P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 21
ജോബിന്റെ മറുപടി2 : എന്റെ വാക്കു ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങളെനിക്കു തരുന്ന ഏറ്റവും വലിയ സമാശ്വാസം അതായിരിക്കട്ടെ.
3 : അല്പം സംസാരിക്കാന്‍ എന്നെ അനുവദിക്കൂ; ഞാന്‍ പറഞ്ഞുകഴിഞ്ഞിട്ട് നിങ്ങള്‍ക്കു പരിഹാസം തുടരാം.
4 : എന്റെ ആവലാതി മനുഷ്യനെതിരായിട്ടാണോ? എങ്ങനെ ഞാന്‍ അക്ഷമനാകാതിരിക്കും?
5 : എന്നെ നോക്കി നിങ്ങള്‍ സംഭീതരാകുവിന്‍; കൈകൊണ്ടു വായ്പൊത്തുവിന്‍.
6 : അതെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്റെ ശരീരം വിറകൊള്ളുന്നു.
7 : ദുഷ്ടന്മാര് ജീവിച്ചിരിക്കുന്നത് എന്തുകൊണ്ട്? അവര്‍ വാര്‍ധക്യം പ്രാപിക്കുകയും, ശക്തരാവുകയും ചെയ്യുന്നതെന്തുകൊണ്ട്?
8 : സന്തതിപരമ്പരകള്‍ അഭിവൃദ്ധിപ്പെടുന്നതു കാണാന്‍ അവര്‍ ജീവിച്ചിരിക്കുന്നു.
9 : അവരുടെ ഭവനങ്ങള്‍ ഭയമറിയാതെ സുരക്ഷിതമായിരിക്കുന്നു. ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേല്‍ പതിച്ചിട്ടില്ല.
10 : അവരുടെ കാളകള്‍ പാഴാകാതെ ഇണചേരുകയും അവരുടെ പശുക്കള്‍ അലസിപ്പോകാതെ പ്രസവിക്കുകയും ചെയ്യുന്നു.
11 : അവര്‍ തങ്ങളുടെ മക്കളെ ആട്ടിന്‍പറ്റത്തെ എന്നപോലെ പുറത്തേക്കയയ്ക്കുന്നു. അവര്‍ സോല്ലാസം നൃത്തം ചെയ്യുന്നു.
12 : അവര്‍ വീണയും തംബുരുവും മീട്ടി പാടുകയും കുഴല്‍നാദത്തില്‍ ആഹ്ലാദിക്കുകയും ചെയ്യുന്നു.
13 : അവര്‍ ഐശ്വര്യത്തോടെ ദിനങ്ങള്‍ കഴിക്കുന്നു. സമാധാനത്തോടെ അവര്‍ പാതാളത്തിലേക്ക് ഇറങ്ങുന്നു.
14 : അവര്‍ ദൈവത്തോടു പറയുന്നു: ഞങ്ങളെവിട്ടു പോവുക; അങ്ങയുടെ മാര്‍ഗങ്ങള്‍ അറിയാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല.
15 : ഞങ്ങള്‍ സര്‍വശക്തനെ സേവിക്കാന്‍ അവന് ആരാണ്? അവനോടു പ്രാര്‍ഥിക്കുന്നതുകൊണ്ട് എന്തുപ്രയോജനം?
16 : അവരുടെ ഐശ്വര്യം അവര്‍ക്ക് അധീനമല്ലേ? ദുഷ്ടന്റെ ആലോചന എനിക്കു സ്വീകാര്യമല്ല.
17 : ദുഷ്ടരുടെ ദീപങ്ങള്‍ അണച്ചുകളയുന്നത് എത്ര സാധാരണം! അവര്‍ക്കു വിനാശം വരുന്നതും ദൈവം തന്റെ കോപത്തില്‍ അവരുടെ മേല്‍ വേദനകള്‍ അയയ്ക്കുന്നതും
18 : അവരെ കാറ്റില്‍ വൈക്കോല്‍പോലെയും കൊടുങ്കാറ്റില്‍ പതിരുപോലെയും പറത്തുന്നതും എത്ര സാധാരണം!
