P. O. C ബൈബിള്‍
പഴയ നിയമം
1 രാജാക്കന്മാര്
അദ്ധ്യായം 4
ഭരണസംവിധാനം1 : സോളമന് ഇസ്രായേല്‍ മുഴുവന്റെയും രാജാവായിരുന്നു.
2 : അവന്റെ പ്രധാന സേവകന്മാര്: സാദോക്കിന്റെ പുത്രന് അസറിയാ പുരോഹിതനും
3 : ഷീഷായുടെ പുത്രന്മാരായ എലീഹൊറേഫും അഹിയായും കാര്യവിചാരകന്മാരും ആയിരുന്നു. അഹിലൂദിന്റെ പുത്രന്‍യഹോഷഫാത്ത് നടപടിയെഴുത്തുകാരനും
4 : യഹോയാദായുടെ പുത്രന് ബനായാ സൈന്യാധിപനും സാദോക്കും അബിയാഥറും പുരോഹിതന്മാരുമായിരുന്നു.
5 : നാഥാന്റെ പുത്രന്മാരായ അസറിയാ മേല്‍വിചാരകനും, സാബുദ് പുരോഹിതനും രാജാവിന്റെ തോഴനുമായിരുന്നു.
6 : അഹിഷാര്‍ ആയിരുന്നു കൊട്ടാരവിചാരിപ്പുകാരന്‍. അടിമകളുടെ മേല്‍നോട്ടം അബ്ദയുടെ പുത്രന് അദൊണിറാമിന് ആയിരുന്നു.
7 : രാജാവിനും കുടുംബത്തിനും ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സോളമന് ഇസ്രായേലില്‍ ആകെ പന്ത്രണ്ടുപേര്‍ ഉണ്ടായിരുന്നു. ഓരോരുത്തര് ഓരോ മാസത്തേക്കുവേണ്ട സാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു.
8 : അവര്‍: എഫ്രായിം മലനാട്ടില്‍ ബന്‍ഹൂര്‍;
9 : മാക്കസ്, ഷാല്‍ബിം, ബത്ഷെമെഷ്, ഏലോന്‍, ബേത്ഹാനാന്‍ എന്നീ പ്രദേശങ്ങളില്‍ ബന്‍ദെക്കര്‍;
10 : അരുബ്ബോത്തില്‍ ബന്‍ഹേസെദ് - സൊക്കോയും ഹേഫര് പ്രദേശവും ഇവന്റെ അധീനതയില്‍ ആയിരുന്നു;
11 : നഫാത്ത്ദോറില്‍ ബന് അബിനാദാബ് - സോളമന്റെ പുത്രി താഫാത്ത് ഇവന്റെ ഭാര്യയായിരുന്നു;
12 : താനാക്ക്, മെഗിദോ എന്നീ നഗരങ്ങളിലും സാരെഥാനു സമീപം ജസ്രേലിനു താഴെ ബത്ഷെയാന്‍ മുതല്‍ ആബേല്‍മെഹോലായും യൊക്മെയാമിന്റെ അപ്പുറവും വരെ ബത്ഷെയാന്‍ പ്രദേശം മുഴുവനിലും അഹിലൂദിന്റെ മകന് ബാനാ;
13 : ഗിലയാദിലെ റാമോത്തില്‍ ബന്‍ഗേബര്‍ - മനാസ്സെയുടെ മകന് ജായിരിന് ഗിലയാദിലുള്ള ഗ്രാമങ്ങളും, മതിലുകളും പിച്ചളയോടാമ്പലുകളോടുകൂടിയ വാതിലുകളുമുള്ള അറുപതു പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാഷാനിലെ അര്‍ഗോബു പ്രദേശവും ഇവന്റെ അധീനതയില്‍ ആയിരുന്നു;
14 : മഹനായീമില്‍ ഇദ്ദോയുടെ മകന് അഹിനാദാബ്;
15 : നഫ് താലിപ്രദേശത്ത് അഹിമാസ് സോളമന്റെ പുത്രി ബസ്മത് ഇവന്റെ ഭാര്യയായിരുന്നു;
16 : ആഷേറിലും ബയാലോത്തിലും ഹൂഷായിയുടെ മകന് ബാനാ;
17 : ഇസാക്കറില്‍ പരൂവായുടെ മകന് യാഹോഷാഫത്;
18 : ബഞ്ചമിന് പ്രദേശത്ത് ഏലായുടെ മകന് ഷിമെയി;
19 : അമോര്യരാജാവായ സീഹോനും ബാഷാന്‍രാജാവായ ഓഗും ഭരിച്ചിരുന്ന ഗിലയാദ് പ്രദേശത്ത് ഊറിയുടെ മകന് ഗേബര്‍. കൂടാതെ യൂദായില്‍ ഒരു അധിപനും ഉണ്ടായിരുന്നു.
