.
- Verse 5: നിന്റെ മാംസം ഞാന്‍ പര്‍വതങ്ങളില്‍ വിതറും; താഴ്വരകള്‍ നിന്റെ പിണംകൊണ്ടു ഞാന്‍ നിറയ്ക്കും.
- Verse 6: നിന്റെ രക്തമൊഴുക്കി ഞാന്‍ ഭൂമിയെ മലകള്‍ വരെ കുതിര്‍ക്കും; നീര്‍ച്ചാലുകള്‍ നിന്നെക്കൊണ്ടു നിറയും.
- Verse 7: നിന്നെ നിര്‍മാര്‍ജനം ചെയ്തുകഴിയുമ്പോള്‍ ഞാന്‍ ആകാശത്തെ മൂടിക്കളയും. നക്ഷത്രങ്ങളെ അന്ധകാരമയമാക്കും. സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രന് പ്രകാശം തരുകയില്ല.
- Verse 8: ആകാശത്തിലെ എല്ലാ പ്രകാശഗോളങ്ങളെയും നിന്റെ മേല്‍ ഞാന്‍ തമോമയമാക്കും. നിന്റെ ദേശം അന്ധകാരത്തിലാഴ്ത്തും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
- Verse 9: നിനക്ക് അജ്ഞാതമായരാജ്യങ്ങളിലേക്ക്, ജനതകളുടെയിടയിലേക്ക്, നിന്നെ ഞാന്‍ അടിമയാക്കി കൊണ്ടുപോകുന്നതു കാണുമ്പോള്‍ അനേകരുടെ ഹൃദയങ്ങള്‍ അസ്വസ്ഥമാകും.
- Verse 10: അനേകര്‍ നിന്നെക്കണ്ട് സ്തബ്ധരാകുന്നതിന് ഞാന്‍ ഇടയാക്കും. അവര്‍ കാണ്കേ ഞാന്‍ വാള് വീശുമ്പോള്‍ അവരുടെ രാജാക്കള്‍ നിന്നെപ്രതി പ്രകമ്പിതരാകും. നിന്റെ പതനദിവസം എല്ലാവരും തങ്ങളുടെ ജീവനെച്ചൊല്ലി ഓരോ നിമിഷവും വിറകൊള്ളും.
- Verse 11: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവിന്റെ വാള് നിന്റെ മേല്‍ പതിക്കും.
- Verse 12: നിന്റെ ജനക്കൂട്ടത്തെ മുഴുവന്‍ ശക്തന്മാരുടെ വാളിന് ഞാന്‍ ഇരയാക്കും. ജനതകളില്‍വച്ച് ഏറ്റവും ഭീകരന്മാരാണ് അവരെല്ലാം. ഈജിപ്തിന്റെ അഹങ്കാരം അവര്‍ അവസാനിപ്പിക്കും. അവിടത്തെ ജനം മുഴുവന്‍ നശിച്ചുപോകും.
- Verse 13: ജലാശയങ്ങളുടെ അരികില്‍ നിന്ന് എല്ലാ മൃഗങ്ങളെയും ഞാന്‍ നശിപ്പിക്കും; മനുഷ്യന്റെ പാദങ്ങളോ മൃഗങ്ങളുടെ കുളമ്പുകളോ മേലില്‍ അവയെ കലക്കുകയില്ല.
- Verse 14: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവരുടെ ജലം തെളിമയുള്ളതാക്കും; അവരുടെ നദികള്‍ എണ്ണപോലെ ഒഴുകുന്നതിന് ഞാന്‍ ഇടയാക്കും.
- Verse 15: ഈജിപ്തിനെ ഞാന്‍ വിജനമാക്കുകയും ദേശത്തുള്ളതെല്ലാം നശിപ്പിച്ച് അതിനെ ശൂന്യമാക്കുകയും അതിലെ നിവാസികളെ വധിക്കുകയും ചെയ്യുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.
- Verse 16: ആലപിക്കാനുള്ള ഒരു വിലാപമാണിത്; ജനതകളുടെ പുത്രിമാര്‍ ഈജിപ്തിനെയും അവളുടെ എല്ലാ ജനങ്ങളെയും കുറിച്ച് ഇത് ആലപിക്കും; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു.
-
ജനതകള്‍ പാതാളത്തില്‍
- Verse 17: പന്ത്രണ്ടാം വര്‍ഷം ഒന്നാംമാസം പതിനഞ്ചാം ദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:
- Verse 18: മനുഷ്യപുത്രാ, ഈജിപ്തിലെ ജനങ്ങളെയോര്‍ത്ത് വിലപിക്കുക; അവളെയും ശക്തരായ ജനങ്ങളുടെ പുത്രിമാരെയും പാതാളത്തില്‍ പതിക്കുന്നവരോടുകൂടെ അധോലോകത്തിലേക്കു തള്ളിയിടുക.
- Verse 19: സൗന്ദര്യത്തില്‍ ആരെയാണ് നീ അതിശയിക്കുക? താഴെച്ചെന്ന് അപരിച്ഛേദിതരുടെകൂടെ കിടക്കുക.
- Verse 20: വാളിനിരയായവരുടെ മധ്യേ അവര്‍ ചെന്നുവീഴും. അവളോടൊപ്പം അവളുടെ ജനവും കിടക്കും.