19 : ദൈവം അവരുടെ അകൃത്യങ്ങള്‍ അവരുടെ സന്താനങ്ങള്‍ക്കുവേണ്ടി കരുതിവയ്ക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. അവര്‍ അറിയുന്നതിന് അവിടുന്ന് അവര്‍ക്കുതന്നെ പ്രതിഫലം നല്കിയിരുന്നെങ്കില്!
20 : അവരുടെ നാശം അവരുടെ കണ്ണുകള്‍തന്നെ ദര്‍ശിക്കട്ടെ, സര്‍വശക്തന്റെ ക്രോധത്തില്‍ നിന്ന് അവര്‍ പാനം ചെയ്യട്ടെ.
21 : ആയുസ്സ് ഒടുങ്ങിക്കഴിഞ്ഞിട്ട് തങ്ങള്‍ക്കുശേഷം ഭവനത്തിന് എന്തു സംഭവിക്കുമെന്ന് അവര്‍ ആകുലരാകുമോ?
22 : ഉന്നതത്തില് ഉള്ളവരെപ്പോലും വിധിക്കുന്ന ദൈവത്തിനു ബുദ്ധി ഉപദേശിക്കാന്‍ ആര്‍ക്കുകഴിയും?
23 : ഐശ്വര്യപൂര്‍ണനായ, ക്ലേശരഹിതനായ, സുരക്ഷിതനായ ഒരുവന് മരിക്കുന്നു.
24 : അവന്റെ ശരീരം മേദസ്സുറ്റതും മജ്ജ അയവുള്ളതുമാണ്.
25 : ഒരിക്കലും സുഖം ആസ്വദിക്കാതെമറ്റൊരുവന്‍ അസ്വസ്ഥനായി മരിക്കുന്നു.
26 : ഇരുവരും ഒന്നുപോലെ പൊടിയില്‍ കിടക്കുന്നു; പുഴു അവരെ പൊതിയുന്നു.
27 : നിങ്ങളുടെ ആലോചനകളും എന്നെ ദ്രോഹിക്കാനുള്ള പദ്ധതികളും ഞാനറിയുന്നു.
28 : നിങ്ങള്‍ പറയുന്നു, പ്രഭുവിന്റെ കൊട്ടാരം എവിടെ? ദുഷ്ടന് അധിവസിച്ചിരുന്ന കൂടാരം എവിടെ?
29 : നിങ്ങള്‍ വഴിപോക്കനോടു ചോദിച്ചറിഞ്ഞിട്ടില്ലേ?
30 : ദുഷ്ടന് വിനാശത്തിന്റെ ദിനങ്ങളില്‍ അതില്‍നിന്ന് ഒഴിവാക്കപ്പെടുന്നു, ക്രോധത്തിന്റെ നാളുകളില്‍ അവന് രക്ഷിക്കപ്പെടുന്നു എന്ന അവരുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിച്ചിട്ടില്ലേ?
31 : അവന്റെ മാര്‍ഗങ്ങളെ ആര്‍കുറ്റപ്പെടുത്തും? അവന്റെ മുഖത്തുനോക്കി അവന്റെ പ്രവൃത്തികള്‍ക്ക് ആര് അവനോടു പകരം ചോദിക്കും?
32 : അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുമ്പോള്‍ അവന്റെ ശവകുടീരത്തിനു മുകളില്‍ കാവലേര്‍പ്പെടുത്തുന്നു.
33 : താഴ്വരയിലെ മണ്‍കട്ട അവനു പ്രിയങ്കരമായിരിക്കും. എല്ലാവരും അവനെ അനുയാത്ര ചെയ്യുന്നു. അവന്റെ മുന്‍പേ പോയവരും അസംഖ്യമാണ്.
34 : അര്‍ഥശൂന്യമായ വാക്കുകൊണ്ട് നിങ്ങളെന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ? നിങ്ങളുടെ മറുപടി കപടമാണ്.