20 : യൂദായിലെയും ഇസ്രായേലിലെയും ജനം കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അസംഖ്യമായിരുന്നു. അവര്‍ തിന്നും കുടിച്ചും ഉല്ലാസഭരിതരായി കഴിഞ്ഞു.
21 : യൂഫ്രട്ടീസ് നദി മുതല്‍ ഫിലിസ്ത്യരുടെ നാടും ഈജിപ്തിന്റെ അതിര്‍ത്തിയും വരെയുള്ള പ്രദേശങ്ങള്‍ സോളമന്റെ ഭരണത്തിന് കീഴിലായിരുന്നു. അവന്റെ ജീവിതകാലം മുഴുവന്‍ ജനം കാഴ്ചകള്‍ സമര്‍പ്പിക്കയും അവനെ സേവിക്കയും ചെയ്തു.
22 : സോളമന്റെ അനുദിനച്ചെലവ് മുപ്പതു കോര്‍ നേര്‍ത്ത മാവും അറുപതു കോര്‍ സാധാരണമാവും,
23 : കലമാന്‍, പേടമാന്, മ്ളാവ്, കോഴി എന്നിവയ്ക്കു പുറമേ കൊഴുത്ത പത്തു കാളകള്‍, ഇരുപതു കാലികള്‍, നൂറു മുട്ടാടുകള്‍ ഇവയുമായിരുന്നു.
24 : യൂഫ്രട്ടീസിനു പടിഞ്ഞാറ് തിഫ്സാ മുതല്‍ ഗാസാവരെയുള്ള പ്രദേശങ്ങള്‍ സോളമന്റെ അധീനതയിലായിരുന്നു. യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള എല്ലാ രാജാക്കന്മാരും അവനു കീഴ്പ്പെട്ടിരുന്നു. അയല്‍നാടുകളുമായി അവന് സമാധാനത്തില്‍ കഴിഞ്ഞു.
25 : സോളമന്റെ കാലം മുഴുവന്‍ ദാന്‍മുതല്‍ ബേര്‍ഷെബാവരെ യൂദായിലെയും ഇസ്രായേലിലെയും ജനം മുന്തിരിയും അത്തിയും കൃഷി ചെയ്തു സുരക്ഷിതരായി ജീവിച്ചു.
26 : സോളമനു പന്തീരായിരം കുതിരപ്പടയാളികളും, തേര്‍ക്കുതിരകള്‍ക്കായി നാല്പതിനായിരം പന്തികളുമുണ്ടായിരുന്നു.
27 : മുന്‍പു പറഞ്ഞ സേവകന്മാര് ഓരോരുത്തരും നിശ്ചിത മാസത്തില്‍ സോളമന് രാജാവിനും അവനോടൊപ്പം ഭക്ഷിച്ചിരുന്നവര്‍ക്കും ആവശ്യമായ സാധനങ്ങള്‍ എത്തിച്ചിരുന്നു; ഒരു കുറവും വരുത്തിയില്ല.
28 : അവര്‍ കുതിരകള്‍ക്കും വേഗമേറിയ പടക്കുതിരകള്‍ക്കും വേണ്ട ബാര്‍ലിയും വയ്ക്കോലും മുറപ്രകാരം യഥാസ്ഥാനം എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.
29 : ദൈവം സോളമന് അളവറ്റ ജ്ഞാനവും ഉള്‍ക്കാഴ്ചയും കടല്‍ത്തീരം പോലെ വിശാലമായ ഹൃദയവും പ്രദാനം ചെയ്തു.
30 : പൗരസ്ത്യദേശത്തെയും ഈജിപ്തിലെയും ജ്ഞാനികളെ അതിശയിക്കുന്നതായിരുന്നു സോളമന്റെ ജ്ഞാനം.
31 : എസ്രാഹ്യനായ ഏഥാന്‍, മാഹോലിന്റെ പുത്രന്മാരാ യഹേമാന്‍, കല്ക്കോല്, ദാര്‍ദാ തുടങ്ങി എല്ലാവരെയുംകാള്‍ ജ്ഞാനിയായിരുന്നു അവന്. അവന്റെ പ്രശസ്തി ചുറ്റുമുള്ള എല്ലാ രാജ്യങ്ങളിലും വ്യാപിച്ചു.
32 : അവന് മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു.
33 : ലബനോനിലെ ദേവദാരു മുതല്‍ ചുമരില്‍ മുളയ്ക്കുന്ന പായല്‍വരെ എല്ലാ സസ്യങ്ങളെയും കുറിച്ച് അവന് പ്രതിപാദിച്ചു. മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മത്സ്യങ്ങളെയും കുറിച്ച് അവന് സംസാരിച്ചിരുന്നു.
34 : സോളമന്റെ ജ്ഞാനത്തെപ്പറ്റി കേട്ടിട്ടുള്ള രാജാക്കന്മാരിലും ജനതകളിലും നിന്ന് ധാരാളം പേര് അവന്റെ ഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു.