P. O. C ബൈബിള്‍
പഴയ നിയമം
സംഖ്യ
അദ്ധ്യായം 13
-
കാനാന്‍ദേശം ഒറ്റുനോക്കുന്നു
- Verse 1: കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :
- Verse 2: ഞാന്‍ ഇസ്രായേലിനു നല്കുന്ന കാനാന്‍ദേശം ഒറ്റുനോക്കാന്‍ ഓരോ ഗോത്രത്തിലും നിന്ന് ഓരോ നേതാവിനെ അയയ്ക്കുക.
- Verse 3: കര്‍ത്താവിന്റെ കല്പനയനുസരിച്ചു പാരാന്‍ മരുഭൂമിയില്‍നിന്നു മോശ അവരെ അയച്ചു. അവര്‍ ഇസ്രായേലിലെ തലവന്മാരായിരുന്നു.
- Verse 4: അയച്ചത് ഇവരെയാണ്: റൂബന്‍ ഗോത്രത്തില്‍നിന്നു സക്കൂറിന്റെ മകന് ഷമ്മുവാ;
- Verse 5: ശിമയോന് ഗോത്രത്തില്‍നിന്നു ഹോറിയുടെ മകന് ഷാഫാത്ത്;
- Verse 6: യൂദാ ഗോത്രത്തില്‍ നിന്നു യഫുന്നയുടെ മകന് കാലെബ്;
- Verse 7: ഇസാക്കര്‍ ഗോത്രത്തില്‍ നിന്നു ജോസഫിന്റെ മകന് ഈഗാല്‍;
- Verse 8: എഫ്രായിം ഗോത്രത്തില്‍ നിന്നു നൂനിന്റെ മകന് ഹൊഷെയാ;
- Verse 9: ബഞ്ചമിന് ഗോത്രത്തില്‍ നിന്നു റാഫുവിന്റെ മകന് പല്‍തി;
- Verse 10: സെബുലൂണ്‍ ഗോത്രത്തില്‍നിന്നു സോദിയുടെ മകന് ഗദ്ദീയേല്‍;
- Verse 11: ജോസഫിന്റെ - മനാസ്സെയുടെ - ഗോത്രത്തില്‍ നിന്നു സൂസിയുടെ മകന് ഗദ്ദീ;
- Verse 12: ദാന്‍ ഗോത്രത്തില്‍ നിന്നു ഗമല്ലിയുടെ മകന് അമ്മിയേല്‍;
- Verse 13: ആഷേര്‍ ഗോത്രത്തില്‍ നിന്നു മിഖായേലിന്റെ മകന് സെത്തൂര്‍;
- Verse 14: നഫ്താലി ഗോത്രത്തില്‍ നിന്നു വോഫെസിയുടെ മകന് നഹ്ബി;
- Verse 15: ഗാദ് ഗോത്രത്തില്‍നിന്നു മാക്കിയുടെ മകന് ഗവുവേല്‍.
- Verse 16: ദേശം ഒറ്റുനോക്കാന്‍ മോശ അയച്ചവരാണ് ഇവര്‍. നൂനിന്റെ മകന് ഹോഷെയായ്ക്കു മോശ ജോഷ്വ എന്നു പേരു കൊടുത്തു.
- Verse 17: ചാരവൃത്തിക്ക് അയയ്ക്കുമ്പോള്‍ മോശ അവരോട് ഇങ്ങനെ പറഞ്ഞു: ഇവിടെ നിന്നു നെഗെബിലേക്കും തുടര്‍ന്നു മലമ്പ്രദേശത്തേക്കും പോകുവിന്‍.
- Verse 18: നാട് ഏതു വിധമുള്ളതാണ്; അവിടത്തെ ജനങ്ങള്‍ ശക്തരോ ബലഹീനരോ; അവര്‍ എണ്ണത്തില്‍ കുറവോ കൂടുതലോ;
- Verse 19: അവര്‍ വസിക്കുന്ന സ്ഥലം നല്ലതോ ചീത്തയോ; അവര്‍ വസിക്കുന്ന നഗരങ്ങള്‍ വെറും കൂടാരങ്ങളോ മതില് കെട്ടിയുറപ്പിച്ചതോ;
- Verse 20: ഭൂമി ഫലപുഷ്ടിയുള്ളതോ അല്ലാത്തതോ; വൃക്ഷ സമ്പത്തുള്ളതോ ഇല്ലാത്തതോ എന്നു പരിശോധിക്കണം. ധൈര്യം അവലംബിക്കുവിന്‍. ആ ദേശത്തുനിന്നു കുറച്ചു ഫലങ്ങളും കൊണ്ടുവരണം. മുന്തിരി പഴുത്തുതുടങ്ങുന്ന കാലമായിരുന്നു അത്.
- Verse 21: അവര്‍ പോയി സിന്‍മരുഭൂമി മുതല്‍ ഹമാത്തിന്റെ കവാടത്തിനടുത്തു റഹോബുവരെയുള്ള പ്രദേശം രഹസ്യമായി നിരീക്ഷിച്ചു.