- Verse 21: ശക്തന്മാരായ പ്രമാണികള്‍ അവരുടെ സഹായകരോടുകൂടെ പാതാളത്തിന്റെ മധ്യേ നിന്ന് അവരെപ്പറ്റി ഇങ്ങനെ പറയും: അവര്‍ താഴെയെത്തിയിട്ടുണ്ട്. വാളിനിരയാക്കപ്പെട്ട അപരിച്ഛേദിതരായ അവര്‍ നിശ്ചലരായി കിടക്കുന്നു.
- Verse 22: അസ്സീറിയാ അവിടെയുണ്ട്. അവളുടെ വാളേറ്റു മരിച്ച ജനസമൂഹവും തങ്ങളുടെ ശവക്കുഴികളില്‍ അവള്‍ക്കു ചുറ്റും കിടക്കുന്നു.
- Verse 23: അവരുടെ ശവകുടീരങ്ങള്‍ പാതാളത്തിന്റെ ഏറ്റവും അടിയില്‍ സ്ഥിതിചെയ്യുന്നു; അവളുടെ കൂട്ടം അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്. ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തിയ അവര്‍ ഇന്നു വാളേറ്റു മരിച്ചു കിടക്കുന്നു.
- Verse 24: ഏലാമും അവിടെയുണ്ട്; അവളുടെ ശവകുടീരത്തിനു ചുറ്റും അവളുടെ ജനക്കൂട്ടവും. ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തിയ അവര്‍ ഇന്ന്വാളേറ്റു മരിച്ച് അപരിച്ഛേദിതരായി അധോലോകത്തില്‍ എത്തിയിരിക്കുന്നു. പാതാളത്തില്‍ പതിച്ചവരോടൊപ്പം അവര്‍ അവമാനിതരായി കഴിയുന്നു.
- Verse 25: വധിക്കപ്പെട്ടവരുടെ മധ്യത്തില്‍ അവര്‍ അവള്‍ക്കു കിടക്ക ഒരുക്കി. വാളേറ്റു മരിച്ച അപരിച്ഛേദിതരായ അവളുടെ ജനങ്ങളുടെ ശവകുടീരങ്ങള്‍ അവള്‍ക്കു ചുററുമുണ്ട്. എന്തെന്നാല്‍ ജീവനുള്ളവരുടെ ദേശത്ത് ഭീതിപരത്തിയ അവര്‍ പാതാളത്തില്‍ പതിക്കുന്നവരുടെ കൂടെ ഇന്നു ലജ്ജിതരായി കഴിയുന്നു. വധിക്കപ്പെട്ടവരുടെ കൂടെയാണ് അവര്‍ക്ക് ഇടം ലഭിച്ചത്.
- Verse 26: മേഷെക്കും തൂബാലും അവിടെയുണ്ട്. അവരുടെ ജനസമൂഹത്തിന്റെ ശവകുടീരങ്ങളും അവര്‍ക്കു ചുറ്റുമുണ്ട്. അവരെല്ലാം അപരിച്ഛേദിതരും വാളിനിരയായവരുമാണ്. ജീവനുള്ളവരുടെ ദേശത്ത് ഭീതിപരത്തിയവരാണ് അവര്‍.
- Verse 27: വാളുകള്‍ തലയ്ക്കു കീഴേയും പരിചകള്‍ അസ്ഥികളുടെ മുകളിലും വച്ച് പടക്കോപ്പുകളോടെ പാതാളത്തിലേക്കു പോയ വധിക്കപ്പെട്ട അപരിച്ഛേദിതരായ വീരന്മാരുടെ കൂട്ടത്തില്‍ അവര്‍ കിടക്കുകയില്ല. കാരണം, ജീവനുള്ള വരുടെ ദേശത്ത് ശക്തന്മാരായ അവര്‍ ഭീഷണിയായിരുന്നു.
- Verse 28: അപരിച്ഛേദിതരുടെയിടയില്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെ നിങ്ങള്‍ തകര്‍ന്നു കിടക്കും.
- Verse 29: ഏദോമും അവളുടെ രാജാക്കന്മാരും എല്ലാ പ്രഭുക്കന്മാരും അവിടെയുണ്ട്. എല്ലാ ശക്തിയും ഉണ്ടായിരുന്നിട്ടും അവര്‍ വാളിനിരയായ അപരിച്ഛേദിതരുടെയും പാതാളത്തില്‍ പതിച്ചവരുടെയും കൂടെ കിടക്കുന്നു.
- Verse 30: വടക്കുനിന്നുള്ള പ്രഭുക്കന്മാരും സീദോന്യരും അവിടെയുണ്ട്. തങ്ങളുടെ ശക്തിയാല്‍ ഭീതിയുളവാക്കിയവരെങ്കിലും അവരും വധിക്കപ്പെട്ടവരോടുകൂടെ ലജ്ജിതരായി താഴേക്കിറങ്ങിയിരിക്കുന്നു. അവര്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെ പാതാളത്തില്‍ പതിക്കുന്നവരുടെ അപമാനം സഹിച്ച് അപരിച്ഛേദിതരായി കഴിയുന്നു.
- Verse 31: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വാളിനിരയാക്കപ്പെട്ട ഫറവോയും അവന്റെ സൈന്യവും അവരെ കാണുമ്പോള്‍ സ്വന്തം ജനങ്ങളെക്കുറിച്ച് ആശ്വാസംകൊള്ളും.
- Verse 32: ജീവിക്കുന്നവരുടെ ദേശത്ത് അവന് ഭീതി പരത്തി. എന്നാല്‍, ഫറവോയും അവന്റെ ജനവും അപരിച്ഛേദിതരുടെയിടയില്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെ കിടക്കും - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.