P. O. C ബൈബിള്‍
പഴയ നിയമം
സംഖ്യ
അദ്ധ്യായം 16
-
മോശയ്ക്കും അഹറോനും എതിരേ
- Verse 1: ലേവിയുടെ മകനായ കൊഹാത്തിന്റെ മകന് ഇസ്ഹാറിന്റെ മകനായ കോറഹും, റൂബന്‍ ഗോത്രത്തിലെ ഏലിയാബിന്റെ പുത്രന്മാരായ ദാത്താന്‍, അബീറാം എന്നിവരും പെലെത്തിന്റെ മകന് ഓനും,
- Verse 2: ഇസ്രായേല്‍ സമൂഹത്തിലെ നേതാക്കളും തെരഞ്ഞെടുക്കപ്പെട്ടവരും പ്രസിദ്ധരുമായ ഇരുനൂറ്റമ്പതുപേരും മോശയെ എതിര്‍ത്തു.
- Verse 3: അവര്‍ മോശയ്ക്കും അഹറോനും എതിരേ ഒരുമിച്ചുകൂടി പറഞ്ഞു: നിങ്ങള്‍ അതിരുവിട്ടു പോകുന്നു. സമൂഹം, ഒന്നൊഴിയാതെ എല്ലാവരും, വിശുദ്ധരാണ്. കര്‍ത്താവ് അവരുടെ മധ്യേ ഉണ്ട്. പിന്നെന്തിനു നിങ്ങള്‍ കര്‍ത്താവിന്റെ ജനത്തിനുമീതേ നേതാക്കന്മാരായി ചമയുന്നു?
- Verse 4: ഇതു കേട്ടപ്പോള്‍ മോശ കമിഴ്ന്നു വീണു.
- Verse 5: അവന് കോറഹിനോടും അനുചരന്മാരോടും പറഞ്ഞു: തനിക്കുള്ളവനാരെന്നും വിശുദ്ധനാരെന്നും നാളെ പ്രഭാതത്തില്‍ കര്‍ത്താവു വെളിപ്പെടുത്തും. തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ അടുത്തു വരാന്‍ അവിടുന്ന് അനുവദിക്കും.
- Verse 6: നാളെ കോറഹും അനുചരന്മാരും
- Verse 7: കര്‍ത്താവിന്റെ മുമ്പില്‍ ധൂപകലശമെടുത്ത് അതിലെ തീയില്‍ കുന്തുരുക്കമിടട്ടെ. കര്‍ത്താവു തിരഞ്ഞെടുക്കുന്നവനായിരിക്കും വിശുദ്ധന്. ലേവിപുത്രന്മാരേ, നിങ്ങളുടെ പ്രവൃത്തി വളരെ കടന്നുപോയി.
- Verse 8: മോശ കോറഹിനോടു പറഞ്ഞു: ലേവ്യരേ, ശ്രദ്ധിക്കുവിന്‍.
- Verse 9: കര്‍ത്താവിന്റെ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യാനും സമൂഹത്തിനു മുമ്പില്‍നിന്നു സേവനം അനുഷ്ഠിക്കാനും ഇസ്രായേലിന്റെ ദൈവം സമൂഹത്തില്‍നിന്നു നിങ്ങളെ വേര്‍തിരിച്ചതു നിസ്സാര കാര്യമാണോ?
- Verse 10: അവിടുന്നു നിന്നെയും നിന്നോടൊപ്പം ലേവിപുത്രന്മാരായ നിന്റെ സഹോദരന്മാരെയും തന്റെ അടുക്കലേക്കു കൊണ്ടുവന്നില്ലേ? നിങ്ങള്‍ പൗരോഹിത്യംകൂടി കാംക്ഷിക്കുന്നോ?
- Verse 11: കര്‍ത്താവിനെതിരേയാണ് നീയും അനുചരന്മാരും സംഘംചേര്‍ന്നിരിക്കുന്നത്. അഹറോനെതിരേ പിറുപിറുക്കാന്‍ അവന് ആരാണ്?
- Verse 12: അനന്തരം ഏലിയാബിന്റെ മക്കളായ ദാത്താനെയും അബീറാമിനെയും വിളിക്കാന്‍ മോശ ആളയച്ചു. എന്നാല്‍, വരില്ലെന്ന് അവര്‍ പറഞ്ഞു.
