P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 41
1 : നിനക്കു മുതലയെ ചൂണ്ടയിട്ടുപിടിക്കാമോ? അവന്റെ നാക്ക് ചരടുകൊണ്ടു ബന്ധിക്കാമോ?
2 : അവന്റെ മൂക്കില്‍ കയറിടാമോ? അവന്റെ താടിയില്‍ ചൂണ്ട കോര്‍ക്കാന്‍ പറ്റുമോ?
3 : അവന് നിന്നോട് ഏറെയാചിക്കുമോ? അവന് നിന്നോടു മൃദുലമായി സംസാരിക്കുമോ?
4 : എന്നും നിനക്കു ദാസനായി ഇരുന്നുകൊള്ളാമെന്ന് അവന് നിന്നോട് ഉടമ്പടി ചെയ്യുമോ?
5 : ഒരു പക്ഷിയോടെന്നപോലെ നീ അവനോടു കളിക്കുമോ? നിന്റെ ബാലികമാര്‍ക്കുവേണ്ടി അവനു തോല്‍വാറിടുമോ?
6 : വ്യാപാരികള്‍ അവനു വേണ്ടി വിലപേശുമോ? അവര്‍ അവനെ കച്ചവടക്കാര്‍ക്കുപകുത്തു വില്ക്കുമോ?
7 : നിനക്ക് അവന്റെ തൊലി ചാട്ടുളികൊണ്ടും അവന്റെ തലമുപ്പല്ലികൊണ്ടും നിറയ്ക്കാമോ?
8 : അവനെ ഒരിക്കല്‍ തൊട്ടാല്‍ വീണ്ടും തൊടണമെന്ന് നീ ആഗ്രഹിക്കുകയില്ല. ആ യുദ്ധം നിനക്കു മറക്കാനാവില്ല.
9 : അവനെ കാണുന്നവന്റെ ധൈര്യം അറ്റുപോകുന്നു; കാണുന്നമാത്രയില്‍ അവന് നിലംപതിക്കുന്നു.
10 : അവനെ ഉണര്‍ത്താന്‍ തക്ക ശൂരനില്ല. പിന്നെ എന്നോട് എതിര്ത്തുനില്ക്കാന് ആരുണ്ടാകും!
11 : ഞാന്‍ മടക്കിക്കൊടുക്കേണ്ടതിന് ആരെങ്കിലും എനിക്കു മുന്‍കൂട്ടി തന്നിട്ടുണ്ടോ? ആകാശത്തിന്‍കീഴുള്ളതൊക്കെയും എന്റേതാണ്.
12 : അവന്റെ അവയവങ്ങളെയും അവന്റെ മഹാശക്തിയെയും ഭംഗിയുള്ള രൂപത്തെയും സംബന്ധിച്ച് ഞാന്‍ മൗനമവലംബിക്കുകയില്ല.
13 : അവന്റെ പുറംചട്ട ഉരിയാന്‍ ആര്‍ക്കു സാധിക്കും? അവന്റെ ഇരട്ടക്കവചം തുളയ്ക്കാന് ആര്‍ക്കു കഴിയും?
14 : അവന്റെ മുഖകവാടം ആര് തുറക്കും?അവന്റെ പല്ലിനുചുറ്റും ഭീകരതയാണ്.
15 : അവന്റെ പുറം പരിചനിരകൊണ്ടു പൊതിഞ്ഞിരിക്കുന്നു. അതു മുറുക്കി അടച്ചു മുദ്രവച്ചിരിക്കുന്നു.
16 : വായു കടക്കാത്ത വിധം അവ ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു.
17 : വേര്‍പെടുത്താന്‍ പാടില്ലാത്ത വിധം അവ ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു; അവ യോജിച്ചിരിക്കുന്നു.
18 : അവന് തുമ്മുമ്പോള്‍ പ്രകാശം ചിതറുന്നു; അവന്റെ കണ്ണുകള്‍ പ്രഭാതത്തിന്റെ കണ്പോളകള് പോലെയാണ്.
19 : അവന്റെ വായില്‍ നിന്ന്, ജ്വലിക്കുന്ന തീപ്പന്തങ്ങള്‍ പുറപ്പെടുകയും തീപ്പൊരി ചിതറുകയും ചെയ്യുന്നു.
20 : തിളയ്ക്കുന്ന വെള്ളത്തില്‍ നിന്നും കത്തുന്ന രാമച്ചത്തില്‍ നിന്നും എന്നപോലെ അവന്റെ മൂക്കില്‍ നിന്ന് പുക ഉയരുന്നു.
21 : അവന്റെ ശ്വാസം കരിക്കു തീ കൊളുത്തുന്നു; അവന്റെ വായില്‍നിന്നു തീജ്വാല പുറപ്പെടുന്നു.
22 : അവന്റെ കഴുത്തില്‍ ബലം കുടികൊള്ളുന്നു. ഭീകരത അവന്റെ മുന്പില് നൃത്തം ചെയ്യുന്നു.
23 : അവന്റെ മാംസപാളികള്‍ തമ്മില്‍പറ്റിച്ചേര്‍ന്നിരിക്കുന്നു; ഇളകിപ്പോകാത്ത വിധം അത് അവന്റെ മേല്‍ ഉറച്ചിരിക്കുന്നു.
24 : അവന്റെ ഹൃദയം കല്ലുപോലെ കടുപ്പമേറിയതാണ്. തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതാണ്.
25 : അവന് പൊങ്ങുമ്പോള്‍ ശക്തന്മാര് പേടിക്കുന്നു; അവന് സ്വരം പുറപ്പെടുവിക്കുമ്പോള്‍ അവര്‍ ഭയപരവശരാകുന്നു.
26 : വാള്, കുന്തം, ചാട്ടുളി, വേല് എന്നിവകൊണ്ട് അവനെ എതിര്‍ക്കുക സാധ്യമല്ല.
27 : ഇരുമ്പിനെ വൈക്കോല്‍ പോലെയും പിച്ചളയെ ചെതുക്കിച്ച തടി പോലെയും അവന് കണക്കാക്കുന്നു.
28 : അസ്ത്രം കണ്ട് അവന് ഓടുകയില്ല. കവിണക്കല്ല് അവന് വൈക്കോല്‍പോലെയാണ്.
29 : ഗദയും അവനു വൈക്കോല്‍പോലെ തന്നെ; വേലിന്റെ കിലുക്കത്തെ അവന് പരിഹസിക്കുന്നു.
30 : അവന്റെ അധോഭാഗം മൂര്‍ച്ചയുള്ള ഓട്ടുകഷണം പോലെയാണ്. അവന് ചെളിയില്‍ മെതിത്തടിപോലെ കിടക്കുന്നു.
31 : അവന് സമുദ്രത്തെ ഒരു കലത്തിലെന്നപോലെ തിളപ്പിക്കുന്നു. കടലിനെ ഒരു കുടം തൈലം പോലെ ആക്കിത്തീര്‍ക്കുന്നു.
32 : അവന് പിന്നില്‍ തിളങ്ങുന്ന ഒരു ചാല് അവശേഷിപ്പിക്കുന്നു; ആഴിക്കു നരബാധിച്ചതുപോലെ ഒരുവനു തോന്നും.
33 : ഭൂമുഖത്തെങ്ങും അവനെപ്പോലെ നിര്‍ഭയനായ ജീവിയില്ല.
34 : ഉന്നതമായവയെല്ലാം അവന് ദര്‍ശിക്കുന്നു; ഉദ്ധതജന്തുക്കള്‍ക്ക് അവന് രാജാവായിരിക്കുന്നു.