- Verse 22: അവര്‍ നെഗെബു കടന്നു ഹെബ്രോണിലെത്തി. അവിടെ അനാക്കിന്റെ പിന്തുടര്ച്ചക്കാരായ അഹിമാന്‍, ഷേഷായി, തല്‍മായി എന്നിവര്‍ വസിച്ചിരുന്നു. ഹെബ്രോണ്‍ ഈജിപ്തിലെ സോവാനിനെക്കാള്‍ ഏഴുവര്‍ഷം മുന്‍പു പണിതതാണ്.
- Verse 23: അവര്‍ എഷ്ക്കോള്‍ താഴ്വരയില്‍നിന്ന് ഒരു മുന്തിരിക്കൊമ്പു കുലയോടുകൂടെ മുറിച്ചെടുത്തു രണ്ടുപേര്‍കൂടി തണ്ടിന്മേല് ചുമന്നുകൊണ്ടു പോന്നു. കുറെ മാതളപ്പഴവും അത്തിപ്പഴവും അവര്‍ കൊണ്ടുവന്നു.
- Verse 24: ഇസ്രായേല്‍ക്കാര്‍ മുന്തിരിക്കുല മുറിച്ചെടുത്തതു നിമിത്തം ആ സ്ഥലത്തിന് എഷ്ക്കോള്‍ താഴ്വര എന്നപേരു കിട്ടി.
- Verse 25: നാല്പതു ദിവസത്തെ രഹസ്യ നിരീക്ഷണത്തിനു ശേഷം അവര്‍ മടങ്ങി.
- Verse 26: അവര്‍ പാരാന്‍ മരുഭൂമിയിലുള്ള കാദെഷില്‍ വന്ന് മോശയെയും അഹറോനെയും ഇസ്രായേല്‍ ജനം മുഴുവനെയും വിവരം അറിയിച്ചു. ആ ദേശത്തെ പഴങ്ങള്‍ കാണിക്കുകയും ചെയ്തു.
- Verse 27: അവര്‍ അവനോടു പറഞ്ഞു: നീ പറഞ്ഞയച്ച ദേശത്തു ഞങ്ങള്‍ ചെന്നു. പാലും തേനും ഒഴുകുന്നതാണ് അത്. ഇതാ അവിടത്തെ പഴങ്ങള്‍.
- Verse 28: എന്നാല്‍, അവിടത്തെ ജനങ്ങള്‍ മല്ലന്മാരാണ്. പട്ടണങ്ങള്‍ വളരെ വിശാലവും കോട്ടകളാല്‍ ചുറ്റപ്പെട്ടതുമാണ്. മാത്രമല്ല, അനാക്കിന്റെ വര്‍ഗക്കാരെയും ഞങ്ങള്‍ അവിടെ കണ്ടു.
- Verse 29: അമലേക്യര്‍ നെഗബിലും; ഹിത്യരും, ജബൂസ്യരും, അമോര്യരും പര്‍വതങ്ങളിലും; കാനാന്യര്‍ കടലോരത്തും ജോര്‍ദാന്‍ തീരത്തും വസിക്കുന്നു.
- Verse 30: മോശയുടെ ചുറ്റും കൂടിയ ജനത്തെ നിശ്ശബ്ദരാക്കിയിട്ടു കാലെബ് പറഞ്ഞു: നമുക്ക് ഉടനെ പോയി ആ ദേശം കൈവശപ്പെടുത്താം. അതു കീഴടക്കാനുള്ള ശക്തി നമുക്കുണ്ട്.
- Verse 31: എന്നാല്‍, അവിടത്തെ ജനങ്ങളെ കീഴ്പ്പെടുത്താന്‍ നമുക്കു കഴിവില്ല; അവര്‍ നമ്മെക്കാള്‍ ശക്തന്മാരാണ് എന്ന് അവനോടുകൂടെ പോയിരുന്നവര്‍ അഭിപ്രായപ്പെട്ടു.
- Verse 32: അങ്ങനെ തങ്ങള്‍ കണ്ട സ്ഥലത്തെക്കുറിച്ചു ജനത്തിനു തെറ്റായ ധാരണ നല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു: ഞങ്ങള്‍ ഒറ്റുനോക്കിയ ദേശം അവിടെ വസിക്കാന്‍ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്നതാണ്; അവിടെ ഞങ്ങള്‍ കണ്ട മനുഷ്യരോ അതികായന്മാര്!
- Verse 33: നെഫിലിമില്‍നിന്നു വന്ന അനാക്കിന്റെ മല്ലന്മാരായ മക്കളെ അവിടെ ഞങ്ങള്‍ കണ്ടു. അവരുടെ മുമ്പില്‍ ഞങ്ങള്‍ വെറും വിട്ടിലുകളാണെന്നു ഞങ്ങള്‍ക്കു തോന്നി. അവര്‍ക്കു ഞങ്ങളെക്കുറിച്ച് അങ്ങനെ തന്നെ തോന്നിയിരിക്കണം.