- Verse 13: മരുഭൂമിയില്‍വച്ചു കൊല്ലേണ്ടതിനു തേനും പാലും ഒഴുകുന്ന നാട്ടില്‍നിന്നു ഞങ്ങളെ കൊണ്ടുവന്നതു നിനക്കു മതിയായില്ലേ? ഞങ്ങളുടെ അധിപതിയാകാന്‍ ശ്രമിക്കുകകൂടി ചെയ്യുന്നോ?
- Verse 14: മാത്രമല്ല, നീ ഞങ്ങളെ തേനും പാലും ഒഴുകുന്ന ദേശത്ത് എത്തിച്ചില്ല. നിലങ്ങളും മുന്തിരിത്തോട്ടങ്ങളും കൈവശപ്പെടുത്തിത്തന്നതുമില്ല. ഇവരെ അന്ധരാക്കാമെന്നാണോ ഭാവം? ഞങ്ങള്‍ വരുകയില്ല.
-
മത്സരികള്‍ക്കു ശിക്ഷ
- Verse 15: മോശ കുപിതനായി. അവന് കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. കര്‍ത്താവേ, അവരുടെ കാഴ്ചകള്‍ സ്വീകരിക്കരുതേ! ഞാന്‍ അവരുടെ ഒരു കഴുതയെപ്പോലും എടുത്തിട്ടില്ല; അവരിലാരെയും ദ്രോഹിച്ചിട്ടുമില്ല.
- Verse 16: മോശ കോറഹിനോടു പറഞ്ഞു: നീയും നിന്റെ അനുയായികളും നാളെ കര്‍ത്താവിന്റെ മുമ്പില്‍ ഹാജരാകണം. നിങ്ങളോടൊപ്പം അഹറോനും ഉണ്ടായിരിക്കും.
- Verse 17: ഓരോരുത്തനും സ്വന്തം ധൂപകലശത്തില്‍ കുന്തുരുക്കമിട്ടു കര്‍ത്താവിന്റെ സന്നിധിയില്‍ കൊണ്ടുവരണം; ആകെ ഇരുനൂറ്റമ്പതു ധൂപ കലശങ്ങള്‍. നീയും അഹറോനും സ്വന്തം ധൂപകലശവുമായി വരണം.
- Verse 18: ഓരോരുത്തനും തന്റെ ധൂപകലശമെടുത്ത് അതില്‍ തീയും കുന്തുരുക്കവുമിട്ടു മോശയോടും അഹറോനോടും ഒപ്പം സമാഗമകൂടാരത്തിന്റെ വാതില്ക്കല് നിന്നു.
- Verse 19: കോറഹ് സമൂഹത്തെ മുഴുവന്‍ സമാഗമകൂടാര വാതില്ക്കല് മോശയ്ക്കും അഹറോനും എതിരേ ഒരുമിച്ചുകൂട്ടി. അപ്പോള്‍ കര്‍ത്താവിന്റെ മഹത്വം സമൂഹത്തിനു മുഴുവന്‍ കാണപ്പെട്ടു.
- Verse 20: കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:
- Verse 21: ഞാനിവരെ ഇപ്പോള്‍ സംഹരിക്കും. ഇവരില്‍നിന്നു മാറിനിന്നുകൊള്ളുവിന്‍.
- Verse 22: അവര്‍ താണുവീണു പറഞ്ഞു: സകല ജനത്തിനും ജീവന് നല്കുന്ന ദൈവമേ, ഒരു മനുഷ്യന് പാപം ചെയ്തതിന് അങ്ങ് സമൂഹം മുഴുവനോടും കോപിക്കുമോ?
- Verse 23: കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
- Verse 24: കോറഹ്, ദാത്താന്‍, അബീറാം എന്നിവരുടെ വീടുകളുടെ പരിസരത്തുനിന്നു മാറിപ്പോകാന്‍ ജനത്തോടു പറയുക.
- Verse 25: അപ്പോള്‍ മോശ ദാത്താന്റെയും അബീറാമിന്റെയും അടുത്തേക്കു ചെന്നു. ഇസ്രായേലിലെ ശ്രേഷ്ഠന്മാര് അവനെ അനുഗമിച്ചു.
- Verse 26: മോശ സമൂഹത്തോടു പറഞ്ഞു: ഇവരുടെ പാപത്തില്‍ പെട്ടു നശിക്കാതിരിക്കേണ്ടതിന് ഈ ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറി നില്ക്കുവിന്; അവരുടെ വസ്തുക്കളെപ്പോലും സ്പര്‍ശിക്കരുത്.
- Verse 27: കോറഹ്, ദാത്താന്‍, അബീറാം എന്നിവരുടെ കൂടാരങ്ങളുടെ പരിസരങ്ങളില്‍നിന്നു ജനം ഒഴിഞ്ഞു മാറി. ദാത്താനും അബീറാമും ഭാര്യമാരോടും മക്കളോടും കുഞ്ഞുങ്ങളോടും കൂടെ പുറത്തു വന്നു തങ്ങളുടെ കൂടാരങ്ങളുടെ വാതില്ക്കല് നിന്നു.
- Verse 28: മോശ പറഞ്ഞു: ഈ പ്രവൃത്തികള്‍ ചെയ്യാന്‍ കര്‍ത്താവാണ് എന്നെ നിയോഗിച്ചതെന്നും അവയൊന്നും ഞാന്‍ സ്വമേധയാ ചെയ്തതല്ലെന്നും ഇതില്‍നിന്നു നിങ്ങള്‍ അറിയും.
- Verse 29: എല്ലാ മനുഷ്യരും മരിക്കുന്നതുപോലെയാണ് ഇവര്‍ മരിക്കുന്നതെങ്കില്‍, എല്ലാ മനുഷ്യരുടെയും വിധിതന്നെയാണ് ഇവര്‍ക്കും സംഭവിക്കുന്നതെങ്കില്‍, കര്‍ത്താവ് എന്നെ അയച്ചിട്ടില്ല.
- Verse 30: എന്നാല്‍, കര്‍ത്താവിന്റെ അദ്ഭുതശക്തിയാല്‍ ഭൂമി വാപിളര്‍ന്ന് അവരെയും അവര്‍ക്കുള്ളവയെയും വിഴുങ്ങുകയും ജീവനോടെ പാതാളത്തിലേക്കു കൊണ്ടുപോവുകയും ചെയ്യുന്നെങ്കില്‍, അവര്‍ കര്‍ത്താവിനെ നിന്ദിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ അറിയും.
- Verse 31: മോശ ഇതു പറഞ്ഞുകഴിഞ്ഞപ്പോഴേക്കും അവര്‍ക്കുതാഴെ നിലം പിളര്‍ന്നു.
- Verse 32: ഭൂമി വാപിളര്‍ന്നു കോറഹിനെയും അനുചരന്മാരെയും അവരുടെ കുടുംബാംഗങ്ങളോടും വസ്തുവകകളോടുംകൂടെ വിഴുങ്ങിക്കളഞ്ഞു.
- Verse 33: അവരും അവരോടു ബന്ധപ്പെട്ടവരും ജീവനോടെ പാതാളത്തില്‍ പതിച്ചു. ഭൂമി അവരെ മൂടി. അങ്ങനെ ജനമധ്യത്തില്‍നിന്ന് അവര്‍ അപ്രത്യക്ഷരായി.
- Verse 34: അവരുടെ നിലവിളി കേട്ടു ചുറ്റും നിന്ന ഇസ്രായേല്യര്‍ ഭൂമി നമ്മെക്കൂടി വിഴുങ്ങിക്കളയാതിരിക്കട്ടെയെന്നു പറഞ്ഞ് ഓടിയകന്നു.
- Verse 35: കര്‍ത്താവില്‍നിന്ന് അഗ്നിയിറങ്ങി ധൂപാര്‍ച്ചന നടത്തിക്കൊണ്ടിരുന്ന ഇരുനൂറ്റിയമ്പതുപേരെയും ദഹിപ്പിച്ചുകളഞ്ഞു.
-
ധൂപകലശങ്ങള്‍
- Verse 36: കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
- Verse 37: പുരോഹിതനായ അഹറോന്റെ പുത്രന് എലെയാസറിനോടു പറയുക: അഗ്നിയില്‍നിന്നു ധൂപകലശങ്ങള്‍ എടുത്ത് അവയിലെ തീ ദൂരെക്കളയുക. എന്തെന്നാല്‍, ആ കലശങ്ങള്‍ വിശുദ്ധമാണ്.
- Verse 38: ഇവര്‍ പാപംചെയ്തു സ്വന്തം ജീവന് നഷ്ടപ്പെടുത്തിയെങ്കിലും അവരുടെ ധൂപകലശങ്ങള്‍ കര്‍ത്താവിന്റെ മുമ്പില്‍ അര്‍പ്പിക്കപ്പെടുകയാല്‍ വിശുദ്ധമാണ്. അവ അടിച്ചു പരത്തി ബലിപീഠത്തിന് ഒരു ആവരണം ഉണ്ടാക്കുക. അത് ഇസ്രായേല്‍ ജനത്തിന് ഒരടയാളമായിരിക്കും.
- Verse 39: അഗ്നിയില്‍ ദഹിച്ചുപോയവര്‍ അര്‍പ്പിച്ച ധൂപകലശങ്ങള്‍ എടുത്തു പുരോഹിതനായ എലെയാസര്‍ അതുകൊണ്ടു ബലിപീഠത്തിന് ആവരണമുണ്ടാക്കി.
- Verse 40: മോശവഴി കര്‍ത്താവു കല്പിച്ചതനുസരിച്ച്, അഹറോന്റെ പിന്‍ഗാമിയും പുരോഹിതനുമല്ലാത്തവന്‍ കോറഹിനെയും അനുയായികളെയുംപോലെ, കര്‍ത്താവിന്റെ സന്നിധിയില്‍ ധൂപാര്‍ച്ചന ചെയ്യാതിരിക്കാന്‍വേണ്ടിയാണിത്.
- Verse 41: എന്നാല്‍, പിറ്റേന്ന് ഇസ്രായേല്‍സമൂഹം മോശയ്ക്കും അഹറോനും എതിരായി പിറുപിറുത്തുകൊണ്ടു പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിന്റെ ജനത്തെ കൊന്നു.
- Verse 42: സമൂഹം മോശയ്ക്കും അഹറോനുമെതിരായി അണിനിരന്ന് സമാഗമകൂടാരത്തിന്റെ നേരേ തിരിഞ്ഞു. മേഘം അതിനെ ആവരണം ചെയ്തിരുന്നു; കര്‍ത്താവിന്റെ മഹത്വം അവിടെപ്രത്യക്ഷപ്പെട്ടു.
- Verse 43: മോശയും അഹറോനും സമാഗമകൂടാരത്തിന്റെ മുമ്പില്‍ വന്നു.
- Verse 44: കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
- Verse 45: ഈ സമൂഹമധ്യത്തില്നിന്ന് ഓടിയകലുക; നിമിഷത്തിനുള്ളില്‍ ഞാനവരെ നശിപ്പിക്കും; എന്നാല്‍ മോശയും അഹറോനും കമിഴ്ന്നുവീണു.
- Verse 46: മോശ അഹറോനോടു പറഞ്ഞു: ബലിപീഠത്തില്‍നിന്ന് അഗ്നിയെടുത്തു ധൂപകലശത്തിലിടുക. പരിമളദ്രവ്യം ചേര്‍ത്ത് ഉടനെ സമൂഹത്തിന്റെ മധ്യത്തിലേക്കുകൊണ്ടുപോയി, അവര്‍ക്കുവേണ്ടി പാപപരിഹാരമനുഷ്ഠിക്കുക. കാരണം, കര്‍ത്താവിന്റെ കോപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു; മഹാമാരി ആരംഭിച്ചുകഴിഞ്ഞു.
- Verse 47: മോശ പറഞ്ഞതുപോലെ അഹറോന് ധൂപകലശമെടുത്തു ജനത്തിന്റെ നടുവിലേക്ക് ഓടി. ജനത്തെ മഹാമാരി ബാധിച്ചുകഴിഞ്ഞിരുന്നു. അവന് ധൂപാര്‍ച്ചന നടത്തി, ജനത്തിനുവേണ്ടി പാപപരിഹാരം ചെയ്തു.
- Verse 48: അവന് മരിച്ചുവീണവരുടെയും ജീവനോടിരിക്കുന്നവരുടെയും നടുവില്‍ നിന്നു; മഹാമാരി നിലച്ചു.
- Verse 49: കോറഹിന്റെ ധിക്കാരംകൊണ്ടു മരിച്ചവര്‍ക്കു പുറമേ പതിനാലായിരത്തിയെഴുനൂറുപേര്‍ മഹാമാരിയില്‍ മരണമടഞ്ഞു.
- Verse 50: മഹാമാരി അവസാനിച്ചപ്പോള്‍ അഹറോന് സമാഗമകൂടാരവാതില്‍ക്കല്‍ മോശയുടെ സമീപം തിരിച്ചെത്